തിരയുക

പട്ടിണിയിലും പുഞ്ചിരി വിതറുന്ന മുഖങ്ങൾ പട്ടിണിയിലും പുഞ്ചിരി വിതറുന്ന മുഖങ്ങൾ 

ലോകത്ത് പട്ടിണിയുടെ ദുരിതമറിഞ്ഞ് എഴുപത്തിമൂന്ന് കോടി ജനങ്ങൾ: ഐക്യരാഷ്ട്രസഭ

ലോകത്ത് സംഘർഷങ്ങളും ഭിന്നതകളും വർദ്ധിച്ചുവരുന്നതിനൊപ്പം പട്ടിണിയനുഭവിക്കുന്ന ജനങ്ങളുടെ എണ്ണവും വർദ്ധിച്ചുവരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ സംയുക്തമായി പ്രസ്താവനയിറക്കി. ലോകത്ത് പതിനൊന്നിൽ ഒരാൾ വീതം പട്ടിണിയുടെ ദുരിതമറിയുന്നു. ലോകത്ത് അഞ്ചുവയസ്സിന് താഴെയുള്ളവരിൽ നാലിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തെമ്പാടുമായി എഴുപത്തിമൂന്ന് കോടി ജനങ്ങൾ പട്ടിണിയനുഭവിക്കുന്നെന്നും, നാലിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവിന്റെ ദൂഷ്യഫലങ്ങൾ നേരിടേണ്ടിവരുന്നെന്നും ഐക്യരാഷ്ടസഭയുടെ  ഭക്ഷ്യകർഷികസംഘടന, ശിശുക്ഷേമനിധി, കാർഷികവികസനഫണ്ട്, ലോകഭക്ഷ്യപദ്ധതി, ലോകാരോഗ്യസംഘടന എന്നീ അഞ്ചു സംഘടനകൾ സംയുക്തമായി പ്രസ്താവനയിറക്കി.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ലോകം നേരിടുന്ന പട്ടിണിനിരക്ക് വർദ്ധിച്ചുവരികയാണെന്നും, എന്നാൽ അതേസമയം ലോകത്ത് സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കണക്കുകൾ പ്രകാരം ലോകത്ത് പതിനൊന്നിൽ ഒരാൾ വീതം പട്ടിണി അനുഭവിക്കുന്നുണ്ടെന്നും, എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇത് അഞ്ചിലൊന്നായി വർദ്ധിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള കുട്ടികളിൽ നാലിലൊന്ന് പേരും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും സംഘടനകൾ പ്രസ്ഥവനയിൽ എഴുതി.

ലോകത്ത് ഇരുന്നൂറ്റിമുപ്പത് കോടിയിലധികം ജനങ്ങൾ ചെറുതും വലുതുമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് വ്യക്തമാക്കി. എന്നാൽ ഇവരിൽ എൺപത്തിയാറ് കോടിയോളം ആളുകൾ വൻ ഭക്ഷ്യസുരക്ഷാഭീഷണി നേരിട്ടിട്ടുണ്ടെന്നും സംഘടന റിപ്പോർട്ട് ചെയ്‌തു.

അതേസമയം പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കി. 2012-ൽ അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്നവരുടെ നിരക്ക് 12.1 ശതമാനം ആയിരുന്നപ്പോൾ, 2022-ലെത്തിയപ്പോൾ ഇത് 15.8 ശതമാനമായി വർദ്ധിച്ചു.

"ലോകഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരലഭ്യതയുടെയും സ്ഥിതി" എന്ന പേരിൽ, ജൂലൈ 24 ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് ലോകത്ത് മാനവികതയനുഭവിക്കുന്ന പട്ടിണിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ പ്രതിപാദിച്ചത്.

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ലോകം ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്ക് പിന്നിലേക്കാണ് പോയിരിക്കുന്നതെന്നും, 2008-2009 കാലയളവിന് തുല്യമായ സ്ഥിതിയിലൂടെയാണ് നാം  ഇപ്പോൾ കടന്നുപോകുന്നതെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2024, 16:14