തിരയുക

ഫ്രാൻസീസ് പാപ്പാ കാനഡയിൽ, തദ്ദേശസമൂഹത്തിൻറെ പ്രതിനിധിയുമൊത്ത്, 25/07/2022 ഫ്രാൻസീസ് പാപ്പാ കാനഡയിൽ, തദ്ദേശസമൂഹത്തിൻറെ പ്രതിനിധിയുമൊത്ത്, 25/07/2022 

കാനഡയിലെ തദ്ദേശീയ ജനതയുടെ ഉന്നമന പദ്ധതികളുമായി പ്രാദേശിക സഭ മുന്നോട്ട്!

ഫ്രാൻസീസ് പാപ്പാ 2022, ജൂലൈ 24-30 വരെ കാനഡയിൽ നടത്തിയ ഇടയസന്ദർശനത്തിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഒരു കത്ത് പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘം പുറപ്പെടുവിച്ചു. തദ്ദേശീയ സമൂഹത്തിൻറെ കാര്യത്തിൽ അന്നാട്ടിലെ കത്തോലിക്കസഭയ്ക്കുള്ള സവിശേഷ ഔത്സുക്യം മെത്രാന്മാർ കത്തിൽ പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാനഡയിലെ തദ്ദേശീയ ജനതയുടെ ക്ഷേമം മുൻനിറുത്തിയുള്ള വിവിധ പദ്ധതികൾ അന്നാട്ടിലെ കത്തോലിക്കാസഭ നടപ്പാക്കിവരുന്നതായി പ്രാദേശിക കത്തോലിക്കാമെത്രാൻസമിതി വെളിപ്പെടുത്തി.

ഫ്രാൻസീസ് പാപ്പാ 2022, ജൂലൈ 24-30 വരെ അന്നാട്ടിൽ നടത്തിയ ഇടയസന്ദർശനത്തിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  ദൈവജനത്തിനായി ഇരുപത്തിനാലാം തീയതി ബുധനാഴ്ച പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് മെത്രാന്മാർ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.

തദ്ദേശീയ ജനതയ്ക്കായി അഞ്ചുവർഷം കൊണ്ടു സമാഹരിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന 182 കോടിയോളം രൂപയ്ക്ക് തുല്യമായ 3 കോടി കാനഡ ഡോളറിൽ പകുതിയിലേറെ ശേഖരിച്ചുകഴിഞ്ഞുവെന്നും തദ്ദേശീയജനതയുടെ പാരമ്പര്യങ്ങളും അവരുടെ സാംസ്കാരിക, ഭാഷ, ആദ്ധ്യാത്മിക മൂല്യങ്ങളും ഉപരിമെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിനും സംഭാഷണത്തിലേർപ്പെടുന്നതിനുമായി ആന്തരിക സംവിധാനങ്ങൾ സഭ ക്രമീകരിച്ചിട്ടുണ്ടെന്നും മെത്രാന്മാർ വെളിപ്പെടുത്തി.

വിദ്യാർത്ഥികൾ വിദ്യാലയത്തിൽ താമസിച്ചു പഠിച്ചിരുന്ന കാലഘട്ടത്തിൽ അന്നാട്ടിൽ തദ്ദേശീയരായ കുട്ടികൾ ലൈംഗികവും ശാരീരികവുമായ പീഢനങ്ങൾക്ക് ഇരകളാക്കപ്പെട്ട ദുരന്തസംഭവങ്ങളിൽ പാപ്പാ 2022-ലെ ഇടയസന്ദർശനവേളയിൽ ഖേദം പ്രകടിപ്പിക്കുകയും ഗതകാലത്തു നടന്ന അനീതികളെക്കുറിച്ചുള്ള സത്യങ്ങൾ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുക സുപ്രധാനമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തത് മെത്രാന്മാർ അനുസ്മരിക്കുന്നു. "സുതാര്യത, എളിമ, അനുകമ്പ, ക്ഷമ, പരസ്പര വിശ്വാസം ആദരവ് എന്നിവയോടു കൂടിയ" ഐക്യത്തിൻറെയും പ്രത്യാശയുടെയും ഒരു യാത്രയിൽ എല്ലാവരെയും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മെത്രാന്മാർ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2024, 11:45