നീതിമാനും വിധികർത്താവുമായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അൻപത്തിയേഴ് മുതൽ അൻപത്തിയൊൻപതു വരെയുള്ള സങ്കീർത്തനങ്ങൾ പോലെ, "നശിപ്പിക്കരുതേ" എന്ന രാഗത്തിൽ ഗായകസംഘനേതാവിനായി എഴുതപ്പെട്ട ആസാഫിന്റെ ഗീതമാണ് എഴുപത്തിയഞ്ചാം സങ്കീർത്തനം. ദാവീദിന്റെയും സോളമന്റെയും കാലത്ത് ജീവിച്ചിരുന്ന ഒരു ഗായകനും സംഗീതജ്ഞനുമായിരുന്നു ആസാഫെന്നാണ് കരുതപ്പെടുന്നത്. വിധികർത്താവായ ദൈവം ദുഷ്ടരെ നീതിയോടെ വിധിക്കുമെന്ന ഉറപ്പോടെ ദൈവത്തിന് നന്ദിയേകുന്ന വിശ്വാസിസമൂഹത്തെയാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്. ദുഷ്ടർക്കെതിരെയുള്ള ദൈവശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രവചനസ്വരത്തിലുള്ള രണ്ടു ഭാഗങ്ങൾ സങ്കീർത്തനത്തിൽ നാം കാണുന്നുണ്ട്. അതേസമയം ദുഷ്ടർക്ക് ദൈവപ്രഭാഷണത്തിന്റെ രൂപത്തിൽ കർത്താവിനെതിരെ പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകാനും സങ്കീർത്തകൻ മറക്കുന്നില്ല. ആരാധനയുടെ അവസരത്തിലെ ഉപയോഗത്തിനായി രചിക്കപ്പെട്ട ഒരു കൃതജ്ഞതാഗാനമായാണ് ഈ സങ്കീർത്തനം കരുതപ്പെടുന്നത്. ദൈവനീതിയിലുള്ള ഉറച്ച വിശ്വാസവും പ്രത്യാശയുമാണ് ഈ സങ്കീർത്തനത്തിൽ നാം കാണുക.
കൃതജ്ഞതയുടെ ഗീതം
ആരാധനയുടെ അവസരത്തിൽ ഉപയോഗിക്കാനായി രചിക്കപ്പെട്ട കൃതജ്ഞതയുടെ ഗീതമാണ് എഴുപത്തിയഞ്ചാം സങ്കീർത്തനമെന്ന് ഈ ഗീതത്തിന്റെ ആദ്യവാക്യം വ്യക്തമാക്കുന്നു: "ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങൾ അങ്ങേക്ക് കൃതജ്ഞത അർപ്പിക്കുന്നു; ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയുടെ അത്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുകയും ചെയ്യുന്നു" (സങ്കീ. 75, 1). സമൂഹത്തിന്റെ സ്വരമായാണ് ഈ വാക്യത്തെ സങ്കീർത്തകൻ ക്രമീകരിച്ചിരിക്കുന്നത്. ന്യായപൂർവ്വം വിധിക്കുകയും, തന്റെ ജനത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നീതിമാനായ ദൈവത്തിന് നന്ദി പറയുകയെന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്. അത്ഭുതകരമായ പ്രവൃത്തികൾ ചെയ്‌തു എന്നതിനാലാണ് ജനം കർത്താവിന് കൃതജ്ഞതയർപ്പിക്കുന്നത്.
സങ്കീർത്തനത്തിന്റെ ഒൻപതാം വാക്യത്തിലും ദൈവസ്തുതിയുടെ ചിന്ത അവർത്തിക്കപ്പെടുന്നുണ്ട്: "എന്നാൽ, ഞാൻ എന്നേക്കും ആഹ്ലാദിക്കും; യാക്കോബിന്റെ ദൈവത്തിനു ഞാൻ സ്തുതിഗീതമാലപിക്കും" (സങ്കീ. 75, 9). ആദ്യവാക്യത്തിൽനിന്ന് വ്യത്യസ്‌തമായി, ദുഷ്ടരുടെ ദൈവനിന്ദാപരമായ പ്രവൃത്തികൾക്ക് വിപരീതമായി, നന്മ പ്രവർത്തിക്കുകയും വിശ്വാസപൂർവ്വം ജീവിക്കുകയും ചെയ്യുന്ന വ്യക്തികളുടെ സ്വരമായാണ് സങ്കീർത്തകൻ ഈ വാക്യം എഴുതിവയ്ക്കുന്നത്. വ്യക്തിപരമായി ദൈവത്തിൽനിന്ന് സ്വീകരിക്കുന്ന നന്മകൾക്ക് മാത്രമല്ല, തിന്മ പ്രവൃത്തിക്കുന്നവരെ ന്യായപൂർവ്വം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനെയോർത്തും ദൈവത്തിന് നന്ദി പറയുവാൻ ഓരോ വിശ്വസിക്കും കടമയുണ്ട്.
ദുഷ്ടർക്കെതിരെയുള്ള വിധി
എഴുപത്തിയഞ്ചാം സങ്കീർത്തനത്തിന്റെ നല്ലൊരു ഭാഗവും ന്യായപൂർണ്ണവും ഉറപ്പുള്ളതുമായ ദൈവവിധിയെക്കുറിച്ചുള്ളതാണ്. രണ്ടു ഭാഗങ്ങളിലായാണ് സങ്കീർത്തകൻ ഇതിനെക്കുറിച്ച് എഴുതുന്നത്. ഇതിൽ ഒന്നാമത്തെ ഭാഗം രണ്ടു മുതൽ എട്ട് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ദൈവപ്രഭാഷണത്തിന്റെ രീതിയിലുള്ള ആദ്യഭാഗത്ത് ദൈവം നടത്തുന്ന വാഗ്ദാനം സങ്കീർത്തകൻ ആവർത്തിക്കുന്നു. പ്രതീക്ഷിക്കാത്ത സമയത്ത്, ദൈവം നിർണ്ണയിച്ച സമയത്താണ് വിധി നടപ്പിലാവുക. നീതിയോടെയായിരിക്കും താൻ വിധിക്കുകയെന്ന വാക്യം, ഭൂമിയിലെ അസമത്വങ്ങളുടെയും, ദുഷ്ടരുടെ വിജയങ്ങളുടെയും മുൻപിൽ ഒരു വിശ്വാസിയുടെ ഹൃദയത്തിലുണ്ടായേക്കാവുന്ന സന്ദേഹത്തിനുള്ള മറുപടി കൂടിയാണ് (സങ്കീ. 75, 2). ഉചിതമായ സമയം ദൈവത്തിന്റേതാണ്. പ്രപഞ്ചസൃഷ്ടവായ കർത്താവിന്റെ ശക്തിയും മഹത്വവും അധികാരവും വെളിവാക്കുന്നതാണ് മൂന്നാം വാക്യം: "ഭൂമി സകല നിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോൾ, ഞാനാണ് അതിന്റെ തൂണുകൾ ഉറപ്പിച്ചുനിർത്തുന്നത്" (സങ്കീ. 75, 3). ദൈവത്തിന്റെ വിധി, നിരവധി ഉറപ്പുകളെ തകർക്കുന്നതും, എന്നാൽ അതേസമയം നിരവധി സംശയങ്ങളെ നിരാകരിക്കുന്നതും, വിശ്വാസികളുടെ ചഞ്ചലഹൃദയങ്ങളെ ഉറപ്പിക്കുന്നതുമായിരിക്കാമെന്ന ഒരു ചിന്ത ഇവിടെ നമുക്ക് വായിച്ചെടുക്കാം.
യഥാർത്ഥ അധികാരം ആരുടേതാണ് എന്നതിനെക്കുറിച്ചുള്ള ഉദ്ബോധനമാണ് നാലു മുതൽ ഏഴുവരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. "വൻപു പറയരുതെന്ന് അഹങ്കാരികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു. ആകാശത്തിനെതിരെ കൊമ്പുയർത്തരുത്; ഗർവോടെ സംസാരിക്കുകയുമരുത്. കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്" (സങ്കീ. 75, 4-7). തങ്ങളുടെ ശക്തിയെക്കുറിച്ച് വീരവാദം മുഴക്കരുതെന്ന് അഹങ്കാരികളോട് ദൈവം പറയുന്നു. ശക്തിയുടെ അടയാളമാണ് കൊമ്പ്. അതുയർത്തുന്നത് അധികാരം വെളിവാക്കുന്ന പ്രവൃത്തിയാണ്. ആകാശത്തിനെതിരെ, ദൈവത്തിനെതിരെ അധികാരത്തിന്റെ കൊമ്പുയർത്തുന്നത് മൗഢ്യമായ പ്രവൃത്തിയാണ്. ദൈവത്തിന് മുൻപിൽ ശിരസ്സുയർത്തി ഗർവ്വോടെ നിൽക്കാൻ ദുഷ്ടർക്കല്ലാതെ മറ്റാർക്കാണ് മനസ്സുവരുന്നത്? അവർ മനസ്സിലാക്കേണ്ടത്, തങ്ങളുടെ കഴിവുകൊണ്ടോ, ശക്തികൊണ്ടോ അല്ല, മറിച്ച് ദൈവത്തിൽനിന്നാണ് വിജയവും ഉയർച്ചയും നേടേണ്ടതെന്നാണ്. അതുകൊണ്ടുതന്നെ, നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് മുൻപിൽ ആയിരിക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കേണ്ടത്. വ്യക്തിപരമായ പരിശ്രമങ്ങളുടെ മൂല്യത്തെ കുറച്ചുകാണിക്കാനോ, അവ അനാവശ്യമെന്ന് കരുതാനോ അല്ല, മറിച്ച്, ദൈവത്തിന്റെ അധികാരം ഉയർത്തിക്കാട്ടാനാണ് സങ്കീർത്തനവരികൾ ശ്രദ്ധിക്കുന്നത്.
"നുരഞ്ഞുപൊന്തുന്ന വീര്യമേറിയ വീഞ്ഞുനിറഞ്ഞ പാനപാത്രം കർത്താവിന്റെ കൈയ്യിലുണ്ട്; അവിടുന്ന് അതു പകർന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്ടരും അത് മട്ടുവരെ ഊറ്റിക്കുടിക്കും" (സങ്കീ. 75, 8) എന്ന വാക്യത്തിൽ പരാമർശിക്കപ്പെടുന്ന പാനപാത്രം, കർത്താവിന്റെ ക്രോധത്തിന്റെ പാനപാത്രമാണ്. തന്റെ ജനത്തിനെതിരെ തിന്മ അനുവദിച്ച ദൈവം, അവരുടെ തകർച്ചയിൽനിന്ന് അവരെ രക്ഷിക്കുകയും, അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നതിനെക്കുറിച്ച് ഏശയ്യാ പ്രവാചകന്റെ പുസ്തകം അൻപത്തിയൊന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. "പരിഭ്രാന്തിയുടെ പാനപാത്രം നിന്റെ കൈയിൽനിന്ന് ഞാൻ എടുത്തുമാറ്റിയിരിക്കുന്നു. ക്രോധത്തിന്റെ പാനപാത്രം മേലിൽ നീ കുടിക്കുകയില്ല" (ഏശയ്യാ 51, 22). ജെറമിയ പ്രവാചകന്റെ പുസ്തകം ഇരുപത്തിയഞ്ചാം അദ്ധ്യായം പതിനഞ്ചാം വാക്യം മുതലും, എസക്കിയേൽ പ്രവാചകന്റെ പുസ്തകം ഇരുപത്തിമൂന്നാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യം മുതലും ഉള്ള ഭാഗങ്ങളും ഇതിനോട് ചേർന്നുപോകുന്നവയാണ്. ദുഷ്ടർക്കായി ദൈവം നീട്ടുന്നത് വീര്യമേറിയ ദൈവകോപത്തിന്റെ പാനപാത്രമാണ്.
ദുഷ്ടർക്കെതിരെയുള്ള ദൈവത്തിന്റെ വിധിയെക്കുറിച്ച് ഈ ഗീതത്തിന്റെ അവസാനവാക്യത്തിൽ സങ്കീർത്തകൻ രണ്ടാം വട്ടം പ്രതിപാദിക്കുന്നത് നമുക്ക് കാണാം: "ദുഷ്ടരുടെ കൊമ്പുകൾ അവിടുന്ന് വിശ്ചേദിക്കും; നീതിമാന്മാരുടെ കൊമ്പുകൾ ഉയർത്തപ്പെടും" (സങ്കീ. 75, 10). ആകാശത്തിനെതിരെ കൊമ്പുയർത്തരുതെന്ന് ഇതേ സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങളിൽ ദൈവം ഉദ്ബോധിപ്പിക്കുന്നത് നാം മുൻപ് കണ്ടു. "എന്നാൽ അവിടുന്ന് എന്റെ കൊമ്പു കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തി, അവിടുന്ന് എന്റെമേൽ പുതിയ തൈലം ഒഴിച്ചു" എന്ന തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനത്തിന്റെ പത്താം വാക്യവും ഇതിനോട് ചേർന്നുനിൽക്കുന്ന ആശയമാണ് പങ്കുവയ്ക്കുന്നത് (സങ്കീ. 92, 10). ദുഷ്ടരെ അവരുടെ അഹങ്കാരത്തിന് തുല്യവും, എളിയവരെയും നീതിമാന്മാരെയും അവരുടെ താഴ്‌മയ്ക്ക് തുല്യവും ന്യായപൂർവ്വം വിധിക്കുന്നവനാണ് ദൈവം.
സങ്കീർത്തനം ജീവിതത്തിൽ
ദുഷ്ടരുടെയും അഹങ്കാരികളുടെയും താൽക്കാലികമായ വിജയത്തിന് മുൻപിൽ നീതിമാന്മാരുടെ ഹൃദയത്തിൽ ഉയരുന്ന സംശയങ്ങൾക്കുള്ള ഉത്തരമാണ് എഴുപത്തിയഞ്ചാം സങ്കീർത്തനത്തിൽ പരാമർശിക്കപ്പെടുന്നതെന്ന് നാം കണ്ടു. ഉചിതമായ സമയത്ത്, വിട്ടുവീഴ്ചകളില്ലാതെ, നീതിപൂർവ്വം ന്യായവിധി നടത്തുന്നവനാണ് ഇസ്രയേലിന്റെ ദൈവമെന്ന ഒരു ചിന്ത ഈ സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഹങ്കാരികളുടെ കൊമ്പുമുറിക്കുകയും, നീതിമാന്മാരെയും എളിയവരെയും ഉയർത്തുകയും ചെയ്യുന്ന കർത്താവിൽ പ്രതീക്ഷയർപ്പിക്കുവാനും, അവനെ ആരാധിക്കുവാനുമുള്ള ഒരു ക്ഷണം കൂടിയാണ് കൃതജ്ഞതയുടേതായ വാക്യങ്ങളാൽ ആരംഭിക്കുന്ന ഈ കീർത്തനം. സകലത്തിന്റെയും സൃഷ്ടാവും നിയന്താവുമായ ദൈവത്തിൽ ആശ്രയിച്ച്, പ്രത്യാശയോടും വിശ്വാസത്തോടും, എന്നാൽ എളിമയുടെയും അനുസരണത്തിന്റെയും നന്ദിയുടെയും മനോഭാവത്തോടെ ജീവിക്കുവാൻ എഴുപത്തിയഞ്ചാം സങ്കീർത്തനം നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. സമയത്തിന്റെ പൂർണ്ണതയിൽ എല്ലാം നീതിയിൽ വിധിക്കുന്ന ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുകയും, അവന്റെ കരുത്തുറ്റ കരങ്ങളിൽ അഭയം കണ്ടെത്തുകയും, അവനിൽ ആനന്ദിക്കുകയും, യാക്കോബിന്റെ ദൈവത്തിന് സ്തുതിഗീതാമാലപിക്കുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: