ഛാഡിൽ കഴിഞ്ഞദിവസം നടന്ന അപകടം നടന്ന ഇടത്തുനിന്നുള്ള ദൃശ്യം ഛാഡിൽ കഴിഞ്ഞദിവസം നടന്ന അപകടം നടന്ന ഇടത്തുനിന്നുള്ള ദൃശ്യം  (THE PICTURE)

ഛാഡിൽ ആയുധശേഖരം പൊട്ടിത്തെറിച്ച് വൻ അപകടം: ഫീദെസ് വാർത്താ ഏജൻസി

മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിന്റെ തലസ്ഥാനമായ ൻഡ്ജാമെനയിലെ ഏറ്റവും വലിയ ആയുധശേഖരം അഗ്നിക്കിരയായി. ജൂൺ 18 ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ഈ അപകടത്തിൽപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിന്റെ തലസ്ഥാനമായ ൻഡ്ജാമെനയിലെ ഗുഡ്‌ജിയിൽ ഹസ്സൻ ഡ്‌ജാമുസ് വിമാനത്താവളത്തിന് സമീപത്തുള്ള രാജ്യത്തെ ഏറ്റവും വലിയ ആയുധശേഖരം അഗ്നിക്കിരയായി. ജൂൺ 18 ചൊവ്വാഴ്ച വൈകുന്നേരം പതിനൊന്നോടെയാണ് അതിശക്തമായ സ്ഫോടനത്തോടെ ഇവിടെയുള്ള ആയുധങ്ങൾ അപകടം വിതച്ചത്. ഈ ദുരന്തത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

രാജ്യത്തെത്തന്നെ വലിയ ആയുധശേഖരങ്ങളിലൊന്നായ ഇവിടെയുണ്ടായ അപകടത്തിന്റെ കാരണങ്ങളെപ്പറ്റി ഔദ്യോഗികമായ വിവരങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിലും, ഏതാനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായതിന് സമാനമായ ഒരു അപകടമായിരിക്കാം ഇതുമെന്നാണ് കരുതപ്പെടുന്നതെന്ന് ഫീദെസ് അറിയിച്ചു.

ആദ്യ സ്ഫോടനത്തിനുശേഷം തുടർച്ചയായ ചെറിയ സ്‌ഫോടനങ്ങൾ ഉണ്ടായതായും അവ ഏതാണ്ട് രണ്ടു മണിക്കൂറോളം നീണ്ടതായും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തിൽ പ്രസിഡന്റ് മഹമത് ഡെബി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഈ സംഭവമെന്ന് ഫീദെസ് പ്രത്യേകം പരാമർശിച്ചു. പ്രതിപക്ഷ നേതാവായിരുന്ന യായ ഡില്ലോ ഇലക്ഷന് മുൻപ് കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് ഫ്രഞ്ച്, അമേരിക്കൻ സേനകളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി ഛാഡ് റഷ്യയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തുവന്നിരുന്നത്.

ജൂൺ 18-ന് നടന്ന അപകടത്തിൽ ഏതാണ്ട് പത്തോളം പേർ കൊല്ലപ്പെട്ടതായും നാൽപ്പതിലധികം പേർക്ക് പരിക്കേറ്റതായും വിവിധ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2024, 16:24