മ്യന്മാർ, കിശോരതൊഴിൽ മഹാമാരിയുടെ പിടിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മൂന്നു പതിറ്റാണ്ടിലേറയായി ആഭ്യന്തര കലാപത്തിൻറെ പിടിയിൽ അമർന്നിരിക്കുന്ന മ്യാന്മാറിൽ ബാലവേല സ്ഫോടനാത്മകമാംവിധം വർദ്ധമാനമായിരിക്കയാണെന്ന് ഫീദെസ് വാർത്താ ഏജൻസി വെളിപ്പെടുത്തുന്നു.
അന്താരാഷ്ട്ര നിരീക്ഷകരുടെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഫീദെസ് വാർത്താ ഏജൻസി മ്യന്മാറിൽ കുഞ്ഞുങ്ങൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന അവസ്ഥയെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്.
ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് ജനങ്ങൾ,വിശിഷ്യ യുവതീയുവാക്കൾ പലായനം ചെയ്യുന്നത് അന്നാട്ടിൽ മാനവ തൊഴിൽശക്തിയിൽ സാരമായ കുറവുണ്ടാക്കിയരിക്കുന്ന പശ്ചാത്തലത്തിൽ തൊഴിൽ ദാതാക്കൾ കുട്ടികളെ ജോലിക്കെടുക്കുന്ന അവസ്ഥ സംജാതമായിരിക്കയാണെന്ന് ഫീദെസ് വാർത്താ ഏജൻസി വ്യക്തമാക്കുന്നു.
കുട്ടികളെ തൊഴിലാളികളാക്കുന്നത് കടുത്ത ബാലാവകാശധ്വംസനമാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വിദഗ്ദ്ധർ ഓർമ്മപ്പെടുത്തുന്നുവെന്നും മ്യന്മാറിൽ ആഭ്യന്തര സംഘർഷം മൂലം കൊടും ദാരിദ്ര്യത്തിൻറെ പിടിയിലായിരിക്കുന്ന കുടുംബങ്ങൾ, കുഞ്ഞുങ്ങളെ ജോലിക്കു വിടുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കയാണെന്നും ഫീദെസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ കാണുന്നു. മ്യന്മാറിലെ ജനങ്ങളിൽ 75 ശതമാനവും, അതായത്, 4 കോടി 20 ലക്ഷവും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: