സഹേൽ പ്രദേശത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എഴുപത് ശതമാനം വർദ്ധിച്ചു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ബുർക്കിന ഫാസോ, മാലി നൈജർ തുടങ്ങിയ രാജ്യങ്ങളിലായി നീണ്ടുകിടക്കുന്ന സഹേൽ മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവർകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ മാസങ്ങളിൽ നിരവധി കുട്ടികളാണ് ഈ പ്രദേശങ്ങളിൽ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്ന് പ്രസ്താവിച്ച സംഘടന, കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംബന്ധിച്ച ആഫ്രിക്കൻ ചാർട്ടറും, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനും അനുസരിച്ച്, കുട്ടികൾ, തങ്ങളുടെ ജീവിക്കാനുള്ള മൗലിക അവകാശം തിരിച്ചറിയുന്നതിനായി ഈ പ്രദേശത്ത് കുട്ടികൾക്ക് നേരെ നടക്കുന്ന കടുത്ത അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള യൂണിസെഫ് ഡയറക്ടർ ഗില്ലസ് ഫാഞ്ഞിനു ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മെയ് 30 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സഹേൽ പ്രദേശത്ത് കുട്ടികൾ കടന്നുപോകുന്ന ദുരിതങ്ങളെക്കുറിച്ച് യൂണിസെഫ് പരാമർശിച്ചത്.
2023-ന്റെ അവസാന മൂന്ന് മാസങ്ങളിലെ കണക്കുകൾ പ്രകാരം സഹേൽ പ്രദേശത്ത് കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ എഴുപത് ശതമാനത്തിൽധികം വർദ്ധിച്ചുവെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി. മുൻപുള്ള മൂന്ന് മാസങ്ങളിൽ നടന്ന അതിക്രമങ്ങളുടെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വർദ്ധനവ് വ്യക്തമാകുന്നത്.
നിരവധി അക്രമിസംഘങ്ങൾ കുട്ടികളെ സൈന്യത്തിലേക്ക് ബലമായി ചേർക്കുകയും, പല കുട്ടികളെയും കൊലചെയ്യുകയും അംഗഭംഗം വരുത്തുകയും ചെയ്‌തിട്ടുണ്ടെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്‌തു.
അതിക്രമങ്ങളിൽനിന്ന് രക്ഷനേടാനായി, ഈ പ്രദേശത്തെ സാധാരണ ജനത്തിന് സംരക്ഷണത്തിന്റെ ആവശ്യമുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു. നിരവധി കുട്ടികൾ കഠിനമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെനും, സായുധസംഘങ്ങളുടെ ഇരകളായി മാറുന്ന അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും സംഘടന വിശദീകരിച്ചു.
2024-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം മധ്യ സഹേൽ പ്രദേശത്ത് നടന്ന വിവിധ അതിക്രമങ്ങളിൽ ഏതാണ്ട് ആയിരത്തിനാനൂറ് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അറുപത്തിയാറു ശതമാനം വർദ്ധനവാണ് ഇത്തരം അതിക്രമങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നും അറിയിച്ച ശിശുക്ഷേമനിധി, ഈ കണക്കുകൾ ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് ഓർമ്മിപ്പിച്ചു.
സഹേൽ പ്രദേശത്ത് സംഘർഷങ്ങളിലും അതിക്രമങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും എല്ലാത്തരം അതിക്രമങ്ങളിൽനിന്നും മാറിനിൽക്കാനും, കുട്ടികളെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും അവസാനിപ്പിക്കാനും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: