തിരയുക

ഗാസയിൽ, യുദ്ധത്തിൽ  തകർന്ന ഒരു കെട്ടിടം ഗാസയിൽ, യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടം   (AFP or licensors)

ഗാസയിൽ വിദ്യാലയത്തിനുനേരെ അക്രമം

ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള സേക്രഡ് ഫാമിലി വിദ്യാലയത്തിനു നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ, ഒരു വിദ്യാലയം തകർക്കപ്പെട്ടുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർകീസിന്റെ ഓഫീസ് പുറത്തുവിട്ട  പത്രക്കുറിപ്പിൽ പറയുന്നു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കുറിപ്പിൽ അറിയിച്ചു. ജൂലൈ മാസം ഏഴാം തീയതി ഞായറാഴ്ച്ച രാവിലെയാണ് ആക്രമണം ഉണ്ടായത്.

ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള സേക്രഡ് ഫാമിലി വിദ്യാലയമാണ് ആക്രമിക്കപ്പെട്ടത്. യുദ്ധത്തിന്റെ ആരംഭം മുതൽ, വീടുകൾ നഷ്ടപെട്ട  നിരവധി സാധാരണ പൗരന്മാർക്കാണ് ഈ വിദ്യാലയം അഭയമൊരുക്കിവന്നത്. ആക്രമണത്തിൽ, പാത്രിയാർക്കേറ്റ് ശക്തമായ ഭാഷയിൽ അപലപിച്ചു. സാധാരണ പൗരന്മാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഏറെ പരിതാപകരമാണെന്നും, ഈ യുദ്ധപ്രവർത്തനങ്ങൾ ഒഴിവാക്കപ്പെടണമെന്നും, പത്രക്കുറിപ്പിൽ പറയുന്നു.

ഗാസ മേഖലയിൽ തുടരുന്ന രക്തച്ചൊരിച്ചിലുകൾക്ക് അറുതിവരുത്തുവാനും, മാനുഷികാന്തസ്സ്‌ ഊട്ടിയുറപ്പിക്കുവാനും ഒരു കരാറിൽ ഇരുകൂട്ടരും എത്തിച്ചേരുന്നതിനു വേണ്ടി, ദൈവകരുണയിൽ ആശ്രയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്. യുദ്ധത്തിൽ ഗാസയിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന മേഖലകൂടിയാണ് ഗാസ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2024, 10:37