തിരയുക

മനുഷ്യക്കടത്ത് മനുഷ്യക്കടത്ത് 

മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ എണ്ണത്തിൽ വർദ്ധന!

തൊഴിലിൻറെ മറയിൽ മനുഷ്യക്കടത്ത് വർദ്ധമാനമാകുന്നു. ആധുനിക സാങ്കേതികസംവിധാനങ്ങൾ മനുഷ്യക്കടത്തിനായി വിനിയോഗിക്കപ്പെടുന്നു. ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ നാമത്തിലുള്ള സംഘടനയാണ് ഈ വിവരങ്ങൾ നല്കിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൊഴിൽപരമായ ചൂഷണത്തിനിരകളാകുന്നവരുടെ സംഖ്യ വർദ്ധമാനമായിക്കൊണ്ടിരിക്കയാണെന്ന് ഇറ്റലി ആസ്ഥാനമായുള്ള ഒരു അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.

അനുവർഷം ജൂലൈ 30-ന് മനുഷ്യക്കടത്ത് വിരുദ്ധ ലോക ദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് പുറത്തു വിട്ട ഒരു പഠന റിപ്പോർട്ടിലാണ് ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ നാമത്തിലുള്ള “അസൊച്യാത്സിയോനെ കൊമുണിത്താ പാപ്പാ ജൊവാന്നി വെന്തിത്രെയേസിമൊ (ASSOCIAZIONE COMUNITA' PAPA GIOVANNI XXIII) തൊഴിലുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കൂടിയിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഇൻറർനെറ്റ് സംവിധാനങ്ങൾ, അതായത്, “ഓൺ ലൈൻ” ഉപാധികളാണ് തൊഴിൽദാതാക്കളായി ചമയുന്നവർ ഇതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്നും തൊഴിൽപരമായ ചൂഷണത്തോടു ചേർന്ന് ലൈംഗിക ചൂഷണവും പതിവാണെന്നും ഈ സംഘടന വ്യക്തമാക്കുന്നു.

പ്രാന്തവത്ക്കരണം, ദാരിദ്ര്യം എന്നിവയ്ക്കെതിരെ പോരാടുന്നതിനായി പ്രവർത്തിച്ചിരുന്ന വൈദികൻ ഒറേസ്തെ ബെൻത്സിയാണ് 1968-ൽ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ പേരിലുള്ള സംഘടന ഇറ്റലിയിൽ സ്ഥാപിച്ചത്. ഇന്ന് ഈ സമൂഹത്തിൻറെ പ്രവർത്തനം ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. ഭക്ഷണം, ഔഷധം, പാർപ്പിടം എന്നിങ്ങനെ പാവപ്പെട്ടവർക്കായി ബഹുമുഖ സേവനം നല്കിവരുന്നു ഈ സംഘടന.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 12:23