ലെബനോനിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കുട്ടികളുടെ ജീവിതം ബുദ്ധിമുട്ടേറിയതാക്കുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
ലെബനോനിൽ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ അവിടുത്തെ കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി മാറുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. മെയ് ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ലെബനോനിൽ തുടരുന്ന സംഘർഷങ്ങൾ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ സംബന്ധിച്ച പുതിയ ഒരു റിപ്പോർട്ടിനെക്കുറിച്ച് യൂണിസെഫ് പ്രതിപാദിച്ചത്.
ഏറെ നാളുകളായി തുടരുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ മൂലം ബുദ്ധിമുട്ടുന്ന ലെബനോനിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മാനവികസഹായാഭ്യർത്ഥനകൾ വർദ്ധിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു. പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത നിരവധി കുട്ടികളെക്കൂടാതെ ഏതാണ്ട് മുപ്പതിനായിരത്തോളം കുട്ടികൾ ഭവനരഹിതരായെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി.
ആക്രമണങ്ങളിൽ നിരവധി ജലസേചനപദ്ധതികൾ തകർക്കപ്പെട്ടതിനാൽ ഒരു ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ള സാധ്യത നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു. നാലായിരത്തോളം ആളുകൾക്ക് സേവനം ഉറപ്പാക്കിയിരുന്ന ഇരുപത്തിമൂന്ന് ആരോഗ്യസ്ഥാപനങ്ങൾ അക്രമണസാധ്യതകൾ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുമാകയാണ്.
ലെബനോനിൽ മുൻപുതന്നെ പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന വിദ്യാഭ്യാസരംഗവും നിലവിലെ സാഹചര്യം മൂലം കൂടുതൽ പരുങ്ങലിലായിരിക്കുകയാണെന്ന് സംഘടനാ റിപ്പോർട്ട് വ്യക്തമാക്കി. ഇപ്പോഴുള്ള സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപുതന്നെ ഏഴുലക്ഷത്തിലധികം കുട്ടികൾ സ്കൂളിൽ പോകുന്നില്ലായിരുന്നുവെങ്കിൽ, നിലവിൽ എഴുപതിലധികം സ്കൂളുകൾ കൂടി അടച്ചിടേണ്ടിവന്നിരിക്കുകയാണ്.
രാജ്യത്തെ ജനസംഖ്യയിൽ പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതേസമയം സിറിയയിൽനിന്നുള്ള അഭ്യർത്ഥികളിൽ തൊണ്ണൂറ് ശതമാനവും അതിദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
നിലവിലെ സ്ഥിതി, കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് ഭീഷണിയാണെന്നും, കുട്ടികളും അവരുടെ കുടുംബങ്ങളും അപകടകരമായ രീതിയിൽ മനസികബുദ്ധിമുട്ടുകളിലേക്കാണ് നീങ്ങുന്നതെന്ന് യൂണിസെഫ് വിശദീകരിച്ചു. ലെബനൻ കടന്നുപോകുന്ന വ്യവസ്ഥിതിക്ക് അവസാനമുണ്ടാക്കാൻ സ്ഥിരം വെടിനിറുത്തൽ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: