ബുൾഗേരിയൻ ഓർത്തോഡോക്സ് സഭയ്ക്ക് പുതിയ പാത്രിയാർകീസ്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ബുൾഗേരിയൻ ഓർത്തോഡോക്സ് സഭയുടെ പാത്രിയർക്കീസ് ആയിരുന്ന നിയോഫിറ്റിൻ്റെ മരണശേഷം, ജൂൺ മാസം മുപ്പതാം തീയതി ഞായാറാഴ്ച അദ്ദേഹത്തിന്റെ പിൻഗാമിയായി 52 വയസുകാരനായ വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കൗൺസിൽ സമർപ്പിച്ച മൂന്നു സ്ഥാനാർഥികളിൽ ഏറെ പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു വിദിനിലെ ഡാനിൽ മെത്രാപ്പോലീത്ത. മറ്റു ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പുതിയ പാത്രിയാർകീസിന്റെ സ്ഥാനാരോഹണം നടന്നു. പുരോഹിതരും, അത്മായരും അടങ്ങുന്ന 140 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കൗൺസിലിൽ, 138 പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ ജൂൺ 20 നാണ് 14 മെത്രാപ്പോലീത്തമാർ സഭാ തിരഞ്ഞെടുപ്പ് കൗൺസിലിലേക്ക് വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയുടെ പേര് നിർദേശിച്ചത്. കത്തീഡ്രൽ ദേവാലയത്തിൽ വച്ച നടന്ന പുതിയ പാത്രിയാർകീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർകീസ്, ബർത്തലോമിയോ ഒന്നാമൻ, വത്തിക്കാൻ പ്രതിനിധിയായി മതസൗഹാർദ്ദത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കുർട്ട് കോച്, അപ്പസ്തോലിക് നുൺഷ്യോ മോൺസിഞ്ഞോർ ലുച്ചാനോ സുറിയാനി, ബുൾഗരിയുടെ പ്രസിഡന്റ് റുമെൻ രദേവ്, രാജാവ് സിമെയോനെ എന്നിവർ പങ്കെടുത്തു.
1972 മാർച്ച് 2 ന് സ്മോളിയൻ നഗരത്തിലാണ് പുതിയ പാത്രിയർകീസ് ആയ ഡാനിൽ മെത്രാപ്പോലീത്തയുടെ ജനനം. 2004 ൽ വൈദികനായ ഡാനിൽ തുടർന്ന് 2008 ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും, 2018 ൽ വിദിനിലെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യുകയും ചെയ്തു. വിദിനിലെ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ചുവരവെയാണ് ഈ പുതിയ നിയോഗത്തിനായി സഭ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: