മാതൃസൗഹൃദം തൊഴിലിടങ്ങളിൽ സൃഷ്ടിക്കപ്പെടണം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മാതാവായതിനുശേഷം തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നും, എന്നാൽ അമ്മമാർക്ക് സൗഹൃദപരമായ ഒരു തൊഴിൽസാഹചര്യം സൃഷ്ടിക്കണമെന്നും കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എടുത്തുപറയുന്നു.
പരിചരണഭാരവും, തൊഴിൽ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥ അനുദിനം വർധിച്ചുവരുന്നതായും സംഘടന ചൂണ്ടിക്കാണിക്കുന്നു. അതിനാൽ രക്ഷാകർതൃ പിന്തുണാ സംവിധാനങ്ങൾ തൊഴിലിടങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും സംഘടനാ ആഹ്വാനം ചെയ്യുന്നു.
2023ൽ ഇറ്റലിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6% കുറവ് ആണ് ജനനനിരക്കിൽ രേഖപ്പെടുത്തിയത്. ഇതിനു കാരണം മാതാവായതിനു ശേഷം തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, തൊഴിലുകൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്നതുമാണെന്ന് സംഘടന നടത്തിയ പഠനത്തിൽ എടുത്തു പറയുന്നു.
ഇപ്പോഴും ശക്തമായ ലിംഗ വ്യത്യാസം അനുഭവിക്കുന്ന തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും, കുട്ടിയുടെ ജനനം തൊഴിൽ മേഖലയിലെ ലിംഗ സമത്വത്തെ ബാധിക്കുന്നതിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: