ഇസ്രായേൽ -പലസ്തീൻ യുദ്ധം. ഇസ്രായേൽ -പലസ്തീൻ യുദ്ധം.   (AFP or licensors)

ഇസ്രായേൽ - പാലസ്തീൻ യുദ്ധം കെയ്റോയിലെ ചർച്ചകളിൽ പുരോഗമനമില്ല

സൈനിക നടപടികൾ അവസാനിപ്പിക്കാനും, പാലസ്തീൻ തടവുകാരെയും ഇസ്രായേൽ ബന്ദികളെയും മോചിപ്പിക്കാനുമായി ഈജിപ്തിൽ നടക്കുന്ന ചർച്ചകളിൽ ഹമാസിന്റെ നേതാക്കൾ എത്തിയെങ്കിലും ഇസ്രായേലിന്റെ ഉദ്യോഗസ്ഥർ സന്നിഹിതരായില്ല. പരസ്പരം അംഗീകരിക്കാനാവാത്ത നിലപാടുകളുമായി നെതന്യാഹുവും ഹമാസും നിലകൊണ്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

കെയ്റോയിൽ ഈജിപ്തിന്റെയും, അമേരിക്കയുടേയും, ഖത്തറിന്റെയും മദ്ധ്യസ്ഥരുമായി നടക്കുന്ന ചർച്ചയുടെ രണ്ടാം ദിവസം ഇസ്രായേൽ സർക്കാർ തങ്ങളുടെ പ്രതിനിധി സംഘത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കീഴങ്ങാൻ തങ്ങൾ തയ്യാറല്ല എന്ന് നെതന്യാഹുവും യുദ്ധം അവസാനിപ്പിക്കാതെ കരാറിനില്ല എന്ന് ഹമാസും നിലപാടെടുത്തു.

ഗാസയിൽ നിന്ന് തങ്ങളുടെ മുഴുവൻ സൈന്യത്തെയും പിൻവലിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചു.  ഹമാസിന്റെ സേന അവരുടെ മാളങ്ങളിൽ നിന്ന് പുറത്തു കടന്ന് ഗാസയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുകയും അവരുടെ സൈനീക സംവിധാനങ്ങൾ പുന:സ്ഥാപിച്ച് ഇസ്രയേൽ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാകാൻ അനുവദിക്കാനാവില്ല എന്ന് ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ ഒരു വീഡിയോ സന്ദേശത്തിൽ അടിവരയിട്ടു. ഇസ്രായേൽ അതിന്റെ ലക്ഷ്യങ്ങൾ നേടാതെ ഹമാസിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത്  കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അക്രമം തുടരുന്നതിനും സംഘർഷം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും, മദ്ധ്യസ്ഥരും മറ്റ് വിവിധ പാർട്ടികളും നടത്തിയ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രിയെ ഹമാസിന്റെ നേതാവ് ഇസ്മയിൽ ഹനിയേ കുറ്റപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തർ ആസ്ഥാനമായുള്ള ടെലവിഷൻ ചാനൽ അൽ ജസീറ യുടെ റിപ്പോർട്ടനുസരിച്ച് ഹമാസ് സംപൂർണ്ണ വെടിനിറുത്തലിനും ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാനും, ഗാസയിൽ നിന്നുള്ള ഇസ്രായേലിന്റെ പിൻമാറ്റവും തടവുകാരുടെ കൈമാറ്റം ഗൗരവമായി എടുക്കാനും സന്നദ്ധരാണെന്ന് ഇസ്മയിൽ ഹനിയേ പറയുന്നു. തങ്ങൾ അയഞ്ഞു കൊടുത്തു എന്നാൽ തങ്ങളുടെ പ്രാരംഭ ആവശ്യം യുദ്ധത്തിന്റെ അവസാനമാണ് എന്നും ഹനിയേ പറഞ്ഞതായി ഹാരേത്സ് റിപ്പോർട്ട് ചെയ്തു.

ഇതിനിടയിൽ റാഫായിൽ അക്രമം ഉടൻ ആരംഭിക്കുമെന്ന് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി യോവാവ് ഗലാൻറ് ആഴ്ചതോറും നടത്തുന്ന മന്ത്രിസഭാ യോഗത്തിൽ പ്രസ്താവിച്ചു. മാനുഷികതലത്തിലും മോശം വാർത്തകളാണുള്ളത്. ഗാസയിലേക്ക് സഹായമെത്തിക്കുന്ന ക്രോസിംഗ് പോയിന്റ് അടച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 14:58