ഗാസയിൽ നിന്നുള്ള ചിത്രം ഗാസയിൽ നിന്നുള്ള ചിത്രം   (DAWOUDABOALKAS)

ഗാസയിലെ കുട്ടികൾക്ക് ഭാവി നിഷേധിക്കപ്പെടുന്നു

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ കുട്ടികൾക്ക് വർഷാവസാന പൊതുപരീക്ഷകളിൽ പങ്കെടുക്കുവാൻ സാധിക്കാത്തതുകൊണ്ട്, അവരുടെ ഭാവി ഇരുട്ടിലേക്ക് നീങ്ങുന്നുവെന്ന് സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ കുട്ടികൾക്ക് വർഷാവസാന പൊതുപരീക്ഷകളിൽ പങ്കെടുക്കുവാൻ സാധിക്കാത്തതുകൊണ്ട്, അവരുടെ ഭാവി ഇരുട്ടിലേക്ക് നീങ്ങുന്നുവെന്ന്  സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 39, 000 കുട്ടികളായിരുന്നു ഇത്തവണ ഹൈസ്‌കൂൾ പൊതുപരീക്ഷ എഴുതേണ്ടിയിരുന്നത്. ജീവിതത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതിനും, രൂപീകരിക്കുന്നതിനും ഏറെ പ്രാധാന്യമുള്ള ഈ പൊതുപരീക്ഷയിൽ കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിക്കാതെ പോയത് കുട്ടികളുടെ അവകാശങ്ങളുടെ നിഷേധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷയിൽ പങ്കെടുക്കേണ്ട നിരവധികുട്ടികൾ ഇതിനോടകം കൊല്ലപ്പെടുകയോ, ഗുരുതരമായ പരിക്കുകളേറ്റു ചികിത്സയിൽ കഴിയുകയോ ആണെന്ന് സംശയിക്കുന്നതായും വിശുദ്ധ നാട്ടിലെ വിദ്യാലയ സ്ഥാപനങ്ങളുടെ കൂടെ ചുമതലയുള്ള ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. നിരവധി കുട്ടികൾ ഈ യുദ്ധകാലഘട്ടത്തിൽ അനാഥരായി മാറിയ കദനസംഭവങ്ങളും ഫാ. ഇബ്രാഹിം പങ്കുവച്ചു.  നിരവധി സ്‌കൂളുകൾ ബോംബാക്രമണത്തിൽ തകർന്നുപോയതിനാൽ, വിദ്യാഭ്യാസരംഗം അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്.

വിദ്യാഭ്യാസത്തിന്റെ പ്രാരംഭദശയിലുള്ള കുട്ടികൾ പോലും ഏറെ ഭയത്തോടെയാണ് വീടുകളിൽ നിന്നും യാത്രയാകുന്നത്. ഇത് ഇവരുടെ മാനസികമായ വളർച്ചയെയും, വികാസത്തെയും തടസപ്പെടുത്തുന്നുവെന്നും ഫാ. ഇബ്രാഹിം പറഞ്ഞു.

അക്രമവും, വിരോധവും അരങ്ങുതകർക്കുന്ന ഒരു നാട്ടിൽ കുട്ടികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായും, അതിനാൽ എത്രയും വേഗം സമാധാനം കൈവരിക്കുവാൻ ഇരുകൂട്ടർക്കും സാധിക്കട്ടെയെന്നും ഫാ. ഫാൽത്താസ് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2024, 12:22