ഒന്നേകാൽ കോടിയോളം കുട്ടികൾ മനുഷ്യക്കടത്തിനും ചൂഷണങ്ങൾക്കും ഇരകളാകുന്നു: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അടിമത്തത്തിന്റെ വിവിധ ആധുനിക രൂപങ്ങളിൽ, ലോകത്തെമ്പാടുമായി ഒന്നേകാൽ കോടിയോളം കുട്ടികൾ മനുഷ്യക്കടത്തിനും ചൂഷണങ്ങൾക്കും ഇരകളാകുന്നുവെന്നും അടുത്ത കാലത്ത് ഈ പ്രവണത വർദ്ധിച്ചുവരികയാണെന്നും സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. യൂറോപ്പിൽ മാത്രം 2017 മുതൽ 2021 വരെയുള്ള അഞ്ചു വർഷങ്ങളിൽ 29000 പേരോളം മനുഷ്യക്കടത്തിന്റെ ഇരകളായിട്ടുണ്ടെന്നും, ലൈംഗിക ചൂഷണങ്ങൾക്കും നിയമപരമല്ലാത്ത ജോലികൾക്കുമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇവരിൽ പതിനാറ് ശതമാനത്തിനും 18 വയസ്സിൽ താഴെ മാത്രമാണ് പ്രായമുണ്ടായിരുന്നതെന്നും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ അന്ത്രരാഷ്ട്രസംഘടന വ്യക്തമാക്കി.
ലോകത്തെമ്പാടുമായി ഏതാണ്ട് അഞ്ച് കോടി ആളുകൾ വിവിധ തരങ്ങളിലുള്ള ആധുനിക അടിമത്തങ്ങൾക്ക് ഇരകളാകുന്നുണ്ടെന്നും, ഇവരിൽ ഒന്നേകാൽ കോടിയോളം പേർ പ്രായപൂർത്തിയാകാത്തവരാണെന്നും സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് ചെയ്‌തു. ഇവരിൽ നല്ലൊരു ശതമാനവും ലൈംഗിക ചൂഷണം, ബാലവേല, നിയമവിരുദ്ധ പ്രവൃത്തികൾ, ശൈശവ വിവാഹം തുടങ്ങി, നിർബന്ധിത തൊഴിലുകൾക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് സംഘടന വ്യക്തമാക്കി. നിർബന്ധിതമായി തൊഴിലെടുക്കാൻ നിയോഗിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്ത മുപ്പത്തിമൂന്ന് ലക്ഷത്തോളം പേരിൽ, പതിനേഴ് ലക്ഷത്തോളം പേർ ലൈംഗികചൂഷണങ്ങൾക്ക് വിധേയരാകുന്നു. ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം പേരാണ് തൊഴിലിടങ്ങളിൽ ചൂഷണങ്ങൾക്ക് വിധേയരാകുന്നത്. പ്രായപൂർത്തിയാകാത്ത 90 ലക്ഷത്തോളം പേരാണ് നിർബന്ധിത വിവാഹത്തിൽ ഏർപ്പെടേണ്ടിവന്നവർ. ഇവരിൽ 66 ശതമാനവും കിഴക്കൻ ഏഷ്യയിൽനിന്നുള്ളവരാണ്.
കോവിഡ് മഹാമാരി മൂലം ലോകം ബുദ്ധിമുട്ടിയ 2020-ൽ പോലും ലോകത്തെമ്പാടുമായി 53800 പേരാണ് ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും വിധേയരായത്. ഇവരിൽ 35 ശതമാനവും പ്രായപൂർത്തിയാകാത്തവരായിരുന്നു. മനുഷ്യക്കടത്തും, ചൂഷണങ്ങളും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരുടെ നേർക്കുള്ള ഇത്തരം അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന്, സർക്കാർ, സർക്കാരിതരസ്ഥാപനങ്ങളോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.
ലോകമെമ്പാടും, മനുഷ്യക്കടത്തിനെതിരെയുള്ള ആഗോളദിനം ജൂലൈ 30-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് "അദൃശ്യരായ കൊച്ചടിമകൾ" എന്ന പേരിൽ സേവ് ദി ചിൽഡ്രൻ ഈ റിപ്പോർട്ട് പുറത്തിറക്കിയത്. സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഇത്തരമൊരു പ്രതിഭാസം പുറത്തുകൊണ്ടുവരാനും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഇതുവഴി സംഘടന ലക്ഷ്യമിടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: