ക്രൈസ്തവികത ക്രൈസ്തവികത 

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഭാരതത്തിലെ ക്രൈസ്തവ നേതാക്കൾ!

ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദിയുടെ പ്രതിനിധികൾ ജൂലൈ 20-ന് കേന്ദ്ര ന്യൂനപക്ഷവകുപ്പു മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ചാ നടത്തി. പരിദേവനങ്ങൾ മന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ക്രൈസ്തവൈക്യവേദി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിക്കുന്നു.

ജൂലൈ 20-ന് ശനിയാഴ്ച കേന്ദ്ര ന്യൂനപക്ഷവകുപ്പു മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ക്രൈസ്തവൈക്യവേദിയുടെ എട്ടംഗ പ്രതിനിധിസംഘം ഈ ആവശ്യം ഉന്നയിച്ചത്.

മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്ന വസ്തുത ഈ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.പരിദേവനങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി കിരൺ സമ്മതിച്ചിട്ടുണ്ടെന്ന് ക്രൈസ്തവൈക്യവേദിയുടെ പ്രതിനിധി എ.സി.മൈക്കിൾ വെളിപ്പെടുത്തി.

ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം കർശനമായി നടപ്പിലാക്കിയിരിക്കുന്നത്.  പീഢനങ്ങൾ, കൊലപാതകം, വ്യജകുറ്റാരോപണങ്ങൾ, സാമൂഹ്യ ബഹിഷ്ക്കരണങ്ങൾ, ശവമടക്കിനുള്ള സ്ഥലം നിഷേധിക്കൽ തുടങ്ങിയ വിവിധങ്ങളായ 725-ലേറെ ക്രിസ്തീയവിരുദ്ധ സംഭവങ്ങൾ 2023-ൽ നടന്നിരുന്നു.നടപ്പുവർഷത്തിൽ ജൂൺ അവസാനം വരെ 361 ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2024, 12:21