തിരയുക

കനത്ത ചൂടിലും വെയിലിലും ആശ്വാസം തേടി കുട്ടികൾ കനത്ത ചൂടിലും വെയിലിലും ആശ്വാസം തേടി കുട്ടികൾ  (ANSA)

കുട്ടികളുടെ ജീവനെടുത്ത് യൂറോപ്പിലെയും മധ്യേഷ്യയിലെയും താപനിലവർദ്ധനവ്: യൂണിസെഫ്

യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന ഉഷ്‌ണം പ്രതിവർഷം ഏതാണ്ട് നാനൂറോളം കുട്ടികളുടെ ജീവനെടുക്കുന്നുവെന്ന് യൂണിസെഫ്. ഈ രാജ്യങ്ങളിലെ കുട്ടികളുടെ പകുതിയോളം വരുന്ന ഒൻപതിലധികം കോടി കുട്ടികളാണ് കടുത്ത ഊഷ്‌ണതരംഗങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2021-ൽ മാത്രം താപവർദ്ധനവിന്റെ ഫലമായി യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലുമായി 377 കുട്ടികൾ മരണമടഞ്ഞെന്ന് യൂണിസെഫ്. യൂറോപ്പിലെയും മധ്യേഷ്യയിലെയുമായി ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ, ജൂലൈ 24 ബുധനാഴ്ച പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് വർദ്ധിച്ചുവരുന്ന ഊഷ്‌ണതരംഗങ്ങൾ മൂലം കുട്ടികൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചത്.

"ഉഷ്‌ണത്തെ പ്രതിരോധിക്കുക: ഉഷ്‌ണതരംഗങ്ങൾക്കടയിൽ യൂറോപ്പിലെയും മധ്യേഷ്യയിലെയും കുട്ടികളുടെ ആരോഗ്യം" എന്ന പേരിൽ ശിശുക്ഷേമനിധി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഏതാനും വർഷങ്ങളായി പ്രതിവർഷം നാനൂറോളം കുട്ടികൾ ചൂട് മൂലം മരണമടഞ്ഞുവെന്നും, ഇവരിൽ പകുതിയോളം കുട്ടികളും ഒരു വയസ്സെത്തുന്നതിന് മുൻപുതന്നെ, ചൂടുമൂലമുള്ള രോഗങ്ങൾക്ക് വിധേയരായാണ് മരണമടഞ്ഞതെന്നും യൂണിസെഫ് വ്യക്തമാക്കി. വേനൽക്കാലത്താണ് കൂടുതൽ കുട്ടികളും മരണമടഞ്ഞത്.

യൂറോപ്പിലെയും മധ്യേഷ്യയിലെയും കുട്ടികളിൽ പകുതിയോളം കുട്ടികളും, കടുത്ത ഊഷ്‌ണതരംഗങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന്  യൂണിസെഫിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഏതാണ്ട് ഒൻപത് കോടി ഇരുപത് ലക്ഷം കുട്ടികളാണ് ഇത്തരം കടുത്ത ഉഷ്‌ണതരംഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.

യൂറോപ്പിലെയും മധ്യേഷ്യയിലെയും താപനില, ആഗോളതാപനിലയോട് കൂടുതൽ അടുത്തുവരികയാണെന്നും, കുറഞ്ഞ കാലത്തേക്കാണെങ്കിലും, ഈ പ്രദേശങ്ങളിലെ കുട്ടികൾ കടുത്ത ചൂടനുഭവിക്കേണ്ടിവരുന്നത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും, യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ റെജീന ദേ ദൊമിനിച്ചിസ് പ്രസ്‌താവിച്ചു.

കടുത്ത ചൂട് ഗർഭസ്ഥശിശുക്കളിലും പ്രതികൂലഫലങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ യൂണിസെഫ് പ്രതിനിധി, ഇത്, പ്രായം തികയാതെയുള്ള ജനനം, ഭാരക്കുറവ്, ഗർഭസ്ഥശിശുക്കളുടെ മരണം, വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പ്രസ്താവിച്ചു.

ഉഷ്‌ണതരംഗങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്ന പ്രവൃത്തികൾ കുറയ്ക്കാനും, കുട്ടികളുടെ ആരോഗ്യം ലക്‌ഷ്യം വച്ച് പ്രവർത്തിക്കാനും യൂണിസെഫ് ആവശ്യപ്പെട്ടു. താപനിലവർദ്ധനവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ചൂട് മൂലം കുട്ടികളിലുണ്ടാകുന്ന രോഗങ്ങൾ ഭേദപ്പെടുത്താനുമായി ധനനിക്ഷേപം നടത്താനും യൂണിസെഫ് ആഹ്വാനം ചെയ്‌തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിൽ താപനില കുറയ്ക്കുന്നതിന് വിദ്യാഭ്യാസസമുച്ചയങ്ങളുടെ നിർമ്മാണമുൾപ്പെടയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും, ശുദ്ധജലവിതരണം ഉറപ്പാക്കാനും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2024, 17:05