തിരയുക

പലസ്തീനിൽ നിന്നുള്ള കാഴ്ച്ച പലസ്തീനിൽ നിന്നുള്ള കാഴ്ച്ച   (ANSA)

യുദ്ധത്തിൽ ഇരകളാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു

ഇസ്രായേൽ- പലസ്തീൻ സംഘർഷാവസ്ഥയിൽ മരണപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നുവെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ പലസ്തീൻ സംഘർഷം ആരംഭിച്ചതിനു ശേഷം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെടുന്ന പലസ്തീൻ കുട്ടികളുടെ എണ്ണം 250 ശതമാനം വർധിച്ചതായി യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2023 ഒക്ടോബർ മുതൽ, സ്ഥലത്തു രണ്ടു ദിവസത്തിലൊരിക്കൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ഇതുവരെ, 143 കുട്ടികളാണ് കൊല്ലപ്പെട്ടത്. അധികമായ വെടിമരുന്നിന്റെ ഉപയോഗം, ഏകദേശം 440 കുട്ടികളെയാണ് അതിതീവ്രമായ അപകടങ്ങളിലേക്ക് നയിച്ചത്.

ഗാസയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത രൂക്ഷമാകുന്നതിനാൽ, ദുർബലരായ കുട്ടികൾക്ക് സ്വൈര്യമായി ഒരു ജീവിതം നയിക്കുന്നതിനോ, വിദ്യാഭ്യാസം നേടുന്നതിനോ സാധിക്കുന്നില്ലെന്നും, അക്രമങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പോലും സാരമായി ബാധിക്കുന്നുവെന്നും, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പങ്കുവച്ചു. വെസ്റ്റ് ബാങ്കിൽ നടന്ന കൊലപാതകങ്ങളിൽ ഏറിയപങ്കും, ജെനിൻ, തുൽക്കാം , നബ്ലസ് എന്നിവിടങ്ങളിലാണ് നടന്നത്.

കുട്ടികളെ കൊല്ലുന്നതും അംഗഭംഗം വരുത്തുന്നതും ഉൾപ്പെടെ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കാൻ, പ്രസ്താവനയിലൂടെ സർക്കാരുകളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമപ്രകാരം, കുട്ടികളുടെ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കുവാനും,  കുട്ടികൾ ആരാണെന്നോ, എവിടെയാണെന്നോ പരിഗണിക്കാതെ അക്രമത്തിനു ഒരു കാരണവശാലും മുതിരരുതെന്നും പ്രസ്താവനയിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2024, 12:52