സ്ത്രീ ലിംഗഛേദനനിരോധനം തുടരാനുള്ള ഗാംബിയയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പതിനഞ്ചിനും നാൽപ്പത്തിയൊന്പതിനും ഇടയിൽ പ്രായമുള്ള എഴുപത്തിമൂന്ന് ശതമാനത്തോളം പെൺകുട്ടികളും സ്ത്രീകളും ലിംഗച്ഛേദനത്തിന് വിധേയരായ ഗാംബിയയിൽ, ഇതിനെതിരെ സർക്കാർ കൊണ്ടുവന്ന നിരോധനം തുടർന്നുകൊണ്ടുപോകുവാൻ, കഴിഞ്ഞ ദിവസം നടന്ന ദേശീയ അസംബ്ലി തീരുമാനമെടുത്തതിനെ ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ അഭിനന്ദിച്ചു. രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ഒരു വിജയമാണിതെന്ന് യൂണിസെഫ്, ലോകാരോഗ്യസംഘടന, പോപ്പുലേഷൻ ഫണ്ട്, തുടങ്ങി, ഐക്യരാഷ്ട്രസഭയുടെ വിവിധ ഘടകങ്ങൾ ചേർന്ന് ജൂലൈ 16-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചു.
ജൂലൈ 15 തിങ്കളാഴ്ച ചേർന്ന ദേശീയ അസംബ്ലിയാണ് സ്ത്രീ ലിംഗച്ഛേദനത്തിനെതിരായ നിരോധനം സംബന്ധിച്ച വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പ് പ്രകാരം നിലവിലുള്ള നിരോധനം തുടരുമെന്ന് സർക്കാർ അറിയിച്ചു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാനും, വിവിധ ലിംഗങ്ങൾക്കിടയിൽ സമത്വം ഉറപ്പാക്കാനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുസ്ഥിതി ഉറപ്പാക്കാനുമുള്ള ഗാംബിയ ഗവൺമെന്റിന്റെ പരിശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ എഴുതി.
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ, അവിടുത്ത സാംസ്കാരികതയുടെ കൂടി ഭാഗമായി നടത്തിവരുന്ന സ്ത്രീലിംഗഛേദനം, ശാരീരികവും, മാനസികവുമായ ദീർഘദൂരപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ത്രീസമൂഹത്തെ ബാധിക്കുന്ന ഈ തിന്മയ്‌ക്കെതിരെ നാഴികക്കല്ലായി മാറിയ തീരുമാനം 2015-ലാണ് ഗാംബിയ സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: