ഗാസ വെടിനിർത്തൽ കരാർ സംബന്ധിച്ച് കക്ഷികൾ തമ്മിലുള്ള വിടവ് പരിഹരിക്കാവുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഗാസ വെടിനിർത്തൽ കരാറും, ഹമാസ് തടവിലാക്കിയ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കലും സംബന്ധിച്ചു നടക്കുന്ന തീവ്രമായ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച വെടിനിർത്തലിനായുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പിന്തുണ ലഭിച്ചിട്ട് പത്ത് ദിവസത്തിലേറെയായിട്ടും, ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
യുഎസ് സംരംഭത്തോടു ഹമാസ് നിരവധി ഭേദഗതികൾ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതികരിച്ചത്. എന്നിരുന്നാലും, ഇസ്രായേൽ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് പര്യടനത്തിനിടെ ദോഹയിൽ നിന്ന് സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ , "അഭ്യർത്ഥിച്ച പരിഷ്കാരങ്ങളിൽ ചിലത് മാത്രമേ പ്രായോഗികമാകൂ, മുഴുവൻ അംഗീകരിക്കുക സാധ്യമല്ല" എന്ന് ഊന്നിപ്പറഞ്ഞു. "വിലപേശൽ അവസാനിപ്പിക്കാനും" ചർച്ചകൾക്ക് അനുകൂലമായ നിഗമനത്തിലെത്താനുമുള്ള സമയമാണിതെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. വെടി നിറുത്തൽ കരാർ ഇസ്രായേലും ലെബനനും തമ്മിലുള്ള പിരിമുറുക്കം ഗണ്യമായി കുറയ്ക്കുമെന്നു കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിൽ 215 ഓളം മിസൈലുകളാണ് ഉപയോഗിച്ചത്. ഇവിടെ സംഘർഷം വർദ്ധിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച ബ്ലിങ്കൻ മെയ് ആറിന് ഹമാസ് നിർദ്ദേശിച്ചതിന് സമാനമായ ഒരു കരാർ മേശപ്പുറത്തുണ്ടെന്നും പരാമർശിച്ചു. ഹമാസ് ഒരൊറ്റ വാക്കിൽ കരാർ അംഗീകരിക്കേണ്ടതിനു പകരം രണ്ടാഴ്ചയോളം കാത്തിരുന്നു, കൂടുതൽ ഭേദഗതികൾ നിർദ്ദേശിക്കുകയാണ് ചെയ്തത്. അവയിൽ പലതും മുമ്പ് എടുക്കുകയും അംഗീകരിക്കുകയും ചെയ്ത നിലപാടുകൾക്കപ്പുറമാണെന്നും ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. യുഎസ് പദ്ധതി ഹമാസ് നിരസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പാർട്ടികൾ തമ്മിലുള്ള വിടവ് നികത്താൻ കഴിയുമെന്ന് ബ്ലിങ്കൻ വിശ്വസിക്കുന്നു. ഹമാസ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെങ്കിലും ചർച്ചയ്ക്ക് സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിടുന്നതിന് മുമ്പ് സ്ഥിരമായ വെടിനിർത്തലിനും ഇസ്രായേൽ സൈന്യത്തെ പിന്വലിക്കുന്നതിനും യുഎസിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പാണ് ഹമാസ് ആവശ്യപ്പെടുന്നത്.
തുടരുന്ന പോരാട്ടത്തിൽ ഗാസ മുനമ്പിലുടനീളമുള്ള 45 ലധികം തീവ്രവാദ കേന്ദ്രങ്ങൾ ഇസ്രായേൽ വ്യോമസേന ഇന്നലെ ആക്രമിക്കുകയും തകർക്കുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. എട്ട് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 37,200 കവിഞ്ഞതായി പലസ്തീ൯ ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: