തിരയുക

സുഡാനിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം സുഡാനിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം  (ANSA)

സുഡാനിൽ ഏഴുലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലെന്ന് യൂണിസെഫ്

പോഷകാഹാരക്കുറവ് മൂലം സുഡാനിൽ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സംഘർഷങ്ങൾ തുടരുന്ന രാജ്യത്ത്, എൽ ഫാഷറിൽ കഴിഞ്ഞ ഏഴ് ആഴ്ചകളിൽ പരിക്കേറ്റവരും മരണമടഞ്ഞവരുമായി നാനൂറോളം കുട്ടികൾ. ഒന്നരക്കോടിയോളം കുട്ടികൾക്ക് അടിയന്തിരമാനവികസഹായം ആവശ്യം. തൊണ്ണൂറ് ലക്ഷത്തോളം കുട്ടികൾ ഗുരുതരമായ ഭാഷ്യ അരക്ഷിതാവസ്ഥയിൽ. നാൽപ്പത് ലക്ഷത്തോളം പേർ കടുത്ത പോഷകാഹാരക്കുറവനുഭവിക്കുന്നു. ലോകത്ത് ഭവനരഹിതരായ ഏറ്റവും കൂടുതൽ കുട്ടികൾ സുഡാനിൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സംഘർഷങ്ങൾ, അന്നാട്ടിലെ കുട്ടികളുടെ ജീവിതത്തെ താറുമാറാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. രാജ്യത്തെ രണ്ടരക്കോടിയോളം വരുന്ന കുട്ടികളിൽ, ഒന്നരക്കോടിയോളം കുട്ടികൾക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമുണ്ടെന്നും, ഇവരിൽ ബഹുഭൂരിപക്ഷത്തിനും സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്നും യൂണിസെഫ് അദ്ധ്യക്ഷ വ്യക്തമാക്കി. പോർട്ട് ഓഫ് സുഡാനിൽ നടത്തിയ ഒരു ഔദ്യോഗികയാത്രയുടെ അവസാനത്തിൽ, ജൂൺ 26-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സുഡാനിലെ കുട്ടികൾ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ശ്രീമതി റസ്സൽ വിശദീകരിച്ചത്.

2023-ൽ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റതും മരണമടഞ്ഞതുമായ കുട്ടികളുടെ എണ്ണം 3800 കവിയുമെന്ന് യൂണിസെഫ് അധ്യക്ഷ അറിയിച്ചു. വടക്കൻ ദാർഫൂറിലെ എൽ ഫാഷറിൽ അടുത്തിടെ നടന്ന സംഘർഷങ്ങളുടെ ഇരകളായത് 400-ലധികം കുട്ടികളാണ്. ജനനിബിഢപ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങൾ മൂലം നിരവധി കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് ഭീഷണിയിലാകുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ വിവരിച്ചു. എൽ ഫാഷറിലുള്ള “സൗദി മാതൃത്വ ആരോഗ്യപരിപാലനകേന്ദ്രം” ബോംബിട്ട് തകർക്കപ്പെട്ടത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.

സുഡാനിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി തുടരുന്ന യുദ്ധം മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് കാതറിൻ റസ്സൽ അറിയിച്ചു. കുട്ടികളാണ് ഇത്തരം യുദ്ധങ്ങളുടെ ദുരനുഭവങ്ങൾ കൂടുതലായി ഏൽക്കേണ്ടിവരുന്നതെന്നും, രാജ്യത്ത് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ ലക്ഷക്കണക്കിന് കുട്ടികൾ നിർബന്ധിതരാകുന്നുവെന്നും യൂണിസെഫ് ഡിറ്റക്ടർ ജനറൽ വ്യക്തമാക്കി. ലോകത്ത് ഭവനരഹിതരായ ഏറ്റവും കൂടുതൽ കുട്ടികൾ സുഡാനിലാണ് ജീവിക്കുന്നത്.

രാജ്യത്ത് ഏതാണ്ട് തൊണ്ണൂറ് ലക്ഷത്തിലധികം കുട്ടികൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും ജലദൗർലഭ്യതയും അനുഭവിക്കുന്നുണ്ടെന്നും യൂണിസെഫിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കി. അഞ്ചുവയസ്സിൽ താഴെയുള്ള നാൽപ്പത് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവരിൽ ഏഴുലക്ഷത്തിമുപ്പതിനായിരത്തോളം പേരുടെ ജീവൻ പോലും അപകടത്തിലാണെന്നും ശിശുക്ഷേമനിധി അദ്ധ്യക്ഷ അറിയിച്ചു. സംഘർഷങ്ങളും, നിരോധനാജ്ഞകളും മൂലം പ്രതിരോധകുത്തിവയ്‌പ്പുകൾ നൽകുന്നതുപോലും ബുദ്ധിമുട്ടിലായെന്ന് യൂണിസെഫ് വ്യക്തമാക്കി.

രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്നും, നീണ്ടുനിൽക്കുന്ന സമാധാനം ഉറപ്പാക്കാനായി ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. നിരോധനങ്ങൾ നീക്കി, മാനവികസഹായമെത്തിക്കുവാൻ സംഘടനകൾക്ക് സൗകര്യമൊരുക്കണമെന്നും ശിശുക്ഷേമനിധിയുടെ പത്രക്കുറിപ്പ് നിർദ്ദേശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2024, 14:40