തിരയുക

ലിംഗപരമായ അതിക്രമങ്ങൾക്കെതിരെ ലിംഗപരമായ അതിക്രമങ്ങൾക്കെതിരെ  (ANSA)

ലിംഗപരമായ അതിക്രമങ്ങൾ നേരിട്ടവർക്ക് സഹായമെത്തിക്കുന്നവർക്കായി ഓൺലൈൻ പാഠ്യപദ്ധതി

ലിംഗപരമായ അതിക്രമങ്ങൾ നേരിട്ടവർക്ക് സഹായമെത്തിക്കുന്ന ഭാഷാ-സാംസ്കാരിക മധ്യസ്ഥർക്കായി ഓൺലൈൻ പാഠ്യപദ്ധതിയൊരുക്കി ഐക്യരാഷ്ട്രസഭയും കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്രസംഘടനയും. ജൂലൈ 31 ബുധനാഴ്ച പുറത്തുവിട്ട സംയുക്തപ്രസ്താവനയിലാണ് ലിംഗപരമായ അതിക്രമങ്ങൾ നേരിട്ടവർക്ക്, ഭാഷാസംസ്കാരികവ്യത്യാസങ്ങൾ മനസ്സിലാക്കി, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന സന്നദ്ധസേവകർക്കായി ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്രസംഘടനയും (International Organization for Migration - IOM) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (UNICEF), കുടിയേറ്റക്കാർക്കായുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറും (United Nations High Commissioner for Refugees) ചേർന്ന്, ലിംഗപരമായ അതിക്രമങ്ങൾക്ക് ഇരകളായവർക്കുവേണ്ടി സഹായമെത്തിക്കുന്ന ഭാഷാ-സാംസ്‌കാരിക മധ്യസ്ഥർക്കായി പ്രത്യേക പരിശീലനപരിപാടി ആരംഭിച്ചു. വ്യത്യസ്ത സാംസ്‌കാരിക-ഭാഷാപശ്ചാത്തലമുള്ള ആളുകൾക്ക് നൽകുന്ന ഇത്തരം സേവനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന്, ജൂലൈ 31-ന് ആരംഭിച്ച ഈ ഓൺലൈൻ കോഴ്‌സിനെക്കുറിച്ച് ഇതേദിവസം പുറത്തിറക്കിയ സംയുക്തപ്രസ്‌താവനയിൽ, അഭിപ്രായപ്പെട്ട സംഘടനകൾ, ഈ മേഖലയിൽ പരസ്പരധാരണയും, ആശയവിനിമയവും സുഗമമാക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും, വനിതാ അഭയാർത്ഥി കമ്മീഷനും ചേർന്ന് മുൻപ് ഒരുക്കിയിരുന്ന പാഠ്യപദ്ധതിയാണ് നിലവിൽ തങ്ങൾ മാതൃകയായി സ്വീകരിച്ചിട്ടുള്ളതെന്ന് സംഘടനകൾ വ്യക്തമാക്കി. ലിംഗപരമായ അതിക്രമങ്ങൾക്ക് ഇരകളായവർക്ക് സേവനം നൽകുന്ന വിദഗ്ധരുടെ സഹകരണവും, കൃത്യമായ പ്രവർത്തനരീതികളും ഉറപ്പാക്കിക്കൊണ്ടായിരിക്കും പാഠ്യപദ്ധതി മുന്നോട്ടു കൊണ്ടുപോവുകയെന്നും സംയുക്തപ്രസ്താവനയിൽ സംഘടനകൾ വ്യക്തമാക്കി.

വിവിധസംസ്കാരങ്ങളിലും, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും നിന്നുള്ള ആളുകളുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശീലനപരിപാടി തയ്യാറാക്കിയിട്ടുള്ളത്.

അക്രമങ്ങളെ അതിജീവിച്ച ആളുകളെ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നതിനും, അവർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി, പ്രാദേശികമായ സഹകരണം ഉൾപ്പെടെ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതി പരിശ്രമിക്കുമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകളും അഭയാർത്ഥികൾക്കായുള്ള അന്താരാഷ്ട്രസംഘടനയും വ്യക്തമാക്കി.

കുടിയേറ്റത്തിലൂടെ യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും കടന്നുവരുന്ന ആളുകൾ അവരുടെ രാജ്യങ്ങളിലും, യാത്രാവേളയിലും ലിംഗപരമായ അതിക്രമങ്ങൾ നേരിട്ടിട്ടുണ്ടാകാമെന്നും, അതുകൊണ്ടുതന്നെ ഇത്തരമൊരു പരിശീലനപരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കുടിയേറ്റക്കാർക്കായുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷന്റെ ഇറ്റലിയിലേക്കുള്ള പ്രതിനിധി ക്യാര കാർദൊലേത്തി വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2024, 15:19