ദുഷ്ടന്റെ സുസ്ഥിതിയും നീതിമാന്റെ ദുഃസ്ഥിതിയും ദൈവവിശ്വാസവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള എഴുപത്തിമൂന്നാം സങ്കീർത്തനം ഒരു ജ്ഞാനകീർത്തനമാണ്. ദുഷ്ടന്റെ സുസ്ഥിതിയും നീതിമാന്റെ ദുഃസ്ഥിതിയും ഒരു വിശ്വാസിയുടെ മനസ്സിലുയർത്തുന്ന സന്ദേഹങ്ങളാണ് സങ്കീർത്തകൻ ഇവിടെ വിചിന്തനം ചെയ്യുന്നത്. നാൽപ്പത്തിയൊൻപതാം സങ്കീർത്തനത്തിൽ വിചിന്തനം ചെയ്യപ്പെട്ട ഒരു ആശയമാണിത്. പ്രവൃത്തിക്കൊത്ത പ്രതിഫലം എന്ന ഒരു ആശയത്തിന് വിരുദ്ധമായി നിൽക്കുന്ന ആനുഭവങ്ങളിൽ ഒന്നാണ് ദുഷ്ടതയിൽ ജീവിക്കുന്ന മനുഷ്യരുടെ സുസ്ഥിതി. ദൈവത്തിന്റെ നീതിയും ദുഷ്ടരായ മനുഷ്യരനുഭവിക്കുന്ന സൗഭാഗ്യങ്ങളും ഒരു സാധാരണ വിശ്വാസിയിൽ ആശയക്കുഴപ്പമുളവാക്കുന്നുണ്ട്. എന്നാൽ ദുഷ്ടന്റെ ഐശ്വര്യവും അവനനുഭവിക്കുന്ന സുഖസൗകര്യങ്ങളും ശാശ്വതമല്ല എന്ന് സങ്കീർത്തകൻ മനസ്സിലാക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നിടത്ത്, ദൈവികനീതിയുടെ ഭംഗി വെളിവാകുന്നു. തന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങളിലൂടെ, ദൈവം നല്ലവനും നീതിമാനുമാണെന്ന സത്യം മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരിക്കണം സങ്കീർത്തകൻ ഈ പ്രബോധനഗീതം എഴുതിയത്. പ്രവാസാനന്തരകാലത്ത് എഴുതപ്പെട്ടവയിൽ ഒന്നാണ് ഈ സങ്കീർത്തനമെന്ന് കരുതപ്പെടുന്നു.
ദുഷ്ടന്റെ ഐശ്വര്യവും ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസവും
ദുഷ്ടരുടെ സുസ്ഥിതി സാധാരണ മനുഷ്യരിൽ ഉളവാക്കുന്ന ചഞ്ചലതയാണ് ഈ സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് വിചിന്തനം ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആശയം. ദൈവം നല്ലവനും നീതിമാനുമാണെന്നും, പ്രവൃത്തികൾക്കൊത്ത് പ്രതിഫലം നൽകുന്നവനുമാണെന്നും ഉള്ള ചിന്തകളിൽ അടിസ്ഥാനമിട്ടാണ് വിശ്വാസികളായ ഓരോ മനുഷ്യരും, സങ്കീർത്തകനും തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് ദുഷ്ടരുടെ ഐശ്വര്യം സങ്കീർത്തകന്റെ വിശ്വാസജീവിതത്തിന് പോലും ഇടർച്ചയ്ക്ക് കാരണമാകുന്നത്. ഈയൊരു പ്രതിസന്ധിയാണ് രണ്ടും മൂന്നും വാക്യങ്ങൾ വ്യക്തമാക്കുന്നത്: "എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു, എന്റെ പാദങ്ങൾ വഴുതാൻ തുടങ്ങി. ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട് അഹങ്കാരികളോട് എനിക്ക് അസൂയ തോന്നി" (സങ്കീ. 73, 2-3). തീവ്രവേദനകളോ സഹനമോ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, കഷ്ടതകൾ അവരെ ബാധിക്കുന്നില്ല എന്നതും സാധാരണ ജനങ്ങളെപ്പോലെ അവർ പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നില്ല എന്നതും സങ്കീർത്തകൻ കാണുന്നുണ്ട് (സങ്കീ. 73, 3-5).
രണ്ടു തരത്തിലുള്ള തിന്മകളാണ് ദുഷ്ടർ ചെയ്യുന്നത്. ഒന്നാമതായി ഈ ഭൂമിയിലെ അവരുടെ ജീവിതത്തിലെ തിന്മകളാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്. അവർ അഹങ്കാരം മാലയായി അണിയുകയും അക്രമം അങ്കിയായി കൊണ്ടുനടക്കുകയും ചെയ്യുന്നു (സങ്കീ. 73, 6). അവർ തങ്ങളുടെ സുസ്ഥിതിയിൽ, അഹന്തയോടെ മറ്റുള്ളവരെ വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തിൽ ഭോഷത്തം നിറയുന്നു (സങ്കീ. 73, 7). തങ്ങളുടെ സമ്പത്തിലും ഐശ്വര്യത്തിലും അഹങ്കരിക്കുന്ന അവർ മറ്റുള്ളവരെ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും, അവരെ പീഡിപ്പിക്കുമെന്ന് ഗർവ്വോടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു (സങ്കീ. 73, 8).
ദുഷ്ടരായ മനുഷ്യർ ചെയ്യുന്ന രണ്ടാമത്തെ വലിയ തെറ്റ് അവർ ദൈവചിന്തയില്ലാതെയും സ്വർഗ്ഗത്തിനെതിരെ പിറുപിറുത്തും ജീവിക്കുന്നു എന്നതാണ്. "അവരുടെ അധരങ്ങൾ ആകാശത്തിനെതിരെ തിരിയുന്നു; അവരുടെ നാവു ഭൂമിയിൽ ദൂഷണം പരത്തുന്നു" (സങ്കീ. 73, 9). ആകാശത്തിനെതിരെ, ദൈവത്തിനെതിരെ തിരിഞ്ഞിട്ടും, ദൂഷ്യങ്ങൾ പറഞ്ഞു പരത്തിയിട്ടും അവരുടെ ജീവിതത്തിൽ ശിക്ഷയുണ്ടാകാത്തതിനാൽ ജനം അവരിൽ കുറ്റം കാണുന്നില്ല എന്നുമാത്രമല്ല, അവരെ പ്രശംസിക്കുകയും ചെയ്യുന്നു എന്ന് സങ്കീർത്തകൻ അപലപിക്കുന്നു (സങ്കീ. 73, 10). ദുഷ്ടരുടെ ദൈവനിന്ദ്യാപരമായ പ്രവൃത്തികൾക്ക് മുന്നിൽ തിരിച്ചടിയൊന്നും ഉണ്ടാകാത്തതിനാൽ, അവരെ ഏതാണ്ടൊരു ആരാധനയോടെ നോക്കിക്കാണുന്ന ജനം, ദുഷ്ടരുടേതിന് തുല്യമായ മനഃസ്ഥിതിയിലേക്ക് കടക്കുന്നുണ്ട്. "ദൈവത്തിന് എങ്ങനെ അറിയാൻ കഴിയും? അത്യുന്നതന് അറിവുണ്ടോ? എന്ന് അവർ ചോദിക്കുന്നു" (സങ്കീ. 73, 11). ദുഷ്ടർ സ്വസ്ഥത അനുഭവിക്കുന്നതും, അവരുടെ സമ്പത്ത് വർദ്ധിക്കുന്നതും (സങ്കീ. 73, 12) സാധാരണ മനുഷ്യരിൽ ഇത്തരമൊരു ആശയക്കുഴപ്പം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
സങ്കീർത്തകന്റെ മനോവ്യഥയും ദുഷ്ടരുടെ ശിക്ഷയും
ദുഷ്ടരുടെ ഐശ്വര്യവും സുസ്ഥിതിയും സംബന്ധിച്ച് സങ്കീർത്തകൻ ഈ ഉദ്ബോധനഗീതത്തിൽ പങ്കുവയ്ക്കുന്ന ചിന്തകൾ, അവൻ ജീവിക്കുന്ന കലുഷിതമനോഭാവത്തെയാണ് വ്യക്തമാക്കുന്നത്. സങ്കീർത്തനത്തിന്റെ പതിമൂന്ന് മുതലുള്ള വാക്യങ്ങളിൽ ഇത് വ്യക്തമാണ്. "ഞാൻ എന്റെ ഹൃദയത്തെ നിർമ്മലമായി സൂക്ഷിച്ചതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വ്യർത്ഥമായി" (സങ്കീ. 73, 13). ആവനനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ഏൽക്കേണ്ടിവരുന്ന ദണ്ഡനങ്ങളും (സങ്കീ. 73, 14) ഈയൊരു ചിന്തയെ ശക്തിപ്പെടുത്തുന്നുണ്ട്. ദുഷ്ടരെപ്പോലെ സംസാരിക്കാൻ അവനും പ്രലോഭനമുണ്ടായിരുന്നിരിക്കണം എങ്കിലും, ദൈവജനത്തെ വഞ്ചിക്കാൻ അവനു മനസ്സുവന്നില്ല (സങ്കീ. 73, 15). ദുഷ്ടരുടെ ഐശ്വര്യം എങ്ങനെ മനസ്സിലാക്കാമെന്നത് ശ്രമകരമായ ഒന്നാണെന്ന് അവൻ തിരിച്ചറിയുന്നുണ്ട് (സങ്കീ. 73, 16). ഈയൊരു തിരിച്ചറിയലിനുവേണ്ടിയാണ് അവൻ ദേവാലയത്തിലേക്കെത്തുന്നത് (സങ്കീ. 73, 17).
ദേവാലയത്തിലെത്തിയ സങ്കീർത്തകൻ, ദൈവം ദുഷ്ടർക്കായി ഒരുക്കിയിരിക്കുന്ന ശിക്ഷ തിരിച്ചറിയുന്നു. "അങ്ങ് അവരെ തെന്നുന്ന സ്ഥലത്തു നിറുത്തിയിരിക്കുന്നു; അവർ നാശത്തിലേക്കു വഴുതിവീഴുവാൻ അങ്ങ് ഇടയാക്കിയിരിക്കുന്നു. അവർ എത്രവേഗം നശിച്ചുപോയി; ഭീകരതകളാൽ അവർ നിശ്ശേഷം തൂത്തെറിയപ്പെട്ടു!" (സങ്കീ. 73, 18-19). ഉണരുമ്പോൾ മായുന്ന സ്വപ്നം പോലെ ക്ഷണികമാണ് ദുഷ്ടരുടെ ഐശ്വര്യമെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു (സങ്കീ. 73, 20). ദൈവം ഉണർന്ന് അവരെ കുടഞ്ഞെറിഞ്ഞിരിക്കുന്നു. ദുഷ്ടതയും കപടതയും ദൈവത്തിന്റെ നിത്യതയുടെ മുന്നിൽ ക്ഷണികമാണെന്ന സത്യമാണ് ഇവിടെ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നത്.
വിശ്വാസിയുടെ ബലമായ ദൈവം
സങ്കീർത്തനത്തിന്റെ മൂന്നാം ഭാഗത്തേക്ക് കടന്നുവരുമ്പോൾ, ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ അനുഭവിക്കുന്ന ആശ്വാസവും ആനന്ദവുമാണ് സങ്കീർത്തകൻ വിവരിക്കുന്നത്. ക്ഷണികമെങ്കിലും, സാധാരണ മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കുന്ന ദുഷ്ടരുടെ ഐശ്വര്യവും സുസ്ഥിരതയും, സങ്കീർത്തകനിലെ വിശ്വാസിയെ ദൈവത്തിൽനിന്ന് അകറ്റുന്നില്ല. ദുഷ്ടരനുഭവിക്കുന്ന ഐശ്വര്യവും, ദൈവത്തിനും മനുഷ്യർക്കുമെതിരെ അവരുയർത്തുന്ന വെല്ലുവിളികളും ശരിയായ രീതിയിൽ ഗ്രഹിക്കാൻ തനിക്ക് സാധിക്കാതിരുന്നത്, തന്റെ മൂഢത്വവും അജ്ഞതയും കൊണ്ടാണെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു (സങ്കീ. 73, 21). നിത്യതയെക്കുറിച്ച് ചിന്തിക്കാത്ത ഒരു മൃഗത്തിന് തുല്യമായിരുന്നു തന്റെ ജീവിതമെന്ന് അവൻ ഏറ്റുപറയുന്നു (സങ്കീ. 73, 22).
ദൈവത്തോട് ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉദ്ബോധനമാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ നാം കാണുന്നത്. തനിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ജീവിതനിമിഷങ്ങളിൽപ്പോലും താൻ ദൈവത്തോട് ചേർന്ന് നിൽക്കുവാൻ പരിശ്രമിച്ചിരുന്നുവെന്നും, എന്നാൽ അതേസമയം, ദൈവം തന്റെ വലതുകരം പിടിച്ചിരുന്നുവെന്നും അവൻ അവകാശപ്പെടുന്നു (സങ്കീ. 73, 23). ദൈവം തനിക്ക് ഉപദേശങ്ങൾ നൽകുന്നുവെന്നും, അവൻ തന്നെ മഹത്വത്തിലേക്ക് സ്വീകരിക്കുമെന്നും സങ്കീർത്തകൻ പറയുന്നു (സങ്കീ. 73, 24). ഈ ഭൂമിയിൽ ആയിരിക്കുമ്പോഴും അവൻ ദൈവത്തെ ആഗ്രഹിക്കുകയും തന്റെ സഹനങ്ങളിലും ബുദ്ധിമുട്ടുകളിലും ദൈവത്തിൽ ബലം കണ്ടെത്തുകയും ചെയ്യുന്നു. നീതിമാനായ വിശ്വാസിയുടെ ഓഹരി ദൈവമാണ് (സങ്കീ. 73, 25-26). ദൈവത്തിൽനിന്ന് അകന്നുപോകുന്നവർ നശിച്ചുപോകുമെന്നും, കാപട്യം കാണിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു (സന്കീ. 73, 27). ദൈവത്തോട് ചേർന്ന് നിൽക്കുന്നതിലെ ആനന്ദവും, ദൈവത്തിൽ താൻ കണ്ടെത്തിയ സുരക്ഷിതത്വവും ഏറ്റുപറയുന്ന സങ്കീർത്തകൻ, ദൈവത്തിന്റെ പ്രവൃത്തികളെ പ്രഘോഷിക്കുമെന്ന വാഗ്ദാനത്തോടെയാണ് സങ്കീർത്തനം അവസാനിപ്പിക്കുന്നത് (സങ്കീ. 73, 28).
സങ്കീർത്തനം ജീവിതത്തിൽ
നീതിയിലും സത്യത്തിലും ജീവിക്കുവാൻ പരിശ്രമിക്കുന്ന മനുഷ്യർക്ക് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാതെവരുന്ന, ദുഷ്ടരുടെ ഐശ്വര്യവും സുസ്ഥിരതയുമാണ് എഴുപത്തിമൂന്നാം സങ്കീർത്തനത്തിന്റെ മുഖ്യ ചിന്തയെന്ന് നാം കണ്ടു. ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്ക് ദൈവത്തോട് ചേർന്ന് നിൽക്കാനും, നീതിയുടെ മാർഗ്ഗത്തിൽ തുടരാനുമുള്ള ഉപദേശമാണ് സങ്കീർത്തകൻ ഈയൊരു ഉദ്ബോധനാഗീതത്തിലൂടെ നൽകുന്നത്. ദൈവനിന്ദയിലും, മനുഷ്യർക്കെതിരായ അനീതിയിലും ജീവിക്കുന്ന ദുഷ്ടരായ മനുഷ്യർ അനുഭവിക്കുന്ന സുഖവും സന്തോഷവും നേട്ടങ്ങളും ക്ഷണികമാണെന്നും, അവർക്ക് നഷ്ടമാകുന്നത് ദൈവത്തിനൊപ്പമുള്ള നിത്യതയുടെ മഹത്വമാണെന്നും സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നന്മയിൽ ജീവിക്കുന്ന മനുഷ്യർക്കെതിരെ പോലും പ്രവൃത്തിക്കുന്ന ദുഷ്ടരുടെ ഐശ്വര്യത്തിൽ മനസ്സ് നോവേണ്ടതില്ലെന്നും, അനീതിയുടെ അനുഭവങ്ങളിലും, വിശ്വാസജീവിതത്തിൽ ഉയർന്നുവന്നേക്കാവുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുന്നിലും പതറേണ്ടതില്ലെന്നും നമുക്ക് മനസ്സിലാക്കാം. ഹൃദയം നുറുങ്ങുന്ന വേദനയുടെ അനുഭവങ്ങളിലും പാദങ്ങൾ ഇടറുന്നുവെന്നു തോന്നുന്ന നിമിഷങ്ങളിലും, ഉറപ്പുള്ള അഭയമായ, തന്റെ വിശ്വാസികളെ ഒരിക്കലും കൈവിടാത്ത ദൈവത്തോട് ചേർന്ന് നിൽക്കാനും, അവനിൽ സുരക്ഷിതത്വം കണ്ടെത്താനും നമുക്കും പരിശ്രമിക്കാം. നിർമ്മലഹൃദയത്തോടെ ദൈവത്തോട് ചേർന്ന് നിൽക്കുന്നതിലെ ആനന്ദം അനുഭവിക്കാനും, അവന്റെ നീതിയുക്തവും ശക്തവുമായ പ്രവൃത്തികളെ ലോകത്തോട് പ്രഘോഷിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: