ഉക്രൈനിൽ അഞ്ചു കുട്ടികൾ കൂടി അക്രമങ്ങളുടെ ഇരകളായി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ നാല് കുട്ടികൾ കൂടി ഇരകളായതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഉക്രൈനിൽ പ്രവർത്തിക്കുന്ന യൂണിസെഫ് വിഭാഗമാണ് മെയ് എട്ടാം തീയതി സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതുസംബന്ധിച്ച് സന്ദേശം എഴുതിയത്.
ഉക്രൈനിലെ സാധാരണജനത യുദ്ധത്തിന്റെ ഇരകളായി മാറുകയാണെന്ന് യൂണിസെഫ് അപലപിച്ചു. പെസഹയുമായി ബദ്ധപ്പെട്ടു അവധിയിലായിരിക്കുന്നതിനിടെയാണ്, ഖാർക്കിവിലും ഖെർസണിലുമുള്ള കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തി, അഞ്ചു കുട്ടികൾകൂടി കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾക്കിരകളായത്. റിപ്പോർട്ടുകൾ പ്രകാരം ഖാർകിവ് പ്രദേശത്ത് നാല് കുട്ടികൾക്കും, ഖെർസണിൽ ഒരു കുട്ടിയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
രണ്ടു പ്രവിശ്യകളിലുമുള്ള നിരവധി സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകർക്കപ്പെട്ടുവെന്നും യൂണിസെഫ് വ്യക്തമാക്കി. ഉക്രൈനിലെ ഓർത്തഡോക്സ് സഭ മെയ് അഞ്ചാം തീയതിയായിരുന്നു പെസഹാ ആചരിച്ചത്.
സാധാരണജനം യുദ്ധവുമായി ബന്ധപ്പെട്ട ആക്രമങ്ങളുടെ ലക്ഷ്യമായി മാറരുതെന്ന് യൂണിസെഫ് എഴുതി. കൊച്ചുകുട്ടികളുൾപ്പെടെ നിരവധി സാധാരണക്കാർക്കാണ് റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇവിടെയുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി അന്താരാഷ്ട്രശക്തികൾ നടത്തിവരുന്ന ശ്രമങ്ങൾ കാര്യമായ ഫലങ്ങൾ കണ്ടിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: