തിരയുക

പ്രതിരോധമരുന്നുമായി ഒരു ആരോഗ്യപ്രവർത്തകൻ പ്രതിരോധമരുന്നുമായി ഒരു ആരോഗ്യപ്രവർത്തകൻ  (ANSA)

യൂറോപ്പിലും മദ്ധ്യേഷ്യയിലും പ്രതിരോധമരുന്നുകൾ കിട്ടാതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ

യൂറോപ്പിലും മദ്ധ്യേഷ്യൻ രാജ്യങ്ങളിലുമായി 123000 കുട്ടികൾക്ക് ഇനിയും ജീവൻരക്ഷാ വാക്സിനുകൾ ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും. റുമേനിയ, ഉക്രൈൻ എന്നിവിടങ്ങളിലാണ് ഇവരിൽ പകുതിയിലധികം കുട്ടികളും. അഞ്ചാം പനിക്കെതിരായ കുത്തിവയ്പുകളും കുറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും അടുത്തിടെ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് സാധാരണ പ്രതിരോധമരുന്നുകൾ പോലും ലഭ്യമായിട്ടില്ലെന്ന് തെളിഞ്ഞു. ഏതാണ്ട് 123000 കുട്ടികൾക്ക് ഇത്തരത്തിലുള്ള മരുന്നുകൾ ഇനിയും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇരുസംഘടനകളും ജൂലൈ 17-ആം തീയതി സംയുകതമായി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

യൂറോപ്പിലെയും മദ്ധേഷ്യൻ രാജ്യങ്ങളിലെയും കണക്കുകൾ പ്രകാരം 86 ശതമാനം രാജ്യങ്ങളിലും ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് തുടങ്ങിയവയ്‌ക്കെതിരായി ആദ്യ പ്രതിരോധമരുന്നുകൾ നല്കിയിട്ടുള്ളപ്പോൾ, അൻപത് ശതമാനം രാജ്യങ്ങളിൽ മാത്രമാണ് ഇവയുടെ മൂന്നാം ഡോസ് മരുന്ന് ലഭ്യമായിട്ടുള്ളത്. റൊമാനിയ, ഉക്രെയ്ൻ, അസർബൈജാൻ എന്നിവിടങ്ങളിൽ 51% കുട്ടികൾക്ക് മാത്രമാണ് പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടുള്ളത്.

മോന്തേനെഗ്രോ, ബോസ്നിയ ആൻഡ് ഹെർസഗോവിന, വടക്കൻ മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിൽ എൺപത് ശതമാനം കുട്ടികൾക്കേ അഞ്ചാം പനിക്കെതിരായ കുത്തിവയ്‌പ്പുകൾ ലഭിച്ചിട്ടുള്ളൂ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് മുൻപുള്ള പ്രതിരോധകുത്തിവയ്‌പ് നിരക്കിലേക്ക് ഈ മേഖലയിലെ പകുതിയിലധികം രാജ്യങ്ങളും ഇനിയും എത്തിയിട്ടില്ലെന്നും യൂണിസെഫും ലോകാരോഗ്യസംഘടനയും റിപ്പോർട്ട് ചെയ്‌തു.

ഈ രാജ്യങ്ങളിൽ, യാതൊരു പ്രതിരോധകുത്തിവയ്പുകളും ലഭിക്കാത്ത കുട്ടികൾ, മരണകരണമായേക്കാവുന്ന രോഗങ്ങൾ മൂലം ഏറെ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് സംഘടനകൾ വ്യക്തമാക്കി. വലിയ പകർച്ചാസാധ്യതയുള്ള അഞ്ചാം പനി രോഗപ്രതിരോധരംഗത്ത് ഈ മേഖല നേരിടുന്ന പ്രതിസന്ധിയെയാണ് എടുത്തുകാണിക്കുന്നത്.  

പ്രതിരോധമരുന്നുകൾ ലഭ്യമായാൽ കുട്ടികളുടെ ജീവൻ സംരക്ഷിക്കപ്പെടാമെന്ന ഉറപ്പുള്ളപ്പോഴും 2024-ൽ, പ്രതിരോധമരുന്നുകളുടെ ലഭ്യതക്കുറവ് മൂലം കുട്ടികൾ ജീവിതസുരക്ഷാഭീഷണി നേരിടുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂണിസെഫിന്റെ പ്രതിരോധകുത്തിവയ്പുകൾക്ക്‌ വേണ്ടിയുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ ഫാത്തിമ സെൻജിക് പ്രസ്താവിച്ചു. സാമ്പത്തികമധ്യവർഗ്ഗം ജീവിക്കുന്ന ഈ പ്രദേശങ്ങളിൽ പ്രതിരോധകുത്തിവയ്‌പ്പ് എല്ലാവർക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും യുണിസെഫ് പ്രതിനിധി പ്രത്യേകം പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2024, 16:17