തിരയുക

സഹനത്തിന്റെ ബാല്യം സഹനത്തിന്റെ ബാല്യം  (For exclusive buying details contact nikhilgangavane@gmail.com)

ലോകമെമ്പാടുമുള്ള നാലിലൊന്ന് കുട്ടികളും പട്ടിണിയുടെ ഇരകൾ: യൂണിസെഫ്

ലോകമെമ്പാടുമുള്ള കുട്ടികളിൽ നാലിലൊന്ന് പേരും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്ന് യൂണിസെഫ് പുറത്തുവിട്ട പുതിയ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. പതിനെട്ട് കോടിയോളം വരുന്ന ഇവരിൽ അറുപത്തിയഞ്ച് ശതമാനവും ഇരുപത് രാജ്യങ്ങളിലാണ് വസിക്കുന്നത്. ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളിൽ ആറരക്കോടിയോളം തെക്കൻ ഏഷ്യയിലും, ആറു കോടിയോളം കുട്ടികൾ സഹാറായ്ക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. ഗാസാ പ്രദേശത്ത് താമസിക്കുന്ന കുട്ടികളിൽ പത്തിൽ ഒൻപതുപേരും ഭക്ഷ്യദാരിദ്ര്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകമെമ്പാടും അഞ്ചുവയസ്സിൽ താഴെയുളള കുട്ടികളിൽ നാലിലൊന്ന് പേരും പട്ടിണിയുടെ ഇരകളെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പതിനെട്ട് കോടിയിലധികം (18.1 കോടി) വരുന്ന ഈ കുട്ടികളിൽ അറുപത്തിയഞ്ച് ശതമാനത്തോളം വരുന്ന ബഹുഭൂരിപക്ഷവും ഇരുപത് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളിൽ ആറരകോടിയോളം (6.4 കോടി) കുട്ടികൾ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ആറു കോടിയോളം (5.9 കോടി) കുട്ടികൾ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. പട്ടിണി മൂലം കഷ്ട്ടപ്പെടുന്ന കുട്ടികളിൽ അൻപത് ശതമാനവും കടുത്ത പോഷകാഹാരക്കുറവനുഭവിച്ചേക്കാൻ സാധ്യതയുണ്ടെന്നും യൂണിസെഫിന്റെ കണക്കുകൾ വ്യക്തമാക്കി.

കുട്ടികളിലെ ഭക്ഷ്യദാരിദ്ര്യം സംബന്ധിച്ച് ആദ്യമായി യൂണിസെഫ് നൂറു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം കോടിക്കണക്കിന് കൊച്ചു കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്കാവശ്യമായ വൈവിധ്യമാർന്ന പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തി. ഈ കുട്ടികളിൽ അഞ്ചിൽ നാലും മുലപ്പാൽ മാത്രമോ, ധാന്യാഹാരം കൊണ്ടോ ജീവിക്കുന്നവരാണ്. പത്തുശതമാനം കുട്ടികൾക്ക് മാത്രമാണ് പഴങ്ങളും പച്ചക്കറികളും ലഭ്യമാകുന്നത്. മത്സ്യമാംസാഹാരം ലഭിക്കുന്നത് വെറും അഞ്ചു ശതമാനത്തിന് മാത്രമാണ്. ജൂൺ ആറ് വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പത്രക്കുറിപ്പിലൂടെ യൂണിസെഫ് പുറത്തുവിട്ടത്.

കടുത്ത പട്ടിണിയിൽ കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവുമൂലം അവരുടെ മസ്തിഷ്കവികാസം ഉൾപ്പെടെയുള്ള ശാരീരികാവളർച്ചയിൽ പ്രതികൂലസ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു. കോവിഡ് 19 മൂലമുണ്ടായ സാമൂഹ്യസാമ്പത്തികപ്രതിസന്ധികളിൽനിന്ന് കരകയറിവരുന്ന രാജ്യങ്ങളിൽപ്പോലും, വളർന്നുവരുന്ന അസമത്വങ്ങളും, സംഘർഷങ്ങളും, കാലാവസ്ഥാപ്രതിസന്ധികളും മൂലം ഭക്ഷണസാധനങ്ങളും ജീവിതച്ചിലവുകളും റെക്കോർഡ് നിലയിലാണെന്നും യൂണിസെഫിന്റെ പഠനങ്ങൾ വ്യക്തമാക്കി.

പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഗാസാ മുനമ്പിൽ, ഏറ്റുമുട്ടലുകളും, ഭഷ്യവിതരണമേഖല നേരിടുന്ന നിയന്ത്രണങ്ങളും കാരണം കുട്ടികളും അവരുടെ കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെ അഞ്ചു വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി ലഭിച്ച കണക്കുകൾ പ്രകാരം പത്തിൽ ഒൻപത് കുട്ടികളും കടുത്ത ഭക്ഷ്യലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.

സംഘർഷങ്ങൾ നിലനിൽക്കുന്ന സൊമാലിയയിൽ അറുപത്തിമൂന്ന് ശതമാനം കുട്ടികളും കടുത്ത പട്ടിണിയുടെ പിടിയിലാണ്. അതേസമയം ബുർക്കിന ഫസോ പോലെയുള്ള രാജ്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബുർക്കിന ഫസോയിൽ 2010-ലെ കണക്കുകൾ പ്രകാരം 67 ശതമാനം കുട്ടികൾ ദാരിദ്ര്യത്തിലായിരുന്നെങ്കിൽ 2021-ലെ കണക്കുകൾ ഇത് 32 ശതമാനമായി കുറഞ്ഞുവെന്ന് തെളിയിക്കുന്നു. നേപ്പാളിൽ 2011-ൽ 20 ശതമാനം കുട്ടികൾ ദാരിദ്ര്യമനുഭവിച്ചിരുന്നെങ്കിൽ 2022-ലെ കണക്കുകൾ പ്രകാരം ഇത് വെറും 8 ശതമാനമായി കുറഞ്ഞു.

കുട്ടികൾ നേരിടുന്ന പട്ടിണിയെ നേരിടാനായി, കൂടുതൽ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാനും, മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കാനും യൂണിസെഫ് സർക്കാരുകളോടും, ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളോടും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2024, 15:29