തിരയുക

ഇറ്റലിയിലെ ലാമ്പദൂസ തീരത്തുനിന്നുള്ള ഒരു ദൃശ്യം ഇറ്റലിയിലെ ലാമ്പദൂസ തീരത്തുനിന്നുള്ള ഒരു ദൃശ്യം  (ANSA)

ഫുട്‍ബോൾ മത്സരങ്ങൾക്കിടയിൽ നിരാശ്രയരായ കുട്ടികളെ മറക്കരുത്: സേവ് ദി ചിൽഡ്രൻ

ജൂൺ 14 മുതൽ യൂറോപ്യൻ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്ന അവസരത്തിൽ, ഇതേസമയത്ത് യുദ്ധങ്ങളിലും അതിക്രമങ്ങളിലും നിന്ന് രക്ഷപെടാനായി അഭയം തേടിയെത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ മറക്കരുതെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. 2024-ൽ നാളിതുവരെ ഇറ്റലിയിലേക്കെത്തിയത് മൂവായിരത്തിലധികം കുട്ടികൾ. കടൽമാർഗ്ഗം ഇറ്റലിയിലെത്തിയവരിലെ പതിമൂന്ന് ശതമാനവും കുട്ടികൾ. "നിർണ്ണായകമായ മത്സരം" എന്ന പേരിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിറക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യൂറോപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൻറെ പിന്നാലെ പോകുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ, അഭയം തേടി യൂറോപ്പിലേക്കെത്തുന്ന കുട്ടികളെ മറക്കരുതെന്നോർപ്പിച്ച്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന  സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. യൂറോപ്പിന്റെ അതിർത്തികൾ കൂടുതൽ ശക്തമാകുകയും, പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികൾ അതിർത്തിപ്രദേശങ്ങളിൽ അഭയസാധ്യതകൾ തേടി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ്, കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി തങ്ങൾ പരിശ്രമിക്കുന്നതെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ജൂൺ 13 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2024 വർഷത്തിന്റെ ആരംഭം മുതൽ ഇതുവരെ ഇറ്റലിയിലേക്ക് മാത്രം മൂവ്വായിരത്തിയിരുപത്തിയൊൻപത് കുട്ടികൾ എത്തിയിട്ടുണ്ടെന്നും, കടൽമാർഗ്ഗം ഇറ്റലിയിലേക്കെത്തിയവരിൽ പതിമൂന്ന് ശതമാനവും ഇവരായിരുന്നുവെന്നും സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. നടപ്പുവർഷത്തിൽ കടൽമാർഗ്ഗം ഇറ്റലിയിലേക്കെത്തിയവരുടെ എണ്ണം ഇരുപത്തിമൂവായിരത്തോടടുത്താണ്  (22.944). എന്നാൽ കഴിഞ്ഞ വർഷം ഇതേസമയത്ത് ആറായിരത്തിഒരുന്നൂറ്റിയൻപത്തിയൊന്ന് കുട്ടികൾ രാജ്യത്ത് പ്രവേശിച്ചിരുന്നു. ഇതേ കാലയളവിൽ ഇറ്റലിയിലെത്തിയത് അൻപത്തിയയ്യായിരത്തിലധികം ആളുകളാണ് (55.662).

ജൂൺ 14 വെള്ളിയാഴ്ച യൂറോപ്യൻ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെ, ജൂൺ 13 വാഴാഴ്ച ആരംഭിക്കുന്ന, "നിർണ്ണായകമായ മത്സരം" എന്ന പേരിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ്, യുദ്ധങ്ങളിൽനിന്നും അക്രമങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും പലായനം ചെയ്തെത്തുന്ന കുട്ടികൾക്ക് സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്‌തുകൊണ്ട്‌ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂണിയനെ സേവ് ദി ചിൽഡ്രൻ സംഘടന ആഹ്വാനം ചെയ്‌തത്‌.

ഫുട്‍ബോൾ മത്സരങ്ങളിലെന്നപോലെ, യൂറോപ്പിന്റെ അതിർത്തികളിൽനിന്ന് അകത്തേക്ക് കയറാനാകാതെ നിരവധി കുട്ടികളാണ് ബുദ്ധിമുട്ടുന്നതെന്ന് സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിൽ എഴുതി. അഭയം തേടിയെത്തുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, അവർക്ക് സംരക്ഷണവും പിന്തുണയുമേകുകയും ചെയ്‌തുകൊണ്ട്‌, യൂറോപ്പിന്റെ സ്ഥാപനമൂല്യങ്ങളോട് വിശ്വസ്‌തത പുലർത്താൻ യൂറോപ്പ് തയ്യാറാകണമെന്ന് സംഘടന ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2024, 18:01