തിരയുക

സുഡാനിൽനിന്നുള്ള ഒരു ദൃശ്യം സുഡാനിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സുഡാനിൽ വംശീയകലാപം വളർന്നുവരുന്നു: ഫീദെസ് വാർത്താ ഏജൻസി

സംഘർഷങ്ങൾ തുടരുന്ന സുഡാനിലെ വടക്കൻ ദാർഫുറിന്റെ തലസ്ഥാനമായ എൽ ഫാഷിറിൽ വംശീയഅതിക്രമങ്ങൾ നടക്കുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി. ഇവിടെയുള്ള ദ്രുതകർമ്മസേന (RSF) വംശീയ അടിസ്ഥാനത്തിൽ ആളുകളെ കൊലചെയ്‌തുവെന്ന് ആരോപണം. മെയ് 10 മുതൽ സുഡാനിലെ വിവിധ സായുധസംഘടനകൾ (SAF) സുഡാൻ ദ്രുതകർമ്മസേനയ്ക്കെതിരെയുള്ള പോരാട്ടം തുടരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാനിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സുഡാൻ ദ്രുതകർമ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ വംശീയതലത്തിലുള്ള കലാപത്തിലേക്ക് വളർന്നതായി ആരോപിക്കപ്പെടുന്നുവെന്ന് ഫീദെസ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം സുഡാൻ ദ്രുതകർമ്മസേന വംശീയ അടിസ്ഥാനത്തിൽ നിരവധി സാധാരണ ജനങ്ങളെ കൊലചെയ്‌തതായാണ് ആരോപണങ്ങൾ ഉയർന്നത്.

സംഘർഷങ്ങൾ നിലനിൽക്കുന്ന വടക്കൻ ദാർഫുറിന്റെ തലസ്ഥാനമായ എൽ ഫാഷിറിൽനിന്ന് മെല്ലിറ്റ് നഗരത്തിലേക്ക് പാലായാനം ചെയ്യാൻ ശ്രമിച്ച ഒൻപത് പേരെ സുഡാൻ ദ്രുതകർമ്മസേന വംശീയ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊലചെയ്‌തതായി വാർത്തകൾ പുറത്തുവന്നു.  കഴിഞ്ഞ മെയ് 10 മുതൽ എൽ ഫാഷിർ പ്രദേശത്ത് സുഡാൻ ദ്രുതകർമ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മിൽ കടുത്ത പോരാട്ടമാണ് തുടരുന്നത്. നിരവധി ആളുകൾ സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും, നിരവധി വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കപ്പെടുകയും ചെയ്‌തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

എൽ ഫാഷിറിൽ പ്രദേശവാസികളും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി സുഡാൻ ദ്രുതകർമ്മസേന നിരവധി തവണ ബോംബാക്രമണവും, ജനനിബിഢപ്രദേശങ്ങളിൽ കടുത്ത വെടിവയ്പ്പും നടത്തിയതായി ഫീദെസ് അറിയിച്ചു.

നിലവിൽ വടക്കൻ ദാർഫുറിന്റെ തലസ്ഥാനമായ എൽ ഫാഷിർ മാത്രമാണ് സുഡാൻ ദ്രുതകർമ്മസേനയുടെ നിയന്ത്രണത്തിന് കീഴിലകാത്താത് എന്നതിനാലാണ് ഇവർ ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് ഫീദെസ് വിശദീകരിച്ചു. ദാർഫുർ പ്രദേശത്തിന്റെ അഞ്ചിൽ നാലു സംസ്ഥാനങ്ങളും ഇതിനോടകം സുഡാൻ ദ്രുതകർമ്മസേന പിടിച്ചെടുത്തിട്ടുണ്ട്.  എൽ ഫാഷിർ പിടിച്ചെടുക്കുന്നതോടെ സുഡാനിലെ വിവിധ സായുധസംഘടനകൾ അടങ്ങുന്ന സഖ്യത്തിനെതിരെ കൂടുതൽ ശക്തമായി പോരാടാനാകുമെന്ന് സുഡാൻ ദ്രുതകർമ്മസേന പ്രതീക്ഷിക്കുന്നു.

അറബ് വംശജർ കൂടുതലുള്ള സുഡാൻ ദ്രുതകർമ്മസേനയ്ക്കെതിരെ സായുധസംഘങ്ങൾക്കൊപ്പം മാസലൈറ് വംശജർ ഉൾപ്പെടുന്ന പ്രാദേശികജനവും പങ്കുചേരുന്നതായി ദ്രുതകർമ്മസേന കുറ്റപ്പെടുത്തി. കഴിഞ്ഞ ഇരുപത് വർഷങ്ങളിലധികമായി മാസലൈറ്, സഗാവാ, ഫുർസ് തുടങ്ങിയ അറബിതരവംശജർക്കെതിരെ സുഡാൻ ദ്രുതകർമ്മസേന നിരന്തരം കടുത്ത ആക്രമണങ്ങൾ നടത്തുന്നതായും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2024, 15:13