അഫ്ഗാൻ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിരോധിച്ചതിന്റെ 1000 ദിനങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പതിനഞ്ച് ലക്ഷത്തോളം പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിരോധിക്കപ്പെട്ടിട്ട് 1000 ദിനങ്ങൾ കഴിഞ്ഞുവെന്നോർമ്മിപ്പിച്ച് യൂണിസെഫ്. തികച്ചും നിരാശാജനകവും സങ്കടകരവുമായ ഒരു ദിനമാണിതെന്ന് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. ജൂൺ 13 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഇത്സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അധ്യക്ഷ അപലപിച്ചത്.
പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതുവഴി, വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം ഇല്ലാതാകുക മാത്രമല്ല, ഈ പെൺകുട്ടികളുടെ മാനസിക ആരോഗ്യം കൂടിയാണ് തകരാറിലാകുന്നതെന്ന് കാതറിൻ റസ്സൽ തന്റെ പത്രക്കുറിപ്പിൽ എഴുതി. കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ അവകാശങ്ങൾ രാഷ്ട്രീയപരമായ നയങ്ങൾക്കുവേണ്ടി തടയപ്പെടാനാകില്ലെന്നും, എന്നാൽ അഫ്ഗാനിസ്ഥാനിലെ നിലവിലെ നിയമങ്ങൾ കാരണം രാജ്യത്തെ പെൺകുട്ടികളുടെ ജീവിതവും, ഭാവിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അനിശ്ചിതാവസ്ഥയിൽ ആയിരുന്നുവെന്നും യൂണിസെഫ് അധ്യക്ഷ പ്രസ്‌താവിച്ചു.
രാഷ്ട്ര അധികാരികൾ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിരോധിച്ചത് അവരുടെ ജീവിതം മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള മാനവിക പ്രതിസന്ധി വഷളാകാൻ കൂടി കാരണമാകുമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നൽകുന്നത് മെച്ചപ്പെട്ട ജോലിസാധ്യതകളെ മാത്രമല്ല, പ്രായപൂർത്തിയെത്തുന്നതിന് മുൻപുള്ള വിവാഹം, പോഷകാഹാരലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, രാജ്യം പലപ്പോഴും നേരിടുന്ന പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള കഴിവ് വളർത്തിയെടുക്കൽ തുടങ്ങി വിവിധ മേഖലകളിലുള്ള അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുമെന്ന് ശിശുക്ഷേമനിധി അധ്യക്ഷ എഴുതി.
യൂണിസെഫ് പ്രവർത്തകർ അഫ്ഗാനിസ്ഥാനിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസരംഗത്ത് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ നൽകിവരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് ഡയറക്ടർ ജനറൽ, അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് ഇരുപത്തിയേഴ് ലക്ഷം കുട്ടികൾക്ക് തങ്ങൾ പ്രാഥമികവിദ്യാഭ്യാസം നൽകുന്നുണ്ടന്ന് വ്യക്തമാക്കി. ഇവരിൽ ഏതാണ്ട് മൂന്നിൽ രണ്ടുഭാഗവും പെൺകുട്ടികളാണ്. ഇതുകൂടാതെ, അധ്യാപകർക്ക് പരിശീലനം നൽകാനും സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനും യൂണിസെഫ് മുൻകൈയ്യെടുക്കുന്നുണ്ടെന്നും കാതറിൻ റസ്സൽ വിശദീകരിച്ചു.
അഫ്ഗാനിസ്ഥാനിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള സാധ്യത ഉറപ്പാക്കണമെന്ന് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തോട് യൂണിസെഫ് ആവശ്യപ്പെട്ടു. രാജ്യത്തെ പകുതിയോളം ആളുകളെ അവഗണിച്ചുകൊണ്ട് ഒരു രാജ്യത്തിനും പുരോഗതി പ്രാപിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് അധ്യക്ഷ, അഫ്ഗാൻ പെൺകുട്ടികൾക്ക് പിന്തുണ നൽകാൻ അന്താരാഷ്ട്രസമൂഹത്തെ ആഹ്വാനം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: