തിരയുക

മജ്‌ദൽ ഷംസിൽ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റാക്രമണം നടന്നയിടം മജ്‌ദൽ ഷംസിൽ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റാക്രമണം നടന്നയിടം  (ANSA)

മജ്‌ദൽ ഷംസിലുണ്ടായ ആക്രമണത്തെ അപലപിച്ച് യൂണിസെഫ്

നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ അക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിൽ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂലൈ 28 ഞായറാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഈ കിരാതനടപടിക്കെതിരെ ശിശുക്ഷേമനിധി ശബ്ദമുയർത്തിയത്.

ശനിയാഴ്ച വൈകുന്നേരം മജ്‌ദൽ ഷംസിലുള്ള ഒരു ഫുടബോൾ മൈതാനത്തിനടുത്ത് നടന്ന ഈ ആക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടത് ഭയാനകവും ഹൃദയഭേദകവുമാണെന്നാണ് യൂണിസെഫ് എഴുതിയത്. എല്ലാ സാഹചര്യങ്ങളിലും കുട്ടികൾ സംരക്ഷിക്കപ്പെടെണമെന്നും, അവരുടെ ജീവനും, ഭാവിക്കും ഭീഷണിയുയർത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു.

ഒരു ഫുടബോൾ സ്റ്റേഡിയത്തിനടുത്തുണ്ടായ ആക്രമണത്തിൽ പത്തോളം കുട്ടികൾ കൊല്ലപ്പെട്ടതായും മുപ്പത്തിനടുത്ത് ആളുകൾക്ക് പരിക്കേറ്റതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അക്രമണത്തിനെതിരെ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രതികരണത്തെക്കുറിച്ച് അന്താരാഷ്ട്രസമൂഹം ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2024, 17:05