തിരയുക

സങ്കീർത്തനചിന്തകൾ - 79 സങ്കീർത്തനചിന്തകൾ - 79 

പാപങ്ങൾക്കുള്ള ശിക്ഷയും കരുണയുടെ ദൈവവും

വചനവീഥി: എഴുപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എഴുപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള എഴുപത്തിയൊൻപതാം സങ്കീർത്തനം, എഴുപത്തിനാലാം സങ്കീർത്തനം പോലെയുള്ള ഒരു വിലാപഗാനമാണ്. ആരാധനാവേളയിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കീർത്തനമാണിതെന്ന് കരുതപ്പെടുന്നു. ജെറുസലേം ദേവാലയം നശിപ്പിക്കുകയും നിരവധിയാളുകളെ കൊലചെയ്യുകയും ചെയ്തവർക്കെതിരെയുള്ള ആരോപണങ്ങളാണ് സങ്കീർത്തകൻ ഇവിടെ  ഉയർത്തുന്നത്. ക്രിസ്തുവിന് മുൻപ് 587-ആം ആണ്ടിൽ ബാബിലോണിയൻ സൈന്യം ജെറുസലേം നശിപ്പിച്ചതുമായി ബന്ധപ്പെട്ടാകാം ഈ സങ്കീർത്തനം എഴുതപ്പെട്ടത്. ദൈവത്തിന്റെ നഗരത്തിനും അവന്റെ ജനത്തിനും പ്രവർത്തിച്ചവർക്കുനേരെ ദൈവത്തിന്റെ പ്രതികാരത്തിനായി ഇസ്രായേൽ പ്രാർത്ഥിക്കുന്നു. മറ്റ് നിരവധി സങ്കീർത്തനങ്ങളിലെന്നപോലെ ഇവിടെയും, തങ്ങളുടെ പിതാക്കന്മാരുടേതുൾപ്പെടെയുള്ള പാപങ്ങൾക്കുള്ള ശിക്ഷയായാണ് തങ്ങളനുഭവിക്കുന്ന ദുരിതങ്ങൾ എന്ന ചിന്ത സങ്കീർത്തകൻ ആവർത്തിക്കുന്നുണ്ട്. തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിലൂടെ ഇസ്രയേലിനോടുള്ള തന്റെ സ്നേഹമാണ് ദൈവം വെളിവാക്കുന്നതെന്നെ ചിന്തയിൽ, തങ്ങളുടെ പാപങ്ങൾ പൊറുത്ത്, മറ്റു ജനതകളോട് പ്രതികാരം ചെയ്യണമെയെന്ന് ഇസ്രായേൽ ജനം കർത്താവിനോടപേക്ഷിക്കുന്നു. ഇസ്രയേലിന്റെ ശത്രുക്കളെ ദൈവം ശിക്ഷിക്കുമ്പോൾ, ദൈവജനം ദൈവത്തിന് കൃതജ്ഞതയർപ്പിക്കുകയും, അവന്റെ സ്തുതികൾ ആലപിക്കുകയും ചെയ്യുമെന്ന് സങ്കീർത്തകൻ ഉറപ്പു നൽകുന്നു.

ജെറുസലേമിന്റെ നാശം

"ദൈവമേ, വിജാതീയർ അങ്ങയുടെ അവകാശത്തിൽ കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും ജെറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്‌തു" (സങ്കീ. 79, 1) എന്ന എഴുപത്തിയൊൻപതാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം മുതൽ, നാലാം വാക്യം വരെയുള്ള ഭാഗത്ത്, വിജാതീയർ ദൈവാലയത്തിനും ജെറുസലെമിനും എതിരെ ചെയ്‌ത അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളാണ് സങ്കീർത്തകനൊപ്പം ഇസ്രായേൽ ജനം ഉയർത്തുന്നത്. വളരെ ഹൃദയസ്പർശിയായ ഒരു വിവരണമാണ് ഈ വാക്യങ്ങളിൽ നാം കാണുക. ദൈവത്തിന്റെ ദാസരുടെ ശരീരം, ആകാശത്തിലെ പറവകൾക്കും, അവിടുത്തെ വിശുദ്ധരുടെ മാംസം വന്യമൃഗങ്ങൾക്കും ഇരയായി നൽകിയിരിക്കുന്നു (സങ്കീ. 79, 2). അവരെ സംസ്കരിക്കാൻ പോലും ആരും അവശേഷിച്ചില്ല (സങ്കീ. 79, 3). ദൈവത്തിന്റെ സ്വന്തജനമെന്ന് കരുതിയിരുന്ന, അതിൽ അഭിമാനിച്ചിരുന്ന ഇസ്രായേൽ ജനം, മറ്റു ജനതകളുടെ മുന്നിൽ അപഹാസ്യരായിരിക്കുന്നു (സങ്കീ. 79, 4). തങ്ങൾക്കെതിരെയുള്ള അപഹാസം, തങ്ങളുടെ സംരക്ഷകനും കർത്താവുമായ ദൈവത്തിനെതിരെയുള്ള അപഹാസമായാണ് ഇസ്രായേൽ ജനം കാണുന്നത്. അത്, സർവ്വശക്തനും സകലത്തിന്റെയും പരിപാലകനുമായ ദൈവത്തിനെതിരെയുള്ള വെല്ലുവിളിയാണ്.

ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ, തങ്ങൾക്കെതിരെയുള്ള കോപം അവസാനിപ്പിക്കണമെന്നും, ദൈവത്തിനും അവന്റെ ജനത്തിനുമെതിരെ നിൽക്കുന്നവരെ ശിക്ഷിക്കണമെന്നും പ്രാർത്ഥിക്കുന്ന ഇസ്രായേൽ ജനത്തെയാണ് നാം കാണുക. ദൈവം തങ്ങൾക്കുനേരെ കോപിച്ചിരിക്കുന്നുവെന്നും, അവിടുത്തെ അസൂയ തങ്ങളുടെ നേരെ ജ്വലിച്ചിരിക്കുന്നുവെന്നും ദൈവജനം കരുതുന്നു (സങ്കീ. 79, 5). തങ്ങൾക്കുനേരെയുള്ള ദൈവകോപം നീണ്ടുനിൽക്കരുതേയെന്ന് അവർ പ്രാർത്ഥിക്കുന്നു. ദൈവജനമെന്ന് സ്വയം കരുതുകയും, അവിടുത്തോട് ചേർന്ന് നിൽക്കുകയും എന്നാൽ ശത്രുക്കളുടെ അതിക്രമങ്ങളാൽ നിന്ദിതരും പീഡിതരുമായ തങ്ങൾക്കുനേരെയല്ല, ദൈവത്തെ അറിയാതെയും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാതെയും ജീവിക്കുന്ന ജനതകൾക്കുനേരെയാണ് ദൈവകോപം ചൊരിയപ്പെടേണ്ടതെന്ന് ഇസ്രായേൽജനം കരുതുന്നു (സങ്കീ. 79, 6). ഇസ്രായേൽ ജനത്തിന്റെ ശത്രുക്കൾ യാക്കോബിനെ, ഇസ്രായേൽ ജനതയെ വിഴുങ്ങിക്കളയുകയും, അവന്റെ വാസസ്ഥലമായ ജെറുസലേം ശൂന്യമാക്കുകയും ചെയ്തിരിക്കുന്നു (സങ്കീ. 79, 7).

പാപവും ശിക്ഷയും

ശത്രുക്കളുടെ അതിക്രമങ്ങളും പീഡനങ്ങളും ഏൽക്കേണ്ടിവരുന്നതും, ജീവിതത്തിൽ പരാജയങ്ങൾ നേരിടേണ്ടിവരുന്നതും, അവ തങ്ങളുടെ പൂർവ്വികരുടെയും, തങ്ങളുടെയും പാപങ്ങൾക്ക് ശിക്ഷയായി ദൈവം അനുവദിച്ചതിനാലാണെന്ന ചിന്ത പഴയനിയമത്തിൽ, പ്രത്യേകിച്ച് സങ്കീർത്തനങ്ങളിൽ നമുക്ക് കാണാം. ഇതേ ആശയമാണ് എട്ടും ഒൻപതും വാക്യങ്ങളിൽ നാം കാണുക. "ഞങ്ങളുടെ പൂർവ്വികന്മാരുടെ അകൃത്യങ്ങൾ ഞങ്ങൾക്കെതിരായി ഓർക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ തീർത്തും നിലം പറ്റിയിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!" (സങ്കീ. 79, 8-9). പിതാക്കന്മാരുടെ പാപങ്ങൾക്ക് തലമുറകളോളം ശിക്ഷ നൽകുന്ന ഒരു ദൈവമെന്ന ചിന്ത മാത്രമല്ല ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകുക, മറിച്ച്, തങ്ങളനുഭവിക്കുന്ന ദുരിതങ്ങൾ തങ്ങളുടെ കൂടി ദുഷ്പ്രവർത്തികളുടെയും, ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതക്കുറവിന്റെയും ഫലമാണെന്ന ഒരേറ്റുപറച്ചിൽക്കൂടി ഇവിടെ തെളിയുന്നുണ്ട്. എന്നാൽ തങ്ങളുടെ പാപങ്ങൾക്കുമപ്പുറം തങ്ങളോട് കരുണ കാണിക്കാനും, പാപങ്ങൾ പൊറുത്ത് ക്ഷമിക്കാനും കഴിവുള്ളവനാണ് ദൈവമെന്ന ഇസ്രായേൽജനതയുടെ തിരിച്ചറിവും ഈ വാക്യങ്ങളിൽ നമുക്ക് കാണാം.

ശ്രവിക്കപ്പെടുന്ന പ്രാർത്ഥനയും ദൈവത്തിനുള്ള സ്തുതിയും

സങ്കീർത്തനത്തിന്റെ പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളിൽ, ഇസ്രായേൽ ജനത്തിന്റെ തോൽവിയും ജെറുസലേമിന്റെ നാശവും മറ്റു ജനതകളുടെ മുന്നിൽ, ദൈവജനത്തിനും, ദൈവത്തിനും നേരെ ഉയർത്തുന്ന അപഹാസ്യതയെ ആധാരമാക്കിയ ചിന്തകളാണ് നമുക്ക് കാണാനാകുക. ദൈവത്തിന്റെ ജനമെന്ന് അഭിമാനിച്ചിരുന്ന ഇസ്രായേൽ ജനം ഇപ്പോൾ ലജ്ജാകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ദൈവം എവിടെയെന്ന് ജനതകൾ ചോദിക്കുവാൻ തുടങ്ങിയിരിക്കുന്നു (സങ്കീ. 79, 10a). തങ്ങളുടെയും, അതുവഴി ദൈവത്തിന്റെയും ശത്രുക്കൾക്കെതിരെയുള്ള ദൈവത്തിന്റെ പ്രതികാരം കാണാൻ ഇസ്രായേൽ ജനം ആഗ്രഹിക്കുന്നു. "ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയിൽ എത്തട്ടെ! വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ!" (സങ്കീ. 79, 11) എന്ന പ്രാർത്ഥനയിലും ജനമനുഭവിക്കുന്ന വേദനയുടെ ആഴം വ്യക്തമാണ്. മനുഷ്യരാൽ അന്യായമായി വിധിക്കപ്പെട്ടവരെ സ്വാതന്ത്രനാക്കാൻ കഴിവുള്ളവനാണ് ഇസ്രയേലിന്റെ ദൈവം. ഇസ്രായേൽ ജനമനുഭവിക്കുന്ന പീഡനങ്ങളിലും പരാജയങ്ങളിലും, ഇസ്രയേലിന്റെ ദൈവത്തിനെതിരെയുയരുന്ന നിന്ദനങ്ങളിലും ദൈവത്തിന്റെ മഹത്വമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് സങ്കീർത്തകൻ വിശ്വസിക്കുന്നു. തങ്ങൾക്കെതിരെയുള്ള പീഡനങ്ങളെക്കാൾ, തങ്ങളുടെ ദൈവത്തിനെതിരെയുള്ള ശത്രുക്കളുടെ വാക്കുകൾ ഇസ്രായേൽ ജനത്തെ എന്തുമാത്രം വേദനയിലാഴ്ത്തുന്നുണ്ടെന്ന് പന്ത്രണ്ടാം വാക്യം വ്യക്തമാക്കുന്നു: "കർത്താവേ, ഞങ്ങളുടെ അയൽക്കാർ അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ!" (സങ്കീ. 79, 12). ഇസ്രായേൽജനതയുടെയും, ഇസ്രയേലിന്റെ നാഥനായ കർത്താവിന്റെയും ശത്രുക്കൾക്കെതിരെ കർത്താവിന്റെ പ്രതികാരം ഉണ്ടാകുമെന്ന ഉറപ്പോടെ, "അപ്പോൾ അങ്ങയുടെ ജനമായ ഞങ്ങൾ, അങ്ങയുടെ മേച്ചിൽപുറങ്ങളിലെ ആടുകൾ, എന്നേക്കും അങ്ങേക്ക് കൃതജ്ഞത അർപ്പിക്കും. തലമുറകളോളം ഞങ്ങൾ അങ്ങയുടെ സ്തുതികൾ ആലപിക്കും" (സങ്കീ. 79, 13) എന്ന കൃതജ്ഞതയുടെ വാക്കുകൾ ഉരുവിട്ടുകൊണ്ടാണ് എഴുപത്തിയൊൻപതാം സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ദൈവജനവും, അവിടുത്തെ വിശുദ്ധനഗരിയും ഏറ്റുവാങ്ങേണ്ടിവന്ന അതിക്രമങ്ങളും നാശവും, തങ്ങളുടെയും, തങ്ങളുടെ മുൻ തലമുറകളുടെയും വീഴ്‌ചകൾ കാരണമായേക്കാമെന്ന ചിന്തയിൽ നിന്നുകൊണ്ട്, ദൈവത്തിന്റെ കരുണയ്ക്കായും ശക്തമായ ഇടപെടലിനായും പ്രാർത്ഥിക്കുകയും, തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്ന ആത്മവിശ്വാസത്തോടെ ദൈവത്തിന് കൃതജ്ഞതയും സ്‌തുതിയും അർപ്പിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്യുന്ന ഇസ്രായേൽ ജനതയെയാണ് എഴുപത്തിയൊൻപതാം സങ്കീർത്തനമെന്ന വിലാപകീർത്തനത്തിൽ നാം കണ്ടത്. തകർച്ചകളിലും ദുരിതങ്ങളിലും കൂടി കടന്നുപോകുമ്പോഴും, ഈ സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ മനസ്സിൽ സൂക്ഷിച്ച് നമ്മുടെ ജീവിതത്തെ വിശകലനം ചെയ്യാനും, പാപങ്ങളുടെയും കുറവുകളുടെയും മോചനത്തിനായി പ്രാർത്ഥിക്കാനും, ദൈവകരുണ സ്വന്തമാക്കാനും നമുക്ക് സാധിക്കട്ടെ. ഇസ്രായേൽ ജനത്തിന്റേതെന്നപോലെ നമ്മുടെയും ജീവിതങ്ങൾ, ദൈവസ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും, അതുവഴി ദൈവമഹത്വത്തിന്റെയും സാക്ഷ്യങ്ങളാകട്ടെ. എല്ലാ അനുഭവങ്ങളിലും, എല്ലാ സാഹചര്യങ്ങളിലും, ദൈവത്തിന് കൃതജ്ഞതയർപ്പിക്കുകയും, അവന്റെ സ്തുതികൾ ആലപിക്കുകയും, ദൈവത്തിന്റെ വിശ്വസ്തജനമായി തുടരുകയും ചെയ്യാം. അവൻ നമ്മുടെ പാപങ്ങൾ പൊറുത്ത്, നമ്മെ തന്നോട് ചേർത്തു നിർത്തുകയും, അതിരുകളില്ലാത്ത തന്റെ കരുണയും സ്നേഹവും നമ്മിൽ വർഷിക്കുകയും ചെയ്യട്ടെ. ദൈവതിരുനാമം എന്നും വാഴ്ത്തപ്പെടട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2024, 14:18