തിരയുക

മിതിലേനേയിലെ ഒരു അഭയാർത്ഥിക്യാമ്പിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം മിതിലേനേയിലെ ഒരു അഭയാർത്ഥിക്യാമ്പിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം  (Vatican Media)

ഗ്രീസിലേക്കുള്ള കുട്ടികളുടെ കുടിയേറ്റം നാലിരട്ടിയായി: സേവ് ദി ചിൽഡ്രൻ

മുൻ വർഷങ്ങളെ അപേക്ഷിച്ച്, ഈ വർഷം ഗ്രീസിലേക്ക് കുടിയേറിയ കുട്ടികളുടെ എണ്ണം നാലിരട്ടിയായതായി സേവ് ദി ചിൽഡ്രൻ. ഇവരിൽ നാലിലൊന്ന് പേരും മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ സാന്നിദ്ധ്യമില്ലാതെയാണ് ഇവിടെയെത്തിയിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണവും, അവർക്കുവേണ്ട സഹായസഹകരണങ്ങളും, നിയമപരമായ സംരക്ഷണവും ഉറപ്പുവരുത്താനും സേവ് ദി ചിൽഡ്രനും അഭയാർത്ഥികൾക്കായുള്ള ഗ്രീക്ക് സമിതിയും ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മുൻവർഷത്തെ അപേക്ഷിച്ച് 2024-ൽ നാളിതുവരെ എത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം നാലിരട്ടിയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഈ വർഷാരംഭം മുതൽ ഗ്രീസിലെത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം 6400 കവിഞ്ഞതായി സംഘടന വ്യക്തമാക്കി.

ഈ വർഷം ജനുവരി മുതൽ ജോൺ വരെയുള്ള കാലയളവിൽ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഈജിയൻ കടലിലൂടെ ഗ്രീസിന്റെ ദ്വീപുകളിൽ എത്തിയ കുട്ടികളുടെ എണ്ണം 5580 ആണ്. ഇവരെക്കൂടാതെ, 830 കുട്ടികൾ കരമാർഗ്ഗം ഗ്രീസിലെത്തിയതായും സേവ് ദി ചിൽഡ്രൻ അറിയിച്ചു. എന്നാൽ അതേസമയം 2023-ന്റെ ആദ്യപകുതിയിൽ 1280 കുട്ടികൾ മാത്രമാണ് ഗ്രീസിലെത്തിയത്.

ഗ്രീസിലെത്തിയ നാലിലൊന്ന് കുടിയേറ്റ കുട്ടികളും മാതാപിതാക്കളോ നിയമപരമായ രക്ഷകർത്താക്കളോ കൂടെയില്ലാതെയാണ് എത്തിയിട്ടുള്ളത്. ഏതാണ്ട് 1500 കുട്ടികളാണ് ഇങ്ങനെയുള്ളത്. രക്ഷാകർത്താക്കളില്ലാതെ ഗ്രീസിലെത്തുന്ന കുട്ടികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, അവർ വരുന്നയുടനെ അവർക്ക് നിയമപരമായ രക്ഷകർത്താക്കളെ നിയമിക്കണമെന്നും സേവ് ദി ചിൽഡ്രൻ സംഘടനയും അഭയാർത്ഥികൾക്കായുള്ള ഗ്രീസ് കൗൺസിലും ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഗ്രീസിലെത്തിയ അഭയാർഥികളിൽ ഭൂരിഭാഗത്തിന്റെയും അഭയാഭ്യർത്ഥനകൾ നിരസിക്കപ്പെട്ടതായി സേവ് ദി ചിൽഡ്രനും ഗ്രീസ് അഭയാർത്ഥി കൗൺസിലും അറിയിച്ചു. അഭയാർത്ഥി ക്യാമ്പുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും, രോഗ, ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി, ശുചിത്വസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏവർക്കും ലഭ്യമാക്കണമെന്നും ഇരുസംഘടനകളും ഗ്രീസ് അധികാരികളോട് ആവശ്യപ്പെട്ടു.

ജൂലൈ 17 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ്, യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാർത്ഥികളുടെ യാത്രയിൽ, ഗ്രീസിൽ കുട്ടികളുൾപ്പെടെയുള്ളവർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സേവ് ദി ചിൽഡ്രൻ ഓർമ്മപെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2024, 16:46