ഗാസയിൽ അടിയന്തരചികിത്സ പോലും നിഷേധിക്കപ്പെടുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റാഫയിൽ ഉണ്ടായ ആക്രമണത്തെത്തുടർന്ന് , ഗാസയിൽ കുട്ടികൾക്ക് വേണ്ടുന്ന അടിയന്തര ചികിത്സകൾ പോലും നിഷേധിക്കപ്പെടുന്നതായും, തന്മൂലം ഏകദേശം മൂവായിരത്തിലധികം കുട്ടികൾ മരണത്തിനു കീഴടങ്ങുവാനുള്ള സാധ്യതയും യൂണിസെഫ് സംഘടന വിലയിരുത്തുന്നു. പോഷകാഹാരങ്ങളുടെ അഭാവം മരണസംഖ്യ ഉയർത്തിയേക്കാമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.
റാഫയിൽ സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് തെക്കൻ പ്രദേശത്ത്, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിചരണം നടത്തിവന്നിരുന്നു. എന്നാൽ ഇത് തുടർന്നുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ് യുദ്ധം ഉളവാക്കിയിരിക്കുന്നത്. ഉത്തരമേഖലയിലേക്കുള്ള ഭക്ഷ്യസഹായ വിതരണത്തിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും മറുവശത്ത്, കുടുംബാംഗങ്ങളുടെ മുൻപിൽ തന്നെ കുട്ടികൾ മരിച്ചുവീഴുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.
ഗുരുതരമായ പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയെ ചികിത്സിക്കുന്നതിന് സാധാരണയായി ആറ് മുതൽ എട്ട് ആഴ്ച വരെ തടസ്സമില്ലാത്ത പരിചരണം ആവശ്യമാണ്, കൂടാതെ പ്രത്യേക ചികിത്സാ ഭക്ഷണവും സുരക്ഷിതമായ വെള്ളവും മറ്റ് വൈദ്യസഹായവും ആവശ്യമാണ്. എന്നാൽ ഈ ആവശ്യങ്ങളൊന്നും നിറവേറ്റുവാൻ സാധിക്കാത്ത സാഹചര്യമാണ് ഗാസയിൽ ഇപ്പോൾ നിലവിലുള്ളത്. അനുകൂലമായ സാഹചര്യങ്ങൾ എത്രയും വേഗം സംജാതമാകുന്നതിനു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂണിസെഫ് തുടങ്ങിയ സംഘടനകൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: