തിരയുക

ഒരു ഫ്രാൻസിസ്കൻ വൈദികനോപ്പം നടന്നുനീങ്ങുന്ന ലെബനോൻ കുട്ടികൾ - ഫയൽ ചിത്രം ഒരു ഫ്രാൻസിസ്കൻ വൈദികനോപ്പം നടന്നുനീങ്ങുന്ന ലെബനോൻ കുട്ടികൾ - ഫയൽ ചിത്രം 

മധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾ കുട്ടികളുടെ ജീവിതം താറുമാറാക്കുന്നു: യൂണിസെഫ്

പാലസ്തീന-ഇസ്രായേൽ പ്രശ്‌നം ഉൾപ്പെടെയുള്ള യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ഗാസാ പ്രദേശത്തും ലെബനോനിലും കുട്ടികളുടെ ജീവിതം ബുദ്ധിമുട്ടിലാകുന്നുവെന്ന് യൂണിസെഫ്. സംഘർഷങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം ജനങ്ങളും കുടിയിറക്കപ്പെട്ടുവെന്നും, ലെബനോനിൽ കഴിഞ്ഞദിവസം ഉണ്ടായ ബോംബാക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പ്രസ്താവിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിൽ ജൂലൈ 17 ബുധനാഴ്ച ഇതുസംബന്ധിച്ച് യൂണിസെഫ് രണ്ടു വ്യത്യസ്ത സന്ദേശങ്ങൾ കുറിച്ചു.

ഗാസായിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം, അവിടെയുണ്ടായിരുന്ന ആളുകളിൽ തൊണ്ണൂറ് ശതമാനം ആളുകളും 2023 ഒക്ടോബർ മുതൽ സ്വഭവനങ്ങളിൽനിന്നും കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് യൂണിസെഫ് എഴുതി. ഇവരിൽ പലരും കുട്ടികളാണെന്നും യൂണിസെഫ് വ്യക്തമാക്കി. കുടിയിറക്കപ്പെട്ട ആളുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭ്യമല്ലെന്ന് എഴുതിയ യൂണിസെഫ്, ഇസ്രായേൽ-പാലസ്തീന-ലെബനോൻ സംഘർഷങ്ങൾ അവസാനിപ്പിക്കാനും, നീണ്ടുനിൽക്കുന്ന വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആഹ്വാനം ചെയ്തു.

തെക്കൻ ലെബനോനിൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ മറ്റു മൂന്ന് കുട്ടികൾകൂടി കൊല്ലപ്പെട്ടതായും യൂണിസെഫ് എക്‌സിൽ കുറിച്ചു. സ്വഭവനങ്ങൾക്ക് മുന്നിലാണ് ഈ കുട്ടികൾ കൊല്ലപ്പെട്ടതെന്ന് അറിയിച്ച ശിശുക്ഷേമനിധി, അന്താരാഷ്ട്രമാനവിക നിയമപ്രകാരം കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് ഓർമ്മിപ്പിച്ചു. മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങളെ പ്രത്യേകം പരാമർശിച്ച യൂണിസെഫ്, നിലവിലെ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം, കുട്ടികൾ അപകടഭീതിയിലാണ് ജീവിക്കേണ്ടിവരികയെന്ന് ഓർമ്മിപ്പിച്ചു.

നാളിതുവരെയുള്ള പാലസ്തീന-ഇസ്രായേൽ യുദ്ധത്തിൽ ഗാസാ പ്രദേശത്ത് മുപ്പത്തിയെണ്ണായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലെബാനോനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളിൽ കഴിഞ്ഞ ദിവസം ലെബനോനിലുള്ള ബിൻത് ജെബെയ്‌ലിൽ മറ്റു മൂന്നുപേർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2024, 16:40