ഉക്രൈയിൻ ജനതയ്ക്കു വേണ്ടി പുനരധിവാസ പദ്ധതിയുമായി ഇറ്റലിയിലെ കാരിത്താസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിലെ ജനങ്ങൾക്ക് അടിയന്തിര സഹായം നല്കാനും ആ ജനതയെ പുനരധിവസിപ്പീക്കാനുമായി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസിൻറെ ഇറ്റലിയിലെ ഘടകം ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
“ഉക്രൈയിൻ ജനതയുടെ അടിയന്തിര സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പിന്തുണ” എന്ന പേരിലുള്ള ഈ പദ്ധതി സൂപെർ (S.U.P.E.R - Support Ukrainian Population for the Emergency and Rehabilitation) എന്ന ആംഗല ചുരുക്കസംജ്ഞയിൽ ആണ് അറിയപ്പെടുന്നത്.
വികസനസഹകരണത്തിനായുള്ള ഇറ്റാലിയൻ വിഭാഗത്തിൻറെ സാമ്പത്തിക സഹായം ഇറ്റാലിയൻ കാരിത്താസ് നടപ്പാക്കുന്ന ഈ പദ്ധതിയ്ക്കുണ്ട്. കൂടാതെ സലേഷ്യൻ സന്ന്യാസ സമൂഹം, കാരിത്താസ് സ്പേസ് സംഘടന, ഉക്രൈയിൻ കാരിത്താസ്, ഉക്രൈയിനിലെ പൊൾത്താവ്, കമിയാൻസ്കെ, ഖാർക്കിവ് എന്നിവിടങ്ങളിലെ പ്രാദേശിക കാരിത്താസ് സംഘടനകൾ എന്നിവ ഈ പദ്ധതിയിൽ കൈകോർക്കുന്നു.
റഷ്യ ഉക്രൈയിനു നേർക്കു നടത്തുന്ന ആക്രമണം മൂലം പതിനായിരങ്ങൾ ആണ് പലായനത്തിന് നിർബന്ധിതരായിരിക്കുന്നത്. ഭക്ഷണം, ജലം, ഔഷധങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അഭാവം രൂക്ഷമാണ്. മാനവ ജീവിതം അന്നാട്ടിൽ ദുരിതപൂർണ്ണമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന “സൂപെർ” പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തൊമ്പത് ലക്ഷം (1900000) യൂറോ, അതായത്, ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് 17 കോടി 30 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: