ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് പാകിസ്ഥാൻ നിയമനിർമ്മാണസഭ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമീപകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള തുടർച്ചയായ ആൾകൂട്ടവിചാരണകളും, കൊലപാതകങ്ങളും ഏറി വരുന്ന പാക്കിസ്ഥാനിൽ, ഇത്തരം ഹീനകൃത്യങ്ങളെ പാക്കിസ്ഥാൻ നിയമനിർമ്മാണസഭ അപലപിക്കുകയും, നിയമവാഴ്ചയെ ബഹുമാനിക്കുവാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
ആൾകൂട്ടക്കൊലയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ സംയുക്ത നിയമനിർമ്മാണ സഭ അംഗീകരിച്ചു. ജൂൺ മാസം ഇരുപത്തിമൂന്നാം തീയതി അംഗീകരിക്കപ്പെട്ട പ്രമേയത്തിൽ നിയമവാഴ്ച നടപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു.
അക്രമത്തെ ചെറുക്കുന്നതിനും എല്ലാ പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുനൽകുന്നതുമായ നിയമനിർമ്മാണ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. നീതിന്യായവകുപ്പിന്റ ചുമതലയുള്ള മന്ത്രി ആസാം നസീർ തരാർ ആണ് പ്രമേയം മുൻപോട്ടു വച്ചത്.
ജീവിക്കാനുള്ള അവകാശം പാകിസ്ഥാൻ ഭരണഘടന അനുശാസിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സ്വാത്തിലും സർഗോദയിലും മതനിന്ദാ കുറ്റങ്ങൾ ആരോപിച്ച് പൗരന്മാരെ ആൾക്കൂട്ടക്കൊല ചെയ്തതിൽ സഭ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
ഒരു പരിഷ്കൃത സമൂഹത്തിൽ ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുവാനും, അവർക്കെതിരെ കഠിന നടപടികൾ സ്വീകരിക്കുവാനും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും പ്രമേയത്തെ പിന്തുണച്ചു എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.
ഇതിനോടകം പഞ്ചാബ് പ്രാദേശിക നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും, മതനിന്ദയുടെ പേരിലുള്ള അക്രമസംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും, ഇത്തരം അക്രമങ്ങളും കൂട്ടക്കൊലകളും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നും വ്യക്തമാക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: