ഉക്രൈനിൽ മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
എണ്ണൂറ് ദിവസങ്ങളായി റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ ഉക്രൈനിലെ കുട്ടികളുടെ സ്ഥിതി കഷ്ടത്തിലാണെന്നും ഏതാണ്ട് മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ്. മെയ് ഒൻപത് വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഉക്രൈനിലെ കുട്ടികളുടെ സ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി വിശദീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നിരവധി ആക്രമണങ്ങൾക്ക് പുറമെ, മെയ് എട്ടാം തീയതിയുണ്ടായ മറ്റൊരു ബോംബാക്രമണത്തിൽ ഖാർക്കിവിൽ മൂന്ന് കുട്ടികൾക്കുകൂടി പരിക്കേറ്റെന്ന യൂണിസെഫ് അറിയിച്ചു. നിക്കോപോളിൽ നടന്ന ഒരു ആക്രമണത്തിൽ വേറൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളിൽ അഞ്ചു കുട്ടികൾക്ക് പരിക്കേറ്റതിനെക്കുറിച്ച് മെയ് എട്ടാം തീയതി റിപ്പോർട്ട് ചെയ്തതിനുശേഷമാണ്, മെയ് എട്ടാം തീയതിയുണ്ടായ പുതിയ ആക്രമണങ്ങളിൽ നാല് കുട്ടികൾക്കുകൂടി പരിക്കേറ്റതിനെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.
ഉക്രൈനിലെ കുട്ടികളുൾപ്പെടെയുള്ള ആളുകൾക്ക് സഹായമെത്തിക്കുന്ന യൂണിസെഫ് രണ്ടായിരത്തിയിരുപത്തിനാലിൽ മാത്രം ഏതാണ്ട് എട്ടുലക്ഷത്തോളം ഉക്രൈൻ പൗരന്മാർക്ക് കുടിവെള്ളസൗകര്യം ഒരുക്കിയിട്ടുണ്ട്. മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽപ്പെടാമായിരുന്ന കുട്ടികളുൾപ്പെടെയുള്ള നാലുലക്ഷത്തോളം ആളുകൾക്ക് സുരക്ഷയൊരുക്കാനും തങ്ങൾക്ക് സാധിച്ചുവെന്നും യൂണിസെഫ് അവകാശപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്സിൽ യൂണിസെഫിന്റെ യൂറോപ്പ്, മദ്ധ്യേക്ഷ്യ പ്രദേശങ്ങൾക്കായുള്ള വിഭാഗമാണ് ഈ സന്ദേശം കുറിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: