കഴിഞ്ഞദിവസം ആക്രമണം നേരിട്ട കുട്ടികൾക്കായുള്ള കിയെവിലെ ആശുപത്രിയുടെ ദൃശ്യം കഴിഞ്ഞദിവസം ആക്രമണം നേരിട്ട കുട്ടികൾക്കായുള്ള കിയെവിലെ ആശുപത്രിയുടെ ദൃശ്യം  (ANSA)

കിയെവിൽ ആക്രമിക്കപ്പെട്ട കുട്ടികളുടെ ആശുപതിയിലേക്ക് സഹായങ്ങളെത്തിച്ച് യൂണിസെഫ്

കിയെവിൽ ജൂലൈ 8 തിങ്കളാഴ്ച റഷ്യൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ട, കുട്ടികൾക്കായുള്ള, ഉക്രൈനിലെ തന്നെ വലിയ ആശുപത്രികളിൽ ഒന്നായ ഓക്മാത്ഡിറ്റ് ആശുപത്രിയിലേക്ക് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി സഹായസമഗ്രികളെത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 8 തിങ്കളാഴ്ച റഷ്യൻ ആക്രമണത്തിൽ ഭാഗികമായി തകർന്ന ഉക്രൈനിലെ കിയെവിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് സഹായസമഗ്രികളെത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂലൈ 9 ചൊവ്വാഴ്ച എക്‌സിൽ കുറിച്ച സന്ദേശങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശിശുക്ഷേമനിധി അറിയിച്ചത്.

ജൂലൈ 8-ആം തീയതിയുണ്ടായ ആക്രമണത്തെത്തുടർന്ന് കേടുപാടുകൾ നേരിട്ട കിയെവിലെ ഓക്മാത്ഡിറ്റ് കുട്ടികളുടെ ആശുപത്രിയിലേക്ക്, അത്യാഹിതവിഭാഗത്തിലേക്കുള്ള പ്രാഥമികശുശ്രൂഷാകിറ്റുകൾ, സൗരോർജ്ജവിളക്കുകൾ, ശുചിത്വകിറ്റുകൾ, കുട്ടികൾക്കായുള്ള മറ്റു സാമഗ്രികൾ എന്നിവ എത്തിച്ചുവെന്നായിരുന്നു യൂണിസെഫിന്റെ ഒരു സന്ദേശം.

ജൂലൈ 9-നു തന്നെ പുറത്തുവിട്ട മറ്റൊരു സന്ദേശത്തിൽ, ആശുപത്രിക്കുനേരെയുണ്ടായ ആക്രമണം മൂലം അവിടെയുണ്ടായിരുന്ന കുട്ടികളെ മറ്റു ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ചുവെന്നും, അവരുടെ ആവശ്യങ്ങൾ നേരിടാനായി, പ്രാദേശിക നേതൃത്വങ്ങളുമായും മറ്റു സഹകാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും യൂണിസെഫ് അറിയിച്ചു. ഇതോടൊപ്പം, ആക്രമണത്തിൽ ഉൾപ്പെട്ട മറ്റാളുകൾക്കും സഹായസഹകരണങ്ങൾ എത്തിക്കാൻ തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ശിശുക്ഷേമനിധി അറിയിച്ചിരുന്നു.

കുട്ടികളും സാധാരണ ജനങ്ങളും, പൊതുമേഖലാസ്ഥാപനങ്ങളും, അത്യാവശ്യസേവനങ്ങൾ നൽകുന്ന പ്രസ്ഥാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് യൂണിസെഫ് ഒരു സന്ദേശത്തിലൂടെ ഓർമ്മപ്പെടുത്തി. കുട്ടികൾക്കായുള്ള ആശുപത്രികളിൽ ഏറെ പ്രധാനപ്പെട്ടതും വലുതുമായ ആശുപത്രികളിൽ ഒന്നാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ ഉൾപ്പെട്ടതെന്ന് യൂണിസെഫ് അറിയിച്ചു.

സംഭവത്തിൽ കുട്ടികളുൾപ്പെടെ ഇരുപത്തിയൊൻപത് പേരെങ്കിലും കൊല്ലപ്പെടുകയും നൂറ്റിപ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2024, 14:51