ബെറിൽ കൊടുങ്കാറ്റ് എത്തിയതോടെ വെള്ളത്തിലായ റോഡിലൂടെ നീങ്ങുന്ന പോലീസ് വാഹനം - ജമൈക്കയിൽനിന്നുള്ള ദൃശ്യം ബെറിൽ കൊടുങ്കാറ്റ് എത്തിയതോടെ വെള്ളത്തിലായ റോഡിലൂടെ നീങ്ങുന്ന പോലീസ് വാഹനം - ജമൈക്കയിൽനിന്നുള്ള ദൃശ്യം  (AFP or licensors)

കരീബിയൻ പ്രദേശത്ത് മുപ്പത് ലക്ഷം കുട്ടികളുടെ ജീവന് ഭീഷണിയുയർത്തി ബെറിൽ കൊടുങ്കാറ്റ്

ലോകത്ത് പ്രകൃതിദുരന്തങ്ങൾ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ രണ്ടാമത്തേതാണ് തെക്കേ അമേരിക്കയും കരീബിയൻ പ്രദേശവും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ. എല്ലാ വർഷവും പത്തൊൻപത് ലക്ഷം ആളുകളാണ് ഇത്തരം ദുരന്തങ്ങളിൽപ്പെട്ട് കരീബിയൻ പ്രദേശങ്ങളിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നത്. ഇവരിൽ അഞ്ചുലക്ഷത്തോളം കുട്ടികളാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കരീബിയൻ പ്രദേശത്ത് ഈ വർഷത്തെ ആദ്യത്തെ കൊടുങ്കാറ്റായ ബെറിൽ എത്തിയതോടെ, ഇവിടങ്ങളിലുള്ള മുപ്പത് ലക്ഷത്തോളം കുട്ടികൾ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് യൂണിസെഫ്. ദുരിതങ്ങൾ വിതച്ചുകൊണ്ട് ജൂലൈ ഒന്നാം തീയതി കരീബിയൻ പ്രദേശത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ബെറിൽ കൊടുങ്കാറ്റ് വീശിത്തുടങ്ങി. ഗ്രനേഡ, സെന്റ് വിൻസെന്റ്, സാന്ത ലൂച്ചിയാ തുടങ്ങിയ ഇടങ്ങളിൽ കനത്ത കാറ്റും, കടലേറ്റവും, കടുത്ത മഴയും ഇതോടെ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷിതയിടങ്ങളായിരുന്ന നിരവധി വീടുകളും സ്കൂളുകളും ഇതിനോടകം തകർന്നു.

ബെറിൽ കൊടുങ്കാറ്റ്, കരീബിയൻ കടലിലൂടെ മുന്നോട്ട് നീങ്ങുന്ന ഈ അവസരത്തിൽ, മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരിക്കാനും, കുട്ടികൾക്ക് സുരക്ഷിതയിടങ്ങൾ ഒരുക്കാനും നാം പരിശ്രമിക്കേണ്ടതുണ്ടെന്ന് തെക്കേ അമേരിക്കയിലേക്കും കരീബിയൻ പ്രദേശങ്ങളിലേക്കുമുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ കരീൻ ഹൾഷോഫ് പറഞ്ഞു. കരീബിയൻ പ്രദേശത്ത് ഇപ്പോഴത്തെ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളിലും മാനവികസഹായമെത്തിക്കാൻ യൂണിസെഫ് പ്രവർത്തകർ തയ്യാറായിരിക്കുകയാണെന്നും കരീൻ വ്യക്തമാക്കി.

തീവ്രകാലാവസ്ഥാ പ്രതിസന്ധിയെ മുന്നിൽക്കണ്ട്, കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി മേഖലയിലുടനീളം അടിയന്തിരമായി തയ്യാറെടുപ്പുകൾ നടത്താനായുള്ള ശ്രമങ്ങളെ യൂണിസെഫ് പിന്തുണയ്ക്കുന്നുവെന്നും, കുട്ടികൾക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകേണ്ടത് പ്രധാനപ്പെട്ടതാണെന്നും ഹൾഷോഫ് പ്രസ്‌താവിച്ചു.

കരീബിയൻ പ്രദേശത്തുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മെഡിക്കൽ കിറ്റുകൾ, വിദ്യാഭ്യാസസഹായത്തിനുള്ള ഏർപ്പാടുകൾ, കുടിവെള്ളം, ശുചിത്വസാമഗ്രികൾ, ജലശുചീകരണസംവിധാനങ്ങൾ എന്നിവയും യൂണിസെഫും മറ്റു സംഘടനകളും ഒരുക്കിയിട്ടുണ്ടെന്നും യൂണിസെഫ് പ്രതിനിധി അറിയിച്ചു.

ചുഴലിക്കൊടുങ്കാറ്റ് ഉൾപ്പെടെ ലോകത്ത് പ്രകൃതിദുരന്തങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ രണ്ടാമത്തേതാണ് തെക്കേ അമേരിക്കയും കരീബിയൻ പ്രദേശവും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ. അഞ്ചുലക്ഷം കുട്ടികളുൾപ്പെടെ പത്തൊൻപത് ലക്ഷത്തോളം ആളുകളാണ് പ്രകൃതിദുരന്തങ്ങൾ മൂലം വർഷം തോറും കഷ്ടപ്പെടുന്നത്. തെക്കേ അമേരിക്കയിലെയും കരീബിയൻ പ്രദേശത്തെയും ഈ വർഷത്തെ അടിയന്തിരസാഹചര്യങ്ങളെ നേരിടാനായി പന്ത്രണ്ടര മില്യൺ ഡോളറിന്റെ സഹായമാണ് യൂണിസെഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ 3-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കരീബിയൻ പ്രദേശത്ത് നിലനിൽക്കുന്ന അപകടാവസ്ഥയെക്കുറിച്ച് യൂണിസെഫ് വ്യക്തമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2024, 15:06