തിരയുക

മലേറിയയ്‌ക്കെതിരെ പ്രതിരോധമൊരുക്കി - മലാവിയിൽനിന്നുള്ള ചിത്രം മലേറിയയ്‌ക്കെതിരെ പ്രതിരോധമൊരുക്കി - മലാവിയിൽനിന്നുള്ള ചിത്രം  (AFP or licensors)

മലേറിയ മൂലം ഓരോ മിനിറ്റിലും ഒരു കുട്ടിവീതം മരിക്കുന്നു: യൂണിസെഫ്

ഏപ്രിൽ 25-ആം തീയതി മലേറിയയ്‌ക്കെതിരായ ലോകദിനം ആചരിക്കുന്ന അവസരത്തിൽ മാനവികതയിൽ ഈ രോഗമേൽപ്പിക്കുന്ന കടുത്ത ദുരിതത്തെക്കുറിച്ച് പ്രതിപാദിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. ഓരോ അഞ്ചുമിനിറ്റിലും ഒരു കുട്ടിയെന്ന നിലയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ ഈ രോഗം മൂലം മരണമടയുന്നുവെന്ന് യൂണിസെഫ്. ആയിരത്തിലധികം കുട്ടികളാണ് ദിനം തോറും മലേറിയ മൂലം മരണമടയുന്നത്. ഈ വിപത്തിനെതിരെ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഒരുക്കേണ്ടതുണ്ടെന്നും ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് ദിവസം തോറും ആയിരത്തോളം കുട്ടികൾ മലേറിയ പിടിപെട്ട് മരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മലേറിയയ്‌ക്കെതിരായ ലോകദിനമായ ഏപ്രിൽ 25 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ്, ഓരോ മിനിട്ടിലും അഞ്ചു വയസ്സിനു താഴെയുള്ള ഒരു കുട്ടി വീതം ഈ രോഗം മൂലം മരണമടയുന്നുവെന്നെ വാർത്ത യൂണിസെഫ് പുറത്തുവിട്ടത്.

അനുദിനം ആയിരത്തോളം കുട്ടികൾ മലേറിയ മൂലം മരണമടയുന്ന സ്ഥിതി, ശരിയായ ചികിത്സയും, പ്രതിരോധ, നിവാരണ മാർഗ്ഗങ്ങളുമുപയോഗിച്ച് കുറച്ചുകൊണ്ടുവരുവാൻ സാധിക്കുന്നതാണെന്ന് യൂണിസെഫ് ഇറ്റലിയുടെ വക്താവ് അന്ത്രെയാ യാക്കൊമീനി പ്രസ്താവിച്ചു.

2022-ൽ മാത്രം ലോകത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം (24.9) ആളുകൾക്ക് മലേറിയ പിടിപെട്ടുവെന്നും, അവരിൽ ആറുലക്ഷത്തിലധികം ആളുകൾ (608,000) മരണമടഞ്ഞവെന്നും യൂണിസെഫ് വിശദീകരിച്ചു. ഇതിൽ എഴുപത്തിയാറ് ശതമാനവും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു.

പൊതുആരോഗ്യരംഗത്ത് മലേറിയ കൂടുതൽ അടിയന്തിരപ്രാധാന്യമർഹിക്കുന്ന ഒരു രോഗമാണെന്നും, എന്നാൽ അതിന്റെ ചികിത്സാചിലവുകൾ, സഹനത്തിലേക്കും ദാരിദ്ര്യത്തിലേക്കും നിരവധി കുടുംബങ്ങളെ തള്ളിയിടുന്നുണ്ടെന്നും യൂണിസെഫ് ഇറ്റലി അറിയിച്ചു. ലോകജനതയുടെ പകുതിയും ഈ രോഗത്തിന്റെ ഭീഷണിയിലാണുള്ളതെന്നും, അവരിൽത്തന്നെ ഭൂരിപക്ഷവും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ളവരാണെന്നും യൂണിസെഫ് വ്യക്തമാക്കി.

രണ്ടായിരാമാണ്ടു മുതൽ രണ്ടായിരത്തിപ്പത്തൊൻപത് വരെയുള്ള കാലയളവിൽ മലേറിയ മൂലമുള്ള മരണനിരക്ക് ഏതാണ്ട് പകുതിയായി കുറഞ്ഞെന്ന് ശിഷ്യക്ഷേമനിധിയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. എന്നാൽ 2020-ൽ ഈ നിരക്കിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.

2023 ഒക്ടോബറിൽ, മലേറിയയ്‌ക്കെതിരായ രണ്ടാം പ്രതിരോധ വാക്‌സിൻ നൽകുമെന്ന് യൂണിസെഫ് പ്രഖ്യാപിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2024, 16:12