തിരയുക

സങ്കീർത്തനചിന്തകൾ - 76 സങ്കീർത്തനചിന്തകൾ - 76 

വിജയം നൽകുന്ന കർത്താവിനൊപ്പം നിൽക്കുക

വചനവീഥി: എഴുപത്തിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എഴുപത്തിയാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്തിന്റെ വിധിയാളനും, ജറുസലേമിൽ വസിക്കുന്നവനുമായ ഇസ്രയേലിന്റെ ദൈവത്തെ വാഴ്ത്തുന്ന ഒരു സീയോൻഗീതമാണ് എഴുപത്തിയാറാം സങ്കീർത്തനം. സീയോനിൽ വച്ച് ദൈവം തന്റെ ജനത്തിന്റെ ശത്രുക്കളുടെ ആയുധങ്ങൾ തകർക്കുകയും, ഉയർന്നെണീക്കാൻ സാധിക്കാത്തവിധം യോദ്ധാക്കളെ പരാജയപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ദുഷ്ടർക്ക് പരാജയവും പീഡിതർക്ക് രക്ഷയും ഉറപ്പാക്കുന്ന ദൈവം നീതി സ്ഥാപിക്കുന്നവനാണ്. ഭൂമിയിലെ രാജാക്കന്മാരെയും അധികാരികളെയും കാൾ, യഥാർത്ഥ രാജാവും പ്രപഞ്ചത്തിന്റെ മുഴുവനും അധികാരിയുമായ കർത്താവിനോട് ചേർന്ന് നിൽക്കാനും, അവിടുത്തേക്ക് നേർച്ചകാഴ്ചകൾ സമർപ്പിക്കാനും സങ്കീർത്തകൻ ജനത്തെ ആഹ്വാനം ചെയ്യുന്നു. ഇസ്രയേലിന്റെയും തന്റെ വാസസ്ഥലമായ സീയോന്റെയും ശക്തനായ പരിപാലകൻ ദൈവമാണ് എന്ന ഒരു ചിന്തയാണ് ഗായകസംഘനേതാവിന് താന്ത്രീനാദത്തോടെ ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്.

ദൈവത്തിന്റെ നഗരമായ സീയോൻ

സീയോൻ നഗരത്തെ മഹത്വപ്പെടുത്തുന്ന ഒരു കീർത്തനമാണ് എഴുപത്തിയാറാം സങ്കീർത്തനം. ദൈവത്തിന്റെ സാന്നിദ്ധ്യമാണ് സീയോന്റെ മഹത്വത്തിന് കാരണമായി നിൽക്കുന്നത്. ഇസ്രയേലിന്റെ ശത്രുക്കളെ ദൈവം തോൽപ്പിച്ചത് ഈ സീയോനിൽ, ജറുസലേം കുന്നിൽവച്ചാണ്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ വിജയം ആഘോഷിക്കാൻ ഏറ്റവും യോജിച്ച സ്ഥലവും സീയോൻ തന്നെ. സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിൽ ദൈവസാന്നിദ്ധ്യം മൂലം സീയോന് ലഭിക്കുന്ന പ്രാധാന്യമാണ് അസാഫ് എഴുതിവയ്ക്കുക: "ദൈവം യൂദായിൽ പ്രസിദ്ധനാണ്; ഇസ്രായേലിൽ അവിടുത്തെ നാമം മഹനീയവുമാണ്. അവിടുത്തെ നിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു" (സങ്കീ. 76, 1-2). ജെറുസലേമിന്റെ പുരാതനമായ പേരാണ് സാലെം. ഉൽപത്തിപ്പുസ്തകം പതിനാലാം അദ്ധ്യായത്തിൽ സാലെം രാജാവായ മെൽക്കിസെദേക്കിനെക്കുറിച്ച് പരാമർശിക്കുന്നത് നാം കാണുന്നുണ്ട് (ഉൽപത്തി 14, 18). എന്നാൽ ഈ പേരിന്റെ ഉപയോഗത്തെ സമാധാനം എന്ന അർത്ഥം വരുന്ന ഷാലോം എന്ന വാക്കിനോടുള്ള സാമീപ്യം മൂലമായിരിക്കാം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്.  തന്റെ ജനത്തിന്റെ കൂടെ വസിക്കുന്ന ദൈവം, സീയോനിൽവച്ച് ഇസ്രായേൽ ജനത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയതാണ് മൂന്നാം വാക്യത്തിൽ സങ്കീർത്തകൻ അനുസ്മരിക്കുന്നത്: "അവിടെ വച്ച് അവിടുന്ന്, മിന്നൽ പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു" (സങ്കീ. 76, 3). എത്രമാത്രം വൈദഗ്ധ്യം നേടിയാലും ദൈവത്തിന് മുന്നിൽ മനുഷ്യരുടെ ശക്തിയും കഴിവുകളും നിസ്സാരമാണെന്ന ഒരു തിരിച്ചറിവിലേക്ക് ഈ വാക്യങ്ങൾ നമ്മെ കൊണ്ടുപോകുന്നുണ്ട്. സൃഷ്ടാവിനെതിരെ സൃഷ്ടിയുടെ അതിക്രമങ്ങൾക്ക് ആയുസ്സേറെയില്ലെന്ന സത്യം ഇസ്രായേൽ ജനത്തിനും ഒരു ഉദ്ബോധനമാണ്.

ഇസ്രയേലിന്റെ കർത്താവിന്റെ വിജയം

എഴുപത്തിയാറാം സങ്കീർത്തനത്തിൽ പ്രതിപാദിക്കപ്പെടുന്ന പ്രധാന വിഷയം തന്റെ വാസസ്ഥലമായ നഗരത്തെ ആക്രമിച്ച ശത്രുക്കളുടെമേൽ ദൈവം നേടുന്ന വിജയമാണെന്ന് നമുക്ക് കാണാം. എന്തുകൊണ്ട് കർത്താവിനെ സ്തുതിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിക്കൂടിയാണ് സങ്കീർത്തകൻ ദൈവത്തിന്റെ മഹത്വത്തെയും അവന്റെ വിജയങ്ങളെയും വർണ്ണിക്കുന്നത്. കർത്താവിന്റെ വിജയത്തെക്കുറിച്ചുള്ള സമാന്തരങ്ങളായ രണ്ടു ചെറുവിവരണങ്ങളാണ് സങ്കീർത്തനത്തിന്റെ കേന്ദ്രഭാഗത്ത് നമുക്ക് കാണാനാകുക. "അങ്ങ് മഹത്വപൂർണ്ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാൾ അങ്ങ് പ്രതാപവാനാണ്" (സങ്കീ. 76, 4) എന്ന നാലാം വാക്യം മുതൽ ആറാം വാക്യം വരെയുള്ളതാണ് ഇവയിൽ ആദ്യത്തെ വിവരണം: പ്രപഞ്ചത്തിന്റെ സൃഷ്ടിമുതൽ നിലനിൽക്കുന്ന ശൈലങ്ങളെക്കുറിച്ച് ഉൽപ്പത്തിപുസ്തകം നാല്പത്തിയൊൻപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട് (ഉൽപ്പത്തി, 49, 26). "ധീരരുടെ കൊള്ളമുതൽ അവരിൽനിന്നു കവർന്നെടുത്തു; അവർ നിദ്രയിലാണ്ടു; യോദ്ധാക്കൾക്കു കൈയുയർത്താൻ കഴിയാതെപോയി" (സങ്കീ. 76, 5) എന്ന അഞ്ചാം വാക്യത്തെ രാജാക്കന്മാരുടെ രണ്ടാം പുസ്‌തകം പത്തൊൻപതാം അധ്യായത്തിൽ കാണുന്നതുപോലെ, കർത്താവിന്റെ ദൂതൻ അസ്സീറിയക്കാരുടെ പാളയത്തിൽ കടന്ന് ഒരുലക്ഷത്തി എൺപത്തിയയ്യായിരം പേരെ വധിച്ച സംഭവവുമായാണ് വ്യാഖ്യാതാക്കൾ ബന്ധപ്പെടുത്തുന്നത് (2 രാജാ. 19, 35). ബാബിലോണും കൽദായ ജനതയും സീയോനെതിരെ ചെയ്‌ത അതിക്രമങ്ങൾക്കെതിരെ കർത്താവിന്റെ ക്രോധമുയരുന്നതുമായി ബന്ധപ്പെട്ട് ജെറമിയ പ്രവാചകൻ തന്റെ അൻപത്തിയൊന്നാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നിടത്തും "ഉണരാത്ത നിദ്രയെക്കുറിച്ച്" (ജെറമിയ 51, 39) പറയുന്നുണ്ട്.

സങ്കീർത്തനത്തിന്റെ ഏഴുമുതൽ പത്തുവരെയുമുള്ള വാക്യങ്ങളിലും കർത്താവിൻറെ വിജയത്തെക്കുറിച്ച് സങ്കീർത്തകൻ എഴുതുന്നത് നമുക്ക് കാണാം. "അങ്ങ് ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്ജ്വലിച്ചാൽ പിന്നെ ആർക്ക് അങ്ങയുടെ മുൻപിൽ നിൽക്കാൻ കഴിയും? ആകാശത്തിൽനിന്ന് അങ്ങ് വിധി പ്രസ്‌താവിച്ചു; നീതി സ്ഥാപിക്കാൻ, ഭൂമിയിലെ എല്ലാ പീഡിതരെയും രക്ഷിക്കാൻ, അവിടുന്ന് എഴുന്നേറ്റപ്പോൾ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി. മനുഷ്യന്റെ ക്രോധം പോലും അങ്ങേക്ക് സ്തുതിയായി പരിണമിക്കും; അതിൽനിന്നു രക്ഷപെടുന്നവർ അങ്ങയുടെ ചുറ്റും ചേർന്ന് നിൽക്കും" (സങ്കീ. 76, 7-10). കർത്താവിന്റെ സാർവത്രികമായ അധികാരത്തിലേക്കുകൂടി ഈ സങ്കീർത്തനവാക്യങ്ങൾ വെളിച്ചം വീശുന്നുണ്ട്. ഭൂമിയിലെ എല്ലാ പീഡിതർക്കും രക്ഷയേകുന്നതും നീതി സ്ഥാപിക്കുന്നതും കർത്താവാണ്. ഇസ്രയേലിന്റെ ദൈവത്തിനെതിരെ സ്വരമുയർത്തുന്നവർ, അവന്റെ അധികാരത്തെയും ശക്തിയേയുമാണ് ഭയക്കുന്നതും, അവന്റെ രാജത്വത്തെ ലോകം മുഴുവൻ അറിയിക്കുന്നതും. ദൈവത്തിനെതിരെ സ്വരമുയർത്തുന്നവർക്കൊപ്പം ചേരാതെ, ദൈവത്തിനൊപ്പം ചേർന്ന് രക്ഷ സ്വന്തമാക്കാൻ ജനത്തിനുള്ള ഉദ്ബോധനവും സങ്കീർത്തകൻ ഈ വാക്യങ്ങളിലൂടെ നൽകുന്നുണ്ട് (സങ്കീ. 76, 10).

ദൈവസ്തുതിക്ക് ആഹ്വാനം

സങ്കീർത്തനത്തിന്റെ പതിനൊന്നാം വാക്യം ഉൾക്കൊള്ളുന്ന മൂന്നാമത്തെ ഭാഗം ദൈവസ്‌തുതിക്കുള്ള ആഹ്വാനമാണ്: "നിങ്ങളുടെ ദൈവമായ കർത്താവിനു നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ അവിടുത്തേക്ക്‌ കാഴ്‌ചകൾ കൊണ്ടുവരട്ടെ (സങ്കീ. 76, 11). "ആരെങ്കിലും കർത്താവിന് നേർച്ച നേരുകയോ ശപഥം ചെയ്‌തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്‌താൽ തന്റെ വാക്ക് ലംഘിക്കാതെ വാഗ്‌ദാനം നിറവേറ്റണം" (സംഖ്യ 30, 2) എന്ന് സംഖ്യയുടെ പുസ്തകം മുപ്പതാം അദ്ധ്യായത്തിൽ മോശ ഇസ്രായേൽ ജനത്തോട് കർത്താവിന്റെ കൽപ്പന അറിയിക്കുന്നുണ്ട്. നേർച്ചകൾക്കും ശപഥങ്ങൾക്കും അപ്പുറം ദൈവസ്‌തുതി പാടുവാനുള്ള കടമയാണ് വിശ്വാസികൾക്കുള്ളത്. ശക്തനായ ദൈവമാണ് അവിടുന്ന് എന്നതിനാലാണ് കർത്താവിന് നേർച്ചകൾ നേരാൻ സങ്കീർത്തകൻ ജനത്തെ ആഹ്വാനം ചെയ്യുന്നത്. സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ ഇത് ആസാഫ് പരാമർശിക്കുന്നുണ്ട്: "അവിടുന്ന് പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയകാരണമാണ്" (സങ്കീ. 76, 12). ഇസ്രായേൽ ജനം മാത്രമല്ല, ലോകത്തിലെ അധികാരികൾ മുഴുവനും കർത്താവിന് മുൻപിൽ സ്‌തുതിയും ബഹുമതിയും ഉയർത്തണമെന്ന് സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. സകല അധികാരങ്ങളും ഇസ്രയേലിന്റെ ദൈവമായ കർത്താവിനു കീഴിലുള്ളതാണ്.

സങ്കീർത്തനം ജീവിതത്തിൽ

ഇസ്രയേലിന്റെ ശത്രുക്കളെ സീയോനിലും ജെറുസലേം കുന്നിലും പരാജയപ്പെടുത്തുകയും, തന്റെ ജനത്തിന് വിജയം നൽകുകയും ചെയ്യുന്ന ദൈവത്തെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്ന എഴുപത്തിയാറാം സങ്കീർത്തനം ഒരു സീയോൻഗീതം എന്നതിനൊപ്പം ഒരു ഉദ്ബോധനഗീതം കൂടിയാണെന്ന് നമുക്ക് കാണാം. യഥാർത്ഥ വിജയം ഇസ്രയേലിന്റെ ദൈവത്തിന്റേതാണെന്ന് തിരിച്ചറിയുകയും, ഭൂമിയിലെ സകല അധികാരങ്ങളും അവനു കീഴ്പ്പെട്ടിരിക്കുന്നുവെന്ന് അംഗീകരിക്കുകയും ചെയ്യുന്നിടത്ത്, ആ ദൈവത്തിന് സ്തുതിയർപ്പിക്കാനുളള വിളികൂടി നമുക്ക് മുന്നിൽ തെളിയുന്നുണ്ട്. ഈ ഭൂമിയിലെ സകല പീഡിതർക്കും രക്ഷയും ആശ്വാസവും നൽകുന്നതും, ലോകത്തെ നീതിപൂർവ്വം വിധിക്കുന്നതും കർത്താവാണെന്ന തിരിച്ചറിവിൽ, അവനോട് ചേർന്ന് നിൽക്കാനും, അവനു സ്തുതിയുടെ കീർത്തനം പാടാനും നമുക്കും പരിശ്രമിക്കാം. മനുഷ്യരുടെ ക്രോധത്തിൽനിന്നും കെണികളിൽനിന്നും രക്ഷപെട്ട് അകന്നു നിൽക്കാനും, ദൈവത്തിന്റെ സംരക്ഷണത്തിന് കീഴിൽ ആയിരിക്കാനും നമുക്ക് സാധിക്കട്ടെ. മഹത്വപൂർണ്ണനും, ഭീതിദനുമായ ഇസ്രയേലിന്റെ ദൈവത്തിന് എന്നും സ്തുതിയുയരട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2024, 17:00