തിരയുക

ഗാസായിൽനിന്നുള്ള ഒരു ചിത്രം ഗാസായിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ഗാസാ മുനമ്പിലെ കുട്ടികൾ കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്: യൂണിസെഫ്

ഗാസാ മുനമ്പിൽ, കുട്ടികളുൾപ്പെടെയുളള ആളുകളുടെ ജീവിതം കടുത്ത ദുരിതാവസ്ഥയിലെന്നും, ആയിരക്കണക്കിന് കുട്ടികൾ രോഗങ്ങളും, പട്ടിണിയും, പരിക്കുകളും മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും, അവരിൽ പലരും സ്വഭവനങ്ങളിൽനിന്ന് വേർപെട്ടു കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. കഴിഞ്ഞ ദിവസം ഗാസാ പ്രദേശത്ത് യൂണിസെഫ് വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായതായും, ഇതിനോടകം 278 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായും യൂണിസെഫ് വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാലസ്തീന-ഇസ്രായേൽ സായുധസംഘർഷം ദീർഘനാളുകളായി തുടരുന്നതിനിടെ, ഗാസാ മുനമ്പിൽ ജീവിക്കുന്ന കുട്ടികളിൽ ആയിരക്കണക്കിന് പേർ പോളിയോ ഉൾപ്പെടെ, നിരവധി രോഗങ്ങൾ, പട്ടിണി,  ആക്രമണങ്ങളിലേറ്റ പരിക്കുകൾ തുടങ്ങി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ജൂലൈ 25 വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, യൂണിസെഫ് ഡയറക്ടർ, ജനറൽ കാതറിൻ റസ്സൽ പ്രസ്‌താവിച്ചു. ഇവരിൽ നല്ലൊരു ഭാഗം കുട്ടികളും വിവിധ കാരണങ്ങളാൽ തങ്ങളുടെ കുടുംബങ്ങളിൽനിന്ന് വേർപെട്ടു കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും ശിശുക്ഷേമനിധി മേധാവി വ്യക്തമാക്കി.

സായുധസംഘർഷങ്ങൾ കാരണം ശുചിത്വസംവിധാനങ്ങളിൽ ഉണ്ടായ തകരാറുകൾ മൂലവും, മലിനജലസംസ്കരണം തടസ്സപ്പെട്ടതുമൂലവും, കുട്ടികൾക്കിടയിൽ പോളിയോ പോലെയുള്ള അസുഖങ്ങൾ ബാധിച്ചവരുടെ എണ്ണം ഉയർന്നുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു. പ്രദേശത്ത് നിരവധി കുട്ടികൾക്ക് പോളിയോ പ്രതിരോധമരുന്ന് ലഭിച്ചിട്ടില്ല.

ഇസ്രായേലും പാലസ്തീനായും ഉൾപ്പെട്ട നിലവിലെ സംഘർഷങ്ങളിൽ യൂണിസെഫ് പ്രവർത്തകരും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി., കഴിഞ്ഞ ദിവസം വാദി ഗാസായിൽ വച്ച്  ഒരു യൂണിസെഫ് വാഹനത്തിന് വെടിയേറ്റുവെന്ന് സംഘടന അറിയിച്ചു. നാളിതുവരെ ഗാസാമുനമ്പിൽ ജനങ്ങൾക്ക് സഹായസഹകരണങ്ങൾ ഉറപ്പാക്കിയിരുന്ന 278 സന്നദ്ധസേവകർ കൊല്ലപ്പെട്ടുവെന്ന് ശിശുക്ഷേമനിധി അദ്ധ്യക്ഷ ഓർമ്മിപ്പിച്ചു.

കടന്നുപോകുന്ന ഓരോ ആഴ്ചകളിലും ഗാസാ മുനമ്പിലെ കുടുംബങ്ങൾ പുതിയ ഭീഷണികളാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്നും, സ്കൂളുകളും, ജനനിബിഢകേന്ദ്രങ്ങളും അക്രമിക്കപ്പെടുന്നുണ്ടെന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്‌തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പാലസ്തീനക്കാരാണ് കൊല്ലപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

ഗാസാ പ്രദേശത്തേക്ക് മാനവസഹായമെത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ച യൂണിസെഫ്, എന്നാൽ സാധാരണ ജനത്തിന് സഹായമെത്തിക്കുന്നത് കൂടുതൽ എളുപ്പവും സുരക്ഷിതാവുമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭാസംഘടന പത്രക്കുറിപ്പിൽ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2024, 16:08