തിരയുക

ലിംഗപരമായ അക്രമങ്ങൾക്കെതിരെ ലിംഗപരമായ അക്രമങ്ങൾക്കെതിരെ  (ANSA)

ലിംഗപരമായ അക്രമങ്ങൾക്കെതിരെ "പ്ലേ സേഫ്" പ്രോഗ്രാം തയാറാക്കി യൂണിസെഫ്

ഇന്റർനെറ്റ് വഴി നടക്കുന്ന ലിംഗപരമായ അതിക്രമങ്ങൾ തിരിച്ചറിയാനും, അവയ്‌ക്കെതിരെ പ്രതികരിക്കാനും "പ്ലേ സേഫ്" എന്ന പേരിൽ കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിൽ ഇറ്റലിയിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം, മുൻപ് ഗ്രീസിലും ലഭ്യമാക്കിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലൈംഗിക അധിക്ഷേപങ്ങളും ആക്രമണങ്ങളും തിരിച്ചറിയാനും, അവയ്‌ക്കെതിരെ ശരിയായ രീതിയിൽ പ്രതികരിക്കാനും യുവജനങ്ങളുൾപ്പെടെയുള്ള ആളുകളെ സഹായിക്കാനായി "പ്ലേ സേഫ്" എന്ന പേരിൽ പുതിയ ഒരു കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തയ്യാറാക്കി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ പ്രോഗ്രാമിലുള്ള കളികൾ വഴി, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഇന്റർനെറ്റ് വഴിയുള്ള ലിംഗപരമായ അതിക്രമങ്ങളെ കൃത്യമായി തിരിച്ചറിയാനും, ഫലപ്രദമായ രീതിയിൽ പ്രതികരിക്കാനും സഹായമേകുന്ന പദ്ധതിയാണ് യൂണിസെഫ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 29 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ശിശുക്ഷേമനിധി പത്രക്കുറിപ്പിറക്കിയത്.

കഴിഞ്ഞ നാളുകളിൽ ഇറ്റലിയിലെ ഓൺലൈൻ അതിക്രമങ്ങൾ ഏറെ ആശങ്കയുളവാക്കുന്ന രീതിയിൽ വളർന്നുവരികയാണെന്നും, രാജ്യത്ത് 2023-ൽ മാത്രം ഏതാണ്ട് എണ്ണൂറോളം ഓൺലൈൻ അതിക്രമക്കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്നും യൂണിസെഫ് വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ 10-നും 13-നും ഇടയിൽ പ്രായമുള്ളവർ ഏറെയുണ്ടെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി. തങ്ങൾ അടുത്തിടെ നടത്തിയ ഒരു അന്വേഷണത്തിൽ, ഇറ്റലിയിലെ 37 ശതമാനം കുട്ടികളും യുവജനങ്ങളും വിദ്വേഷകരമായ സന്ദേശങ്ങൾക്കും 34 ശതമാനം പേരും അക്രമോത്സുകമായ ചിത്രങ്ങൾക്കും ഇരകളാകുന്നുണ്ടെന്ന് സംഘടന വിശദീകരിച്ചു.

ലൈംഗികപരമായ കാര്യങ്ങൾ ഉഭയസമ്മതപ്രകാരമല്ലാതെ പ്രചരിപ്പിക്കൽ, അനുവാദമില്ലാതെ മറ്റുള്ളവരുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കൽ, ഭീഷണികൾ, വ്യക്തികളെ ഓൺലൈനിൽ ബുദ്ധിമുട്ടുളവാക്കുന്ന തരത്തിൽ അവരെ പിന്തുടരുന്നത്, മോശം സന്ദേശങ്ങളയക്കൽ പോലെയുള്ള മാർഗ്ഗങ്ങളിലൂടെയാണ് ഓൺലൈൻ അതിക്രമങ്ങൾ അരങ്ങേറുന്നത്. ഇവയ്ക്ക് ഇരകളാകുന്നവർ ശാരീരീരികവും മാനസികവുമായ പിരിമുറുക്കവും ഗുരുതര പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ടന്ന് യൂണിസെഫ് വ്യക്തമാക്കി. ഇങ്ങനെയുള്ള അതിക്രമങ്ങൾക്കെതിരെ ശരിയായ രീതിയിൽ പ്രതികരിക്കാനായാണ് യൂണിസെഫ് ഇറ്റലിയിലെ ദിയോത്തിമ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യമായി ഈ പ്രോഗ്രാം ലഭ്യമാക്കിയത്.

മുൻപുതന്നെ ഗ്രീസിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം, വിവിധ കളികൾ വഴി, ഓൺലൈനിലൂടെ മറ്റുള്ളവരിൽനിന്നുണ്ടാകുന്ന ലൈംഗികപരമായ അതിക്രമങ്ങൾ തിരിച്ചറിയാനും, പ്രതികരിക്കാനും സഹായിക്കുന്നതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2024, 16:55