ഇസ്രായേലിൻറെ ആക്രമണത്തിൽ നിന്ന് പലായനം ചെയ്യുന്ന പലസ്തീൻകാർ  ഇസ്രായേലിൻറെ ആക്രമണത്തിൽ നിന്ന് പലായനം ചെയ്യുന്ന പലസ്തീൻകാർ   (AFP or licensors)

ഗാസയിലെ ആക്രമണത്തെ ന്യായീകരിക്കാൻ ശ്രമിക്കരുത്, വിശുദ്ധ നാട്ടിലെ നീതിസമാധാന സമിതി!

"ന്യായമായ യുദ്ധം" എന്ന കത്തോലിക്കാ സഭയുടെ പ്രയോഗം ഗാസയിൽ നടക്കുന്ന ആക്രമണങ്ങളെ നീതികരിക്കാൻ ഉപയോഗിക്കാനാകില്ലെന്നും, ന്യായീകരണ ശ്രമം അപലപനീയമാണെന്നും വിശുദ്ധ നാട്ടിലെ നീതിസമാധന സമിതിയുടെ രേഖ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ നടക്കു ആക്രമണത്തെ “ന്യായമായ യുദ്ധം” എന്ന തത്വത്തിൻറെ മറപിടിച്ച് നീതീകരിക്കാനുള്ള ശ്രമത്തെ വിശുദ്ധനാട്ടിലെ കത്തോലിക്കാ നീതിസമധാന സമിതി അപലപിക്കുന്നു.

ഇസ്രായേലിലും വിദേശത്തും രാഷ്ട്രീയരംഗത്തുള്ളവരുടെ ഇത്തരം നീക്കത്തിൽ തങ്ങൾക്ക് അമർഷമുണ്ടെന്ന് ഈ സമിതി ഒരു രേഖയിലൂടെ വെളിപ്പെടുത്തി. കത്തോലിക്കാസഭയുടെ പ്രബോധനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള “ന്യായമായ യുദ്ധം” എന്ന പ്രയോഗം ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനെടുക്കുന്നത് ആ പ്രയോഗത്തിൻറെ ദുരുപയോഗം ആണെന്ന് നീതിസമാധാന സമിതി കുറ്റപ്പെടുത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഒരു യുദ്ധത്തെ ന്യായം എന്ന് വ്യാഖ്യാനിക്കുന്നതിന് അനിവാര്യമായ കർക്കശ വ്യവസ്ഥകളെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പ്രതിപാദിച്ചിരിക്കുന്നതിനെക്കുറിച്ചും ഈ സമിതി സൂചിപ്പിക്കുന്നു. ഗുരുതരവും നീണ്ടുനില്ക്കുന്നതുമായ നഷ്ടങ്ങളും അനീതിയും ഉളവാക്കുന്ന ഒരു ആക്രമണത്തെ ചെറുക്കുന്നതിന് ആയുധങ്ങളെ അവലംബിക്കുമ്പോൾ മാത്രമാണ് അത് ന്യായീകരിക്കാവുന്നതാകുന്നത് എന്ന് കത്തോലിക്കാസഭയുടെ പ്രബോധനത്തിൻറെ അടിസ്ഥാനത്തിൽ ഈ സമിതി പറയുന്നു.

ആകയാൽ അക്രമത്തെ ന്യായീകരിക്കുന്നതിന് കത്തോലിക്കാസഭയുടെ ദൈവശാസ്ത്ര പാരമ്പര്യത്തെയും തങ്ങളെയും ഉപയോഗിക്കരുതെന്നും തങ്ങൾ നൽകുന്ന സാക്ഷ്യം യുദ്ധത്തിൻറെതല്ല പ്രത്യുത, പരിവർത്തനദായക സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സമത്വത്തിൻറെയും നീതിയുടെയും സമാധനത്തിൻറെയും സംഭാഷണത്തിൻറെയും അനുരഞ്ജനത്തിൻറെയുമാണെന്നും വിശുദ്ധനാട്ടിലെ ഈ നീതിസമാധന സമിതി വ്യക്തമാക്കുന്നു.

ഫീദെസ് വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2024, 11:26