തിരയുക

ഇസ്ലാമാബാദിൽനിന്നെത്തിയ ചില അഭയാർത്ഥികൾ - ഫയൽ ചിത്രം ഇസ്ലാമാബാദിൽനിന്നെത്തിയ ചില അഭയാർത്ഥികൾ - ഫയൽ ചിത്രം  (ANSA)

191 അഫ്‌ഗാൻ അഭയാർത്ഥികൾകൂടി മാനവികഇടനാഴികൾവഴി ഇറ്റലിയിലേക്ക്: സന്തേജീദിയോ സമൂഹം

പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽനിന്ന് 191 അഫ്‌ഗാൻ അഭയാർത്ഥികൾ ജൂൺ 21 വെള്ളിയാഴ്ച ഇറ്റലിയിലെത്തും. ഇറ്റലിയിലെ സർക്കാറുമായി സന്തേജീദിയോ സമൂഹവും മറ്റു മത, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്‌മകളും നടത്തിയ ഉടമ്പടിയുടെ ഭാഗമായാണ് 2021 ഓഗസ്റ്റ് മുതൽ പാക്കിസ്ഥാനിൽ കഴിഞ്ഞുവരുന്ന ഈ അഫ്‌ഗാൻ പൗരന്മാർ മാനവികഇടനാഴികൾ വഴി യൂറോപ്പിലേക്കെത്തുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂൺ 21 വെള്ളിയാഴ്ച, പാക്കിസ്ഥാനിലെ ഇസ്ലാമബാദിൽനിന്നുള്ള 191 അഫ്‌ഗാൻ അഭയാർത്ഥികൾ ഇറ്റലിയിലേക്കെത്തുമെന്ന് സന്തേജീദിയോ സമൂഹം അറിയിച്ചു. കാരിത്താസ് ഇറ്റലി വഴി, ഇറ്റലിയിലെ മെത്രാൻസമിതിയും, സന്തേജീദിയോ സമൂഹവും, ഇവാഞ്ചെലിക്കൽ സഭകളുടെ ഫെഡറേഷനും, ഉൾപ്പെടെയുള്ള വിവിധ സഭകളും, ഇറ്റലിയുടെ ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങളും തമ്മിലുള്ള കരാർ അനുസരിച്ചാണ് പുതുതായി 191 അഭയാർത്ഥികൾ കൂടി ഇറ്റലിയിലേക്കെത്തുന്നത്. സാങ്കേതികമായ തകരാറുകൾ മൂലമാണ് ജൂൺ 20-ന് റോമിലെത്തേണ്ടിയിരുന്ന ഇവരുടെ യാത്ര നീട്ടിവയ്‌ക്കേണ്ടിവന്നതെന്ന് സന്തേജീദിയോ സമൂഹം അറിയിച്ചു.

2021 ഓഗസ്റ്റ് മുതൽ പാക്കിസ്ഥാനിൽ അഭയാർത്ഥികളായി താമസിച്ചുവരുന്ന 191 അഫ്‌ഗാൻ പൗരന്മാരെയും ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുമെന്നും, അവരുടെ സാമൂഹികോദ്ഗ്രഥനത്തിന്റെ ഭാഗമായി, അവർക്ക് ഭാഷാപഠനം, ജോലികൾക്കായുള്ള പരിശീലനം എന്നിവ നൽകുകയും ചെയ്യുമെന്ന് സന്തേജീദിയോ സമൂഹം വ്യക്തമാക്കി.

പാക്കിസ്ഥാനിൽനിന്നുള്ള യാത്ര, അഭയാർത്ഥികളുടെ കുടുംബങ്ങളുടെ സംരക്ഷണം, തുടങ്ങിയവയും വിവിധ സന്നദ്ധസംഘടനകളുടെയും സന്തേജീദിയോ സമൂഹത്തിന്റെയും നേതൃത്വത്തിലാണ് നടത്തുന്നത്. മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലെത്തുന്ന ഈ അഭയാർത്ഥികൾക്കുള്ള താമസമൊരുക്കുന്നതും ഇറ്റലിയിലെ വിവിധ സംഘടനകളാണ്.

ജൂൺ 21 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക്, ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയതിന് ശേഷം, അഭയാർത്ഥികൾക്ക് നൽകുന്ന സ്വീകരണത്തിൽ, സന്തേജീദിയോ സമൂഹത്തിന്റെ സ്ഥാപകൻ അന്ത്രെയാ റിക്കാർദി, ഇറ്റലിയിലെ ഇവാഞ്ചെലിക്കൽ സഭകളുടെ ഫെഡറേഷൻ പ്രസിഡന്റ് ദാനിയേലെ ഗറോണെ, ഇറ്റലിയുടെ ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ള സംഘം പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2024, 16:38