തിരയുക

ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ചിത്രം ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ചിത്രം  (ANSA)

കഴിഞ്ഞ മുപ്പത്തിരണ്ട് ആഴ്ചകളിൽ മാത്രം 129 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശത്ത് കഴിഞ്ഞ മുപ്പത്തിരണ്ട് ആഴ്ചകളിൽ പാലസ്തീൻകാരായ 129 കുട്ടികൾ കൊല്ലപ്പെട്ടുവന്ന് യൂണിസെഫ് പ്രതിനിധി ആദേലെ ഖോദർ. 2022-ൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. കുട്ടികളുടെ ജീവിതസുരക്ഷ കണക്കിലെടുത്ത്, ഇപ്പോഴത്തെ ആക്രമങ്ങൾ അവസാനിപ്പിക്കാൻ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തയ്യാറാകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജനിനിൽ നടന്നുവരുന്ന പട്ടാളനടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം, രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടുവെന്ന് മധ്യപൂർവ്വദേശങ്ങൾക്കും ആഫ്രിക്കയ്ക്കുംവേണ്ടിയുള്ള യൂണിസെഫ് സംഘത്തിന്റെ പ്രാദേശിക ഡയറക്ടർ ആദേലെ ഖോദർ. അവസാനമില്ലാതെ തുടരുന്ന പാലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ ഇതിനോടകം കഴിഞ്ഞ മുപ്പത്തിരണ്ട് ആഴ്ചകളിൽ മാത്രം 129 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു. ഇസ്രായേൽക്കാരായ രണ്ടു കുട്ടികളും ഇതേ കാലയളവിൽ കൊല്ലപ്പെട്ടു.

കിഴക്കൻ ജെറുസലേം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം രണ്ടായിരത്തിയിരുപത്തിരണ്ടിനെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെ മെയ് 22 ബുധനാഴ്ച നൽകിയ പത്രക്കുറിപ്പിലാണ് മദ്ധ്യപൂർവ്വദേശത്തെ കുട്ടികളുടെ ജീവിതത്തിന് പ്രതിസന്ധിയായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ആദേലെ ഖോദർ എഴുതിയത്.

കുട്ടികൾ ഒരിക്കലും അതിക്രമങ്ങളുടെ ലക്ഷ്യമാകരുതെന്നും, അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് അവരുടെ സുരക്ഷ ഒരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങൾ, പ്രത്യേകിച്ച് അവരുടെ ജീവനെടുക്കുകയോ, അവർക്ക് പരിക്കേൽക്കുന്നതിന് കാരണമാകുകയോ ചെയ്യുന്ന വിധത്തിലുള്ളവ, ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ശിശുക്ഷേമനിധിയുടെ ട്വീറ്റ് ഓർമ്മിപ്പിച്ചു.

നിലവിൽ നടന്നുവരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കുകയാണ്, സമാധാനത്തിലും, സുരക്ഷയിലും കുട്ടികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നും യൂണിസെഫ് പ്രാദേശിക ഡയറക്ടർ തന്റെ സന്ദേശത്തിൽ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2024, 17:25