സുഡാനിൽ ആശുപത്രികളിലും, അഭയാർത്ഥികേന്ദ്രങ്ങളിലും ബോംബാക്രമണം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സുഡാനിലെ സുഡാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഡാർഫറിലെ ആശുപത്രിയിലും, അഭയാർത്ഥികേന്ദ്രങ്ങളിലും നടത്തിയ ബോംബാക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉൾപ്പെടുന്നു. ക്യാമ്പുകൾ അഗ്നിക്കിരയാക്കുന്നതു മൂലം മരണങ്ങൾ അനുദിനം വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അൽ-ഫാഷിറിലെ സതേൺ ആശുപത്രിയിലെ നിരവധി രോഗികളും, ജീവനക്കാരും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൻ്റെ (ആർഎസ്എഫ്) വെടിയേറ്റ് മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധ സംഘങ്ങൾ തമ്മിലുള്ള യുദ്ധം മൂലം ഏകദേശം എട്ടു ലക്ഷത്തിലധികം ആളുകളാണ് സുഡാനിൽ കുടിയൊഴിപ്പിക്കപ്പെട്ടത്.
അക്രമം ലഘൂകരിക്കാനും സ്വതന്ത്ര മാനുഷിക പ്രവേശനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹങ്ങൾ നിരവധി തവണ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെങ്കിലും, കാര്യമായ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടില്ല.
വിമത സേനയിലെ അംഗങ്ങളെ പിന്തുണച്ചുകൊണ്ട് അറബ് ഗോത്രവും, സഘാവ ഗോത്രവും മുൻപിൽ വന്നിരിക്കുന്നതിനാൽ, തുടർന്ന് ഈ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: