കടബാദ്ധ്യതകൾ എഴുതിതള്ളണമെന്ന് ആഫ്രിക്കയിലെ മതനേതാക്കൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ ജൂബിലി വത്സരം മുന്നിൽ കണ്ടുകൊണ്ട് ആഫ്രിക്കയുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് പ്രസ്തുത ഭൂഖണ്ഡത്തിലെ ക്രൈസ്തവ ഇസ്ലാം നേതാക്കൾ അഭ്യർത്ഥിക്കുന്നു.
ജി 20, ജി7, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് എന്നിവയെ സംബോധന ചെയ്തുകൊണ്ടു പുറപ്പെടുവിച്ച ഒരു സംയുക്ത പ്രസ്താവനയിലാണ് ആഫ്രിക്കയെ കടവിമുക്തമാക്കണമെന്ന അഭ്യർത്ഥന മതനേതാക്കൾ നടത്തിയിട്ടുള്ളത്. 13 ആഫ്രിക്കൻ നാടുകളിലെ ക്രൈസ്തവസഭകളുടെയും ഇസ്ലാം സമൂഹത്തിൻറെയും ദേശീയസഭകളുടെ സമിതികളുടെയും മതാന്തരസമിതികളുടെയും പ്രതിനിധികൾ അടുത്തയിടെ റുവാണ്ടയിലെ കിഗലിയിൽ സമ്മേളിച്ചപ്പോഴാണ് ഈ പ്രസ്താവന തയ്യാറാക്കപ്പെട്ടത്.
ആരോഗ്യം, വിദ്യഭ്യാസം, സാമൂഹ്യ സേവനങ്ങൾ എന്നിവയ്ക്കായി മുതൽ മുടക്കി സ്വന്തം ജനത്തെ സേവിക്കാൻ കടബാദ്ധ്യതകൾ പാവപ്പെട്ട നാടുകളെ അനുവദിക്കുന്നില്ല എന്ന വസ്തുത ഈ മതനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഒരു വശത്ത് കടങ്ങൾ തിരിച്ചടക്കണം, മറുവശത്ത്, ജനനന്മയ്ക്കായി നിക്ഷേപം നടത്തണം ഇവിടെ, തങ്ങളുടെ നാടുകൾ വേദനാജനകമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ട അവസ്ഥയിലാണ് എന്നും ആഫ്രിക്ക ഇക്കൊല്ലം മാത്രം 9000 കോടി അമേരിക്കൻ ഡോളർ പൊതുകടം തിരിച്ചടയ്ക്കുന്നതിനായി മാറ്റിവയ്ക്കേണ്ടിവരുമെന്നും മതനേതാക്കൾ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: