ഈശോസഭാവൈദികർ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ നടത്തുന്ന ഒരു സ്‌കൂളിൽനിന്നുള്ള ചിത്രം ഈശോസഭാവൈദികർ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ നടത്തുന്ന ഒരു സ്‌കൂളിൽനിന്നുള്ള ചിത്രം 

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ കുട്ടികളുടെ ജീവിതം അപകടത്തിൽ: യൂണിസെഫ്

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുപ്പത് ലക്ഷം കുട്ടികളും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. മാനവികപ്രതിസന്ധിയിൽ ലോകത്തിലെ 191 രാജ്യങ്ങളിൽ പ്രഥമസ്ഥാനം മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്. പകുതിയോളം കുട്ടികൾക്കും ശുചിത്വസേവനം ലഭ്യമല്ല. മൂന്നിലൊന്ന് കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടുന്നത്. മൂന്നിൽ രണ്ടു പെൺകുട്ടികളും ബാലവിവാഹത്തിന് വിധേയരാകുന്നു. നാല്പത് ശതമാനം കുട്ടികളും ഭക്ഷ്യ അരക്ഷിതാവസ്ഥമൂലം ബുദ്ധിമുട്ടനുഭവിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്തോളം വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്ന  മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ കുട്ടികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി പ്രതിനിധി മെറിക്സെൽ റെലാഞ്ഞോ അരാന. ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രത്തിൽ ജൂലൈ രണ്ടാം തീയതി നടത്തിയ പ്രസ് കോൺഫറൻസിൽ സംസാരിക്കവേയാണ് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് യൂണിസെഫ് പ്രതിനിധി പ്രസ്താവന നടത്തിയത്.

ലോകത്തെ ഏറ്റവും തീവ്രമായ പ്രതിസന്ധികളിലൂടെയും ഇല്ലായ്മകളിലൂടെയുമാണ് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുപ്പത് ലക്ഷത്തോളം വരുന്ന കുട്ടികൾ കടന്നുപോകുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി. 191 ലോകരാജ്യങ്ങളിൽ മാനവികപ്രതിസന്ധികളുടെയും ദുരന്തങ്ങളുടെയും കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കാണെന്നത് രാജ്യം നേരിടുന്ന ഭയാനകമായ അവസ്ഥയെ വ്യക്തമാക്കുന്നതാണെന്ന് ശിശുക്ഷേമനിധി പ്രതിനിധി വ്യക്തമാക്കി. രാജ്യത്തെ കുട്ടികൾ ഏറ്റവും ഗൗരവമേറിയ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് യൂണിസെഫ് തങ്ങളുടെ പ്രസ്‌താവനയിൽ ഓർമ്മിപ്പിച്ചു.

രാജ്യത്ത് പകുതിയോളം കുട്ടികൾക്ക് ശുചിത്വസേവനസൗകര്യങ്ങൾ ലഭ്യമാകുന്നില്ലെന്നും, മുപ്പത്തിയേഴ് ശതമാനം കുട്ടികൾക്ക് മാത്രമേ സ്‌കൂൾവിദ്യാഭ്യാസം ലഭ്യമാകുന്നുള്ളൂവെന്നും യൂണിസെഫ് അറിയിച്ചു. രാജ്യത്ത് അറുപത്തിയൊന്ന് ശതമാനം പെൺകുട്ടികളും പതിനെട്ട് വയസ്സെത്തുന്നതിന് മുൻപ് വിവാഹിതരാകാൻ നിർബന്ധിതരാകുന്നുവെന്ന് അറിയിച്ച ശിശുക്ഷേമനിധി, രാജ്യത്ത് നാല്പത് ശതമാനത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

അന്താരാഷ്ട്രസമൂഹം മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിനെ, പ്രത്യേകിച്ച് അവിടുത്തെ കുട്ടികളെ മറക്കരുതെന്ന് യൂണിസെഫ് അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു. ന്യായീകരിക്കാനാകാത്ത രീതിയിലുള്ള അനീതികളാണ് രാജ്യത്തെ കുട്ടികൾ കടന്നുപോകുന്നതെന്നും, പ്രതീക്ഷയില്ലാത്ത ഭാവിയാണ് അവർക്കുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2024, 15:13