ഗാസ സഹായത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ജോർദാൻ ആതിഥേയത്വം വഹിക്കും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഗാസയിലെ ഭീകരമായ മാനുഷിക സാഹചര്യങ്ങളോടുള്ള അന്താരാഷ്ട്ര പ്രതികരണം വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം. വർദ്ധിച്ചുവരുന്ന ദുരന്തസാഹചര്യം പരിഹരിക്കുന്നതിന് നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഏകോപിതമായി പരിശ്രമിക്കാൻ പ്രതിജ്ഞാബദ്ധരാകുമെന്നാണ് പ്രതീക്ഷ.
അടിയന്തര സഹായത്തിനും സമാധാന ശ്രമങ്ങൾക്കും പാപ്പായുടെ ആഹ്വാനം
വരാനിരിക്കുന്ന സമ്മേളനത്തിന്റെ വെളിച്ചത്തിൽ, ഗാസയിലെ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ പ്രവർത്തിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. മാനുഷിക സഹായം അടിയന്തിര ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.
ഗാസ മുനമ്പിൽ സഹായം
ഈജിപ്ഷ്യ൯ വ്യോമസേന അടുത്തിടെ വടക്ക൯ ഗാസയിൽ നിരവധി സഹായങ്ങൾ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള നിർണ്ണായക പ്രവേശന കവാടമായ റാഫ അതിർത്തി അടയ്ക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വെല്ലുവിളികൾക്കിടയിലാണ് ഈ ശ്രമങ്ങൾ നടക്കുന്നത്.
നിലവിലെ സംഘർഷവും കടുത്ത നിയന്ത്രണങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചതായും ഗാസയിലെ പത്തിൽ ഒമ്പത് കുട്ടികളും കടുത്ത ഭക്ഷ്യ ദാരിദ്ര്യം അനുഭവിക്കുന്നതായും യുണിസെഫിന്റെ വക്താവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച സംഘർഷം ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നടത്തിവരുന്ന വൻ ആക്രമണ പരമ്പര മൂലം എട്ട് മാസമായി തുടരുകയാണെന്ന് യുണിസെഫ് വ്യക്തമാക്കി. ജോർദാനിലെ അന്താരാഷ്ട്ര സമ്മേളനം ആഗോള പിന്തുണ സമാഹരിക്കുന്നതിനും ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള നിർണ്ണായക ചുവടുവയ്പ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: