ഇറ്റാലിയൻ യുവജനം ദാരിദ്ര്യത്തിന്റെ കയ്പ്പറിയുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലെ പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ കടുത്ത ഭൗതികദൗർലഭ്യത അനുഭവിക്കുന്നുണ്ടെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. മെയ് 30 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന ഇറ്റലിയിലെ യുവജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് പ്രസ്‌താവിച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇറ്റലിയിൽ ഏതാണ്ട് ഒരു ലക്ഷത്തിലധികം കുട്ടികൾ, ഭൗതികദാരിദ്ര്യത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ട്. ഈ കുട്ടികൾക്കിടയിൽ, അറുപത്തിയേഴ് ശതമാനത്തിലധികം കുട്ടികളും (67,4%), ഭാവിയിൽ തങ്ങൾക്ക് ലഭിച്ചേക്കാവുന്ന ജോലികൾ, തങ്ങളെ ദാരിദ്ര്യത്തിൽനിന്ന് സ്വാതന്ത്രരാക്കില്ലെന്നും, അതേസമയം, നാലിലൊന്ന് കുട്ടികളും തങ്ങൾക്ക് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ലെന്നും ഭയക്കുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പഠിക്കുവാനായി സേവ് ദി ചിൽഡ്രൻ നടത്തുന്ന "ഇമ്പോസ്സിബിൾ 2024" എന്ന ദ്വിവത്സര പദ്ധതിയുടെ ഉദഘാടനവേളയിലാണ് ഇറ്റലിയിലെ കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംഘടന വ്യക്തമാക്കിയത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിൽ, സമ്പന്നരും ദരിദ്രരുമായ കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന, എന്നാൽ നികത്തപ്പെടേണ്ട വലിയ വിടവാണ് ഇതുവഴി തങ്ങൾ എടുത്തുകാട്ടുന്നതെന്ന് സേവ് ദി ചിൽഡ്രൻ വിശദീകരിച്ചു.
കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനും, അവരെ ഭാവിയെക്കുറിച്ച് പ്രതീക്ഷകൾ ഉള്ളവരാക്കാനും വേണ്ടി, കൃത്യവും ദീർഘകാലത്തേക്കുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും, ഉറപ്പുള്ള നിക്ഷേപങ്ങൾ ലഭ്യമാക്കണമെന്നും സംഘടന പ്രസ്താവിച്ചു.
ഏതാണ്ട് പതിനെട്ട് ശതമാനം മാതാപിതാക്കൾക്കും, തങ്ങളുടെ മക്കളുടെ ഭക്ഷണവും വസ്ത്രവുമുൾപ്പെടെയുള്ള ചിലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സേവ് ദി ചിൽഡ്രൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏതാണ്ട് ഇരുപത്തിനാല് ശതമാനം കുട്ടികൾക്കും, സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം, വർഷാരംഭത്തിൽത്തന്നെ എല്ലാ പുസ്തകങ്ങളും വാങ്ങാനോ, സ്കൂളുകൾ ഒരുക്കുന്ന യാത്രകളിൽ പങ്കെടുക്കാനോ സാധിക്കുന്നില്ല. ദാരിദ്ര്യമനുഭവിക്കുന്നവരിൽ ഏതാണ്ട് നാലിലൊന്ന് കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയില്ല.
"അസാധ്യമായ നാളെ" എന്ന പേരിൽ സേവ് ദി ചിൽഡ്രൻ നടത്തിയ ഒരു പഠനത്തിന്റെ ഫലമായി ലഭിച്ച വസ്തുതകൾ, സംഘടന "അസാധ്യമായ 2024" എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ദ്വിവത്സരപദ്ധതിയുടെ ആരംഭം കുറിക്കുന്ന അവസരത്തിലാണ് പുറത്തുവിട്ടത്. രാഷ്ട്രീയ, സാമ്പത്തിക, വ്യവസായമേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കായി വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ ഉദ്‌ഘാടനം മെയ് 30-ന് റോമിലാണ് നടന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: